Home Blog Page 843

വിഷു, മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും

വിഷു, മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. ശനിയാഴ്ച സഹസ്ര കലശാഭിഷേകം ഉണ്ടാകും. വൈകീട്ട് പടിപൂജയും നടക്കും.

മാസപൂജയുടെ അവസാന നാളുകളിലും ഇത്തവണ തിരക്ക് കൂടുതലായിരുന്നു. മിക്ക ദിവസങ്ങളിലും ശരാശരി 30,000 പേര്‍ ദര്‍ശനത്തിനെത്തി.

പമ്പാ നദിയില്‍ വെള്ളം കുറഞ്ഞത് തീര്‍ഥാടകരെ അലട്ടുന്നുണ്ട്. ജലസംഭരണികളില്‍ വെള്ളം കുറവായതിനാല്‍ ഡാം തുറന്നുവിടാനും കഴിഞ്ഞിരുന്നില്ല. നദി മലിനമാകുന്നുമുണ്ട്.

ഇടവമാസ പൂജകള്‍ക്കായി മെയ് 14നു വൈകീട്ട് അഞ്ചിനു നട തുറക്കും.

വെന്തുരുകി കേരളം,ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായാറാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C വരെയും; കോട്ടയം ജില്ലയിൽ 38 °C വരെയും; ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് 37°C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ശനി, ഞായർ വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

ഉടന്‍ പാല്‍വില കൂട്ടണമെന്ന് മില്‍മ, ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയ്ക്ക് അംഗീകാരം തേടി മില്‍മ ചെയര്‍മാന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ ഉടന്‍ പാല്‍വില കൂട്ടണമെന്ന് മില്‍മ. ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയ്ക്ക് അംഗീകാരം തേടി മില്‍മ ചെയര്‍മാന്‍ കെഎസ് മണി മന്ത്രി ജെ ചിഞ്ചു റാണിയെ ഇന്ന് വീണ്ടും കാണും. മെയ് ആറ് വരെയാണ് പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളത്.

നിലപാട് ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍മുതല്‍ പാല്‍വില വര്‍ധന മില്‍മ ആവശ്യപ്പെടുന്നുണ്ട്. അന്ന് തദ്ദേശതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നീട്ടിവച്ച തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടി മൂലം വീണ്ടും നീട്ടി. പിന്നാലെ നിയമസഭാ തെരഞ്ഞടുപ്പ് വന്നതോടെ തിരിച്ചടി ഉണ്ടാകുമെന്ന് കരുതി മില്‍മയുടെ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല.

പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന് മില്‍മ ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനുകൂലനിലപാട് എടുക്കാന്‍ തയ്യാറായില്ല.

ബിജിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍എല്‍ നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍ യുപി സ്വദേശികളായ മൂന്ന് പേരാണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്.

ഇവരെ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് പിടികൂടിയതെന്ന് സൈബര്‍ പൊലീസ് അറിയിച്ചു. പ്രതികള്‍ ആളുകളെ വിളിച്ചിരുന്നത് സിം ബോക്‌സുകളിലൂടെയാണെന്നും ഇവരില്‍ നിന്ന് മുപ്പത് സിമ്മുകള്‍ പിടിച്ചെടുത്തതായും സൈബര്‍ പൊലീസ് പറഞ്ഞു.നോയിഡയിൽ നിന്ന് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

ഇൻസ്റ്റന്റ് ഫണ്ട്സ്” എന്ന ലോൺ ആപ്പ് നടത്തിപ്പുകാരായ ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് പിടിയിലായത്

14000 രൂപ ലോൺ എടുത്ത നിധിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു

വാൽപ്പാറ ദുരന്തം; മലപ്പുറത്ത് നിന്ന് വിദഗ്ധ സംഘവും മന്ത്രിമാരും പൊള്ളാച്ചിയിലേക്ക്, പോസ്റ്റ്‍മോര്‍ട്ടം കോയമ്പത്തൂരിൽ

പാലക്കാട്: തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിലെ വാഹനാപകടത്തിൽ മരിച്ച ഒന്‍പത് പേരുടെ മൃതദേഹം കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‍മോര്‍ട്ടം ചെയ്യും. പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉടൻ മൃതദേഹം മലപ്പുറത്തേക്ക് കൊണ്ടുവരും. മന്ത്രി കെ കൃഷ്ണൻകുട്ടി പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു. മന്ത്രി വി ശിവൻകുട്ടിയും കോയമ്പത്തൂരിലേക്കും പോകും.

