28.1 C
Kollam
Monday 7th September, 2026 | 09:51:10 PM
Home News Breaking News കരുവാറ്റ കൊലക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ജുവനൈല്‍ കോടതിയുടെ അസാധാരണ...

കരുവാറ്റ കൊലക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ജുവനൈല്‍ കോടതിയുടെ അസാധാരണ ഉത്തരവ്

ആലപ്പുഴ: നാടിനെ നടുക്കിയ കരുവാറ്റ കൊലക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ആലപ്പുഴ ജുവനൈല്‍ കോടതിയുടെ അസാധാരണ ഉത്തരവ്. 13 വയസ്സുകാരി ഉള്‍പ്പെടെ കുറ്റകൃത്യത്തില്‍ പങ്കാളികളായ മുഴുവന്‍ പേരും മൈനറുകളായ കൊലക്കേസ് നിയമചരിത്രത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ സുപ്രധാന നടപടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ വ്യവസ്ഥയില്ലെന്നും ഇത്തരത്തിലുള്ള മുന്‍കാല കോടതി വിധികളില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങള്‍ തള്ളിയാണ് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചത്.

അടച്ചിട്ട വീട്ടിനകത്ത് രാത്രിയില്‍ അതിക്രമിച്ചു കയറിയാണ് പ്രതികള്‍ അരുംകൊല നടത്തിയത്. സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷികളില്ല. പിടിയിലായ കുട്ടികള്‍ മാത്രമാണ് കൊലപാതകത്തില്‍ പങ്കാളികളായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പ്രതികളെ സ്ഥലത്തെത്തിച്ച് ശാസ്ത്രീയ തെളിവെടുപ്പ് നടത്താന്‍ വിട്ടുകിട്ടിയില്ലെങ്കില്‍ കേസ് വിചാരണവേളയില്‍ ദുര്‍ബലപ്പെടുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തി. കുട്ടികളെ പൊലീസ് ലോക്കപ്പിലോ സാധാരണ ജയിലിലോ പാര്‍പ്പിക്കരുതെന്ന് മാത്രമാണ് ജുവനൈല്‍ ജസ്റ്റിസ് നിയമം അനുശാസിക്കുന്നത്. പൊലീസ് കസ്റ്റഡിയെക്കുറിച്ച് ജുവനൈല്‍ നിയമത്തില്‍ പ്രത്യേക നിരോധനമോ പരാമര്‍ശമോ ഇല്ലാത്ത പക്ഷം, ക്രിമിനല്‍ നടപടിച്ചട്ടത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും പൊതുവ്യവസ്ഥകള്‍ കണക്കിലെടുത്ത് പ്രതികളെ അന്വേഷണസംഘത്തിന് കൈമാറണമെന്ന പ്രോസിക്യൂഷന്റെ നിയമപരമായ വാദം കോടതി ശരിവെക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here