പാലക്കാട്: അട്ടപ്പാടിയില്‍ യുവതിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ ചാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെക്കുറിച്ച് സൂചന. ഒരു ചാക്കില്‍ നിന്ന് നിര്‍ണായക വിവരം പൊലീസിന് ലഭിച്ചു. കോയമ്പത്തൂരില്‍ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങളുമായി എത്തിച്ച ചാക്ക് എന്നാണ് സൂചന. ചാക്കിലെ എഴുത്തുകളില്‍ നിന്നാണ് ഇത് വ്യക്തമായത്. പുതൂര്‍ പൊലീസ് ഇക്കാര്യങ്ങള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം തുടങ്ങി.
പ്രതിയെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചു.പശ്ചിമ ബംഗാളില്‍ നിന്നും അടുത്തിടെ വന്ന തോട്ടം തൊഴിലാളിയായ ഒരാളാണ് പ്രതിയെന്നാണ് പറയുന്നത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന പേരിലാണ് ആക്രമണം നടത്തിയത്. അട്ടപ്പാടി ഭവാനിപ്പുഴയില്‍ കണ്ടെത്തിയ ചാക്കുകള്‍ക്കകത്ത് അമ്മയുടെയും പെണ്‍കുഞ്ഞിന്റെയും മൃതദേഹമെന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യയെയും മകളെയും ഒറ്റക്ക് കൊലപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. .
രണ്ട് ചാക്കിലായിട്ടാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. അമ്മയുടെയും കുഞ്ഞിന്റെയും ഉള്‍പ്പെടെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നും മൃതദേഹങ്ങള്‍ക്ക് നാലു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നും പൊലീസ് പറയുന്നു. പശുവിനെ മേയ്ക്കാന്‍ പോയവരാണ് ചാക്ക് കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

































