കൊല്ലം: പുറ്റിങ്ങല്‍ ദേവീക്ഷേത്ര വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട സെഷന്‍സ് കേസ് നമ്പര്‍ 1734/2023ന്റെ വിചാരണയ്ക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. വിചാരണയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിശദീകരണവും ബന്ധപ്പെട്ട രേഖകളും പരിശോധിക്കുന്നതിനായി സമയം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ജി. ഗിരീഷ് ഉത്തരവിട്ടത്.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതിന്റെ കാരണങ്ങള്‍ സംബന്ധിച്ച ഒന്നാം പ്രതിയായ സര്‍ക്കാരിന്റെ വിശദീകരണം കോടതിയില്‍ സമര്‍പ്പിക്കുന്നതിനും ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കുന്നതിനുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹ്രസ്വമായ സമയം ആവശ്യപ്പെട്ടു. മൂന്നാം എതിര്‍കക്ഷിയും കൗണ്ടര്‍ സമര്‍പ്പിക്കുന്നതിന് സമയം ആവശ്യപ്പെട്ടു.
തുടര്‍ന്ന് കേസ് ഈ മാസം 14-ന് പരിഗണിക്കുന്നതിനായി മാറ്റി. അതുവരെ പുറ്റിങ്ങല്‍ ദേവീക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണയ്ക്ക് ഇടക്കാല സ്റ്റേ ഉണ്ടായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അഡ്വ. കെ.പി. ജബ്ബാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
അഡ്വ. കെ. ഗോപാലകൃഷ്ണ കുറുപ്പ് ഹര്‍ജിക്കാരനുവേണ്ടി ഹാജരായി. അഡ്വ. ജോണ്‍സണ്‍ ഗോമസും അഡ്വ. സഞ്ജയ് ജോണ്‍സണും മൂന്നാം എതിര്‍കക്ഷിക്കുവേണ്ടിയും പബ്ലിക് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിനുവേണ്ടിയും ഹാജരായി.



























