29.7 C
Kollam
Sunday 6th September, 2026 | 07:07:21 PM
Home Lifestyle Entertainment 250 കോടി പിന്നിട്ട് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; ഇനി ലക്ഷ്യം എമ്പുരാനും ലോകയും

250 കോടി പിന്നിട്ട് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; ഇനി ലക്ഷ്യം എമ്പുരാനും ലോകയും

കൊച്ചി: നിവിന്‍ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. ആഗോള കളക്ഷന്‍ 250 കോടി രൂപ പിന്നിട്ടതോടെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളുടെ പട്ടികയിലും ചിത്രം അതിവേഗം മുന്നേറി.
പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പ്രകാരം ഒറ്റ ദിവസത്തെ മുന്നേറ്റത്തില്‍ തന്നെ ‘തുടരും’, ‘വാഴ 2’, ‘ദൃശ്യം 3’, ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്നീ ചിത്രങ്ങളുടെ ലൈഫ് ടൈം കളക്ഷന്‍ മറികടന്നാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ മുന്നേറിയത്. ‘തുടരും’ 234235 കോടിയും ‘വാഴ 2’ ഏകദേശം 234236 കോടിയും നേടിയപ്പോള്‍ ‘ദൃശ്യം 3’ 238.61 കോടിയും ‘മഞ്ഞുമ്മല്‍ ബോയ്സ്’ 242.30 കോടിയുമാണ് ആഗോളതലത്തില്‍ നേടിയത്.

250 കോടി പിന്നിട്ടതോടെ മലയാള സിനിമയുടെ ആഗോള കളക്ഷന്‍ പട്ടികയില്‍ മുന്‍നിരയിലേക്ക് ചിത്രം എത്തി. ഇനി മുന്നിലുള്ളത് ‘എമ്പുരാന്‍’, ‘ലോക: ചാപ്റ്റര്‍ 1 ചന്ദ്ര’ എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രം. ‘എമ്പുരാന്‍’ 265268 കോടി രൂപയും ‘ലോക’ 300 കോടിക്ക് മുകളിലുമാണ് നേടിയിട്ടുള്ളത്. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ ‘എമ്പുരാനെ’ മറികടക്കാനുള്ള സാധ്യതയും ശക്തമാണ്. അതിന് പിന്നാലെ 300 കോടി ക്ലബ്ബാണ് ചിത്രത്തിന്റെ അടുത്ത ലക്ഷ്യം.

നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 200 കോടി, ആദ്യ 250 കോടി ചിത്രമെന്ന പ്രത്യേകതയും ‘ബെത്ലഹേം കുടുംബ യൂണിറ്റി’നുണ്ട്. ‘പ്രേമം’ കാലത്തെ സ്വാഭാവികമായ സ്‌ക്രീന്‍ പ്രസന്‍സും കുടുംബപ്രേക്ഷകരുമായുള്ള അടുപ്പവും വീണ്ടും വലിയ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് വിലയിരുത്തല്‍. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണിതെന്ന് നിവിന്‍ പോളിയും പ്രതികരിച്ചിരുന്നു.

മമിത ബൈജുവിനും ചിത്രത്തിന്റെ വിജയം നിര്‍ണായകമാണ്. 2026ല്‍ 200 കോടി പിന്നിട്ട മൂന്ന് ചിത്രങ്ങളുടെ ഭാഗമായ ഏക ഇന്ത്യന്‍ നടിയാണ് മമിതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ജനനായകന്‍’, ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’, ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്നിവയാണ് ഈ ചിത്രങ്ങള്‍.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിന് കുടുംബപ്രേക്ഷകരില്‍നിന്നാണ് പ്രധാനമായും മികച്ച പ്രതികരണം ലഭിച്ചത്. റിലീസിന്റെ മൂന്നാം വാരത്തിലും കളക്ഷനില്‍ കാര്യമായ ഇടിവില്ലാതെ ചിത്രം മുന്നേറുകയാണ്. പതിനഞ്ചാം ദിവസം ഇന്ത്യയിലെ കളക്ഷനില്‍ 44 ശതമാനത്തിലേറെ വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെ പതിനാറാം ദിവസവും വളര്‍ച്ച തുടരുകയായിരുന്നു. ശക്തമായ വാക്ക് ഓഫ് മൗത്താണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന്.

സംവിധായകന്‍ ഗിരീഷ് എ.ഡി. ഉള്‍പ്പെടെ ചിത്രത്തിന്റെ മുഴുവന്‍ ടീമിനുമുള്ള വലിയ വിജയമായാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റി’ന്റെ നേട്ടം വിലയിരുത്തപ്പെടുന്നത്. മൂന്നാം വാരത്തിലും തിയേറ്ററുകളില്‍ ശക്തമായി തുടരുന്ന കുടുംബചിത്രമെന്ന നിലയില്‍ ചിത്രം ഇതിനകം ശ്രദ്ധേയമായി. ഇനി ‘എമ്പുരാനെ’ മറികടക്കുമോ, 300 കോടി പിന്നിട്ട് ‘ലോക’യ്ക്ക് വെല്ലുവിളിയാകുമോ എന്ന ആകാംക്ഷയിലാണ് ബോക്സ് ഓഫീസ് നിരീക്ഷകരും പ്രേക്ഷകരും.

LEAVE A REPLY

Please enter your comment!
Please enter your name here