Also Read: ഇന്ത്യൻ ബാങ്കിൽ 350 സ്പെഷ്യലിസ്റ്റ് ഓഫീസർ, അപേക്ഷ ക്ഷണിച്ചു

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മലപ്പുറത്ത് നിന്നുള്ള വിദഗ്ധ സംഘവും പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു. കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലായിരിക്കും പോസ്റ്റ്‍മോര്‍ട്ടം നടക്കുകയെന്നും തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ടെന്നും പാലക്കാട് എ‍ഡിഎം സ്ഥലത്തുണ്ടെന്നും കോയമ്പത്തൂര്‍ കളക്ടറുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നതെന്നും കോയമ്പത്തൂരിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.പാലക്കാട്‌ നിന്ന് ഡോക്ടർമാരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പോയിട്ടുണ്ട്.പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മലപ്പുറത്തേക്ക് കൊണ്ടുവരുമെന്നും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

തമിഴ്‌നാട്ടിലെ വാൽപ്പാറ-പൊള്ളാച്ചി റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് എൽ.പി. സ്കൂളിലെ അധ്യാപകസംഘവും കുടുംബാംഗങ്ങളുമാണ് മരിച്ചത്. ദുരന്തത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, കോയമ്പത്തൂർ കളക്ടർ പവൻ കുമാർ ജി. ഗിരിയപ്പനവറുമായി ബന്ധപ്പെട്ട് അപകടത്തിൽപ്പെട്ടവർക്കുള്ള അടിയന്തര സഹായം ഉറപ്പാക്കിയെന്ന് മലപ്പുറം ജില്ലാ ഭരണകൂടം അറിയിച്ചു.മരിച്ചവരുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കും. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും.

മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണ സബ് കളക്‌ടർ സാക്ഷി മോഹൻ്റെ നേതൃത്വത്തിൽ തഹസിൽദാർ അടങ്ങുന്ന റവന്യൂ സംഘം, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.ജെ.മാത്യുവിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീം, പൊലീസ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം, പാലക്കാട് നിന്ന് മെഡിക്കൽ ടീം, എ.ഡി.എം, രണ്ട് റവന്യൂ ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരടങ്ങുന്ന ടീം പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു. ഇവർ തുടർനടപടികൾക്കു മേൽനോട്ടം വഹിക്കും. പരിക്കേറ്റവരെ നിലവിൽ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും കോയമ്പത്തൂർ മെഡിക്കൽ കോളെജിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ ഡോക്ടർമാരുടെ സേവനവും ക്രിട്ടിക്കൽ കെയർ ബെഡുകളും സജ്ജമാക്കിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഇന്ത്യൻ ബാങ്കിൽ 350 സ്പെഷ്യലിസ്റ്റ് ഓഫീസർ, അപേക്ഷ ക്ഷണിച്ചു

ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവരെ രാജ്യത്തെവിടെയും നിയമിക്കാം.

ശമ്പളം
അസിസ്റ്റന്റ് മാനേജർ (സ്‌കെയിൽ-I) 48,400-85,920 രൂപ, മാനേജർ (സ്‌കെയിൽ-II) 64,820-93,960 രൂപ, സീനിയർ മാനേജർ (സ്‌കെയിൽ-III) 85,920-1,05,280 രൂപ.

തസ്തികതിരിച്ചുള്ള യോഗ്യത, പ്രവൃത്തിപരിചയം എന്നിവ അറിയാൻ indianbank.bank.in/career വിജ്ഞാപനം കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 28.

തലച്ചോറിനും ഹാനികരം, ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല പ്രശ്നം, പുകവലി നൽകുന്നത് അകാല വാർദ്ധക്യം…

തലച്ചോറിന് അകാല വാർദ്ധക്യം ഉണ്ടാക്കുന്നതിന് പുകവലി കാരണമാകുന്നതായി പഠനം. പ്രായമാകുന്നതിന് മുന്‍പ് തന്നേ തലച്ചോർ ചുരുങ്ങുന്നതിന് പുകവലി കാരണമാകുന്നതായാണ് യുഎസിലെ വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ പുതിയ പഠനം വിശദമാക്കുന്നത്. സാധാരണയായി പ്രായം കൂടുന്നതിന് അനുസരിച്ചാണ് തലച്ചോർ ചുരുങ്ങുന്നത്. പുകവലി ഈ പ്രക്രിയയുടെ വേഗത വർധിപ്പിക്കുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. പുകവലിക്കാനുള്ള പ്രേരണ ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും ഗവേഷകർ വിശദമാക്കുന്നത്. പുകവലിക്കുന്നവരിൽ പ്രായവുമായി ബന്ധപ്പെട്ട അൽഷിമേഴ്‌സ് രോഗത്തിനും വിവേചന ശേഷി നഷ്ടമാവുന്നതിനും തലച്ചോറിന്റെ ഈ ചുരുങ്ങൽ കാരണമാകുന്നതായാണ് പഠനം വിശദമാക്കുന്നത്.

