പാലക്കാട്.അട്ടപ്പാടിയിലെ ഭവാനിപ്പുഴയില്‍ യുവതിയുടെയും പിഞ്ചുകുഞ്ഞിന്റെയുംമൃതദേഹങ്ങള്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍പ്രതി പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശിയായ പ്രോവത് ദാസ് ആണ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. പശ്ചിമബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്
കൊല്ലപ്പെട്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും പെണ്‍കുട്ടി തന്റേതല്ലെന്നുമാണ് പ്രതി പോലീസിന് നല്‍കിയിരിക്കുന്ന പ്രാഥമിക മൊഴി. കൊല്ലപ്പെട്ട യുവതിയുമായി കഴിഞ്ഞ രണ്ടു മാസത്തെ പരിചയം മാത്രമാണ് തനിക്കുള്ളതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ കൂടുതല്‍ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൊലപാതകത്തിന്റെ ചുരുളഴിയുകയുള്ളൂ.
പുതൂര്‍ ചീരക്കടവില്‍ ഭവാനിപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ ഞായറാഴ്ച ഉച്ചയോടെയാണ് ദുരൂഹമായ മൂന്ന് ചാക്കുകെട്ടുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പുഴയില്‍ തങ്ങിനിന്ന ചാക്കുകള്‍ക്കുള്ളില്‍ അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ മനുഷ്യശരീരങ്ങള്‍ കണ്ടെത്തിയത്. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെയും അഞ്ച് വയസ്സ് പ്രായം കണക്കാക്കുന്ന പെണ്‍കുഞ്ഞിന്റെയുമാണ് മൃതദേഹങ്ങള്‍. അടിവസ്ത്രങ്ങള്‍ മാത്രമുള്ള നിലയിലായിരുന്നു ഇരുവരുടെയും ശരീരങ്ങള്‍

