പ്രായമേറുമ്പോൾ സംഭവിക്കുന്ന ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളാണ് ചെറിയ പ്രായത്തിലേ പുകവലിക്കാർക്ക് അനുഭവപ്പെടുക. പ്രായമായവരിൽ കാണുന്ന വിവേചന ശേഷി കുറവ് അടക്കമുള്ളവയ്ക്കുള്ള അപകട സാധ്യത വിശദീകരിക്കാന്‍ പുറത്ത് വന്ന പഠനത്തിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ വരെ ശ്വാസകോശത്തിനും ഹൃദയാരോഗ്യത്തിനും പുകവലി സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളേക്കുറിച്ചായിരുന്നു ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിനാൽ തന്നെ പുകവലി തലച്ചോറിന് സൃഷ്ടിക്കുന്ന ഭയാനകരമായ പ്രത്യാഘാതങ്ങളേക്കുറിച്ച് നടന്ന പഠനങ്ങൾ കുറവായിരുന്നു. മാനസികാരോഗ്യ വിഭാഗത്തിലെ പ്രൊഫസറായ ലോറ ജെബിയറട്ടാണ് ഗ്ലോബൽ ഓപണ്‍ സയന്‍സിന്റെ ബയോളജിക്കൽ സൈക്യാട്രി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനും പുകവലി സൃഷ്ടിക്കുന്നത് ഗുരുതര പ്രതിസന്ധിയെന്നാണ് പഠനം വിശദമാക്കുന്നത്. പുകവലി ഉപേക്ഷിക്കുന്നത് തലച്ചോറിനെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാന്‍ സഹായിക്കില്ലെങ്കിലും തുടർന്ന് നഷ്ടമുണ്ടാകുന്നത് തടയുമെന്നും ഗവേഷക വിശദമാക്കുന്നു. 32094 പേരുടെ സാംപിളുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം പുറത്ത് വന്നിരിക്കുന്നത്. എത്രയധികം സിഗരറ്റുകളാണോ ഒരാൾ ഉപയോഗിക്കുന്നത് ഇതിന് ആനുപാതികമായി തലച്ചോറും ചുരുങ്ങുന്നുവെന്നാണ് കണ്ടെത്തൽ. ജനിതകപരമായ തകരാറുകൾ പുകവലിക്കാരിൽ കാണാനുള്ള സാധ്യതകളും കൂടുതലെന്നാണ് പഠനം വിശദമാക്കുന്നത്. കേൾക്കുമ്പോൾ മോശമെന്ന് തോന്നുമെങ്കിലും അതിനേക്കാൾ മോശമാണ് വസ്തുതയെന്നാണ് പഠനത്തേക്കുറിച്ച് ഗവേഷക വിശദമാക്കുന്നത്.

ഒരു തലമുറ വളരെ പെട്ടന്ന് വാർധക്യത്തിലേക്ക് നടന്ന് നീങ്ങുന്നതിന് പുകവലി കാരണമാകുന്നുവെന്നും ഡിമെന്‍ഷ്യ അടക്കമുള്ളവ പുകവലിക്കാരിൽ നേരത്തെ തന്നെ കാണാനുള്ള സാധ്യതകൾ ഏറെയാണെന്നും പഠനം വിശദമാക്കുന്നു. ഒരിക്കലും പുകവലിക്കാത്തവരിലും സമാനമായ പ്രായമുള്ള പുകവലിക്കാരുടേയും തലച്ചോറിന്റെ വലിപ്പം തമ്മിൽ സാരമായ വ്യത്യാസമുണ്ടെന്നും കണക്കുകളുടെ അടിസ്ഥാനത്തിൽ പഠനം വിശദമാക്കുന്നു. നിലവിലെ ദോഷം മാറ്റാൻ കഴിയില്ല എന്നാൽ തുടർന്ന് നഷ്ടമുണ്ടാവാതിരിക്കാന്‍ പുകവലി നിർത്തുന്നത് സഹായിക്കുമെന്ന് പഠനം നടത്തിയ ഗവേഷകരിലൊരാളായ യൂന്‍ഹോ ചാംഗ് പഠനം അവതരിപ്പിക്കുമ്പോൾ വിശദമാക്കുന്നത്.

ഒന്നും അവസാനിച്ചിട്ടില്ല! ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്; ‘ഫേസ് 3’ സൂചിപ്പിച്ച് ഡേവിഡ് ബാർണിയ

ടെൽ അവീവ്: ഇറാനും അമേരിക്കയും തമ്മിലുള്ള ആഴ്ചകൾ നീണ്ട യുദ്ധത്തിന് നേരിയ ശമനമാകുന്നതിനിടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് സൂചിപ്പിച്ച് ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്. ഇറാനെ ഉള്ളിൽ നിന്ന് അസ്ഥിരപ്പെടുത്തുക എന്നതാകും മൂന്നാം ഘട്ട തന്ത്രമെന്ന് മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയ വ്യക്തമാക്കി. ഭരണമാറ്റത്തോടെ മാത്രമേ ഇറാനിലെ ഇസ്രായേൽ ദൗത്യം അവസാനിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Also Read: മോദി-ഷാ യുഗാന്ത്യം തുടങ്ങി!’ വനിതാ സംവരണത്തിന്റെ മറവിലെ ‘അധികാരക്കളി’ പൊളിഞ്ഞെന്ന് പ്രതിപക്ഷം, സ്ത്രീ വിരോധികളെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം

‘മൊസാദ് അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുകയാണ്. വലിയ സൈനിക നീക്കങ്ങൾക്ക് ശേഷം ഇനിയുള്ളത് ഇറാനിലെ ജനങ്ങൾക്ക് പരമാവധി പിന്തുണ നൽകുക എന്നുള്ളതാണ്. ഭരണകൂടത്തിനുള്ളിൽ പരമാവധി വിള്ളലുകൾ ഉണ്ടാക്കുകയും അവരെ താഴെയിറക്കാൻ പരമാവധി സമ്മർദ്ദം ചെലുത്തുക ചെയ്യുക എന്നിവയാണ് ഇനി ലക്ഷ്യം. ഞാൻ പണ്ട് വിവരിച്ചിട്ടുള്ള ‘ഫേസ് 3′ ഇതാണ്’. അന്താരാഷ്ട്ര സുരക്ഷാ വിദഗ്ധനും അനലിസ്റ്റുമായ മാർക്ക് ഡുബോവിറ്റ്സ്, ഡേവിഡ് ബാർണിയയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്‌സിൽ കുറിച്ചു.

അമേരിക്കയോടും ഇസ്രയേലിനോടുമുള്ള യുദ്ധത്തിൽ സൈനികപരമായി ഇറാന് കനത്ത നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല, ഇറാൻ ഇപ്പോൾ അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് നാവികസേന ഏർപ്പെടുത്തിയ ഉപരോധമാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്കിലെ യുഎസിന്റെ ഉപരോധം നീണ്ടുപോയാൽ അത് കറൻസിയുടെ തകർച്ചയ്ക്കും കടുത്ത പണപ്പെരുപ്പത്തിനും കാരണമാകുമെന്നും വിദേശനാണ്യത്തിന്റെ പ്രധാന സ്രോതസ്സായ എണ്ണ കയറ്റുമതി തടസ്സപ്പെടുന്നത് ഡോളർ വരവ് കുറയ്ക്കുകയും ഇറാന്റെ കറൻസിയായ ‘റിയാലിനെ’ ദുർബലപ്പെടുത്തുകയും ഇറക്കുമതി ചെലവ് കുത്തനെ കൂട്ടുകയും ചെയ്യുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കറൻസിയുടെ തകർച്ചയും പണപ്പെരുപ്പവുമുണ്ടായാൽ അത്തരമൊരു ആഘാതം രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തെ തകർക്കും. പണപ്പെരുപ്പം വഷളാക്കുകയും, ഇറാനിലെ ജനങ്ങൾക്ക് കടുത്ത സാമ്പത്തിക ദുരിതം സമ്മാനിക്കാനും ഇത് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും തന്ത്രമാണ് സാമ്പത്തിക സമ്മർദ്ദം. നേരിട്ടുള്ള യുദ്ധത്തേക്കാൾ വിനാശകരമാണ് നാവിക ഉപരോധമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഇറാനെ സൈനികമായി പരാജയപ്പെടുത്തുന്നതിലുപരി ഭരണകൂടത്തെ ഉള്ളിൽ നിന്ന് ദുർബലപ്പെടുത്താനാണ് അമേരിക്കയും ഇസ്രായേലും ഇപ്പോൾ ലക്ഷ്യമിടുന്നത്. സൈനിക നടപടികളിൽ നിന്ന് മാറി രഹസ്യമായ നീക്കങ്ങളിലൂടെയും ഇൻഫർമേഷൻ വാർഫെയറിലൂടെയും ആഭ്യന്തര കലാപങ്ങളിലൂടെയും ഇറാനെ തളയ്ക്കാനാണ് ഇനിയുള്ള ശ്രമമെന്നാണ് മൊസാദിന്റെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

മോദി-ഷാ യുഗാന്ത്യം തുടങ്ങി!’ വനിതാ സംവരണത്തിന്റെ മറവിലെ ‘അധികാരക്കളി’ പൊളിഞ്ഞെന്ന് പ്രതിപക്ഷം, സ്ത്രീ വിരോധികളെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം

ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണവുമായി ബന്ധപ്പെട്ട നിർണ്ണായക ഭേദഗതികൾ പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി. ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അപ്രസക്തമാക്കാനും ഭരണം നിലനിർത്താനുമുള്ള ബിജെപി തന്ത്രമാണ് പാളിയതെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചു.

Also Read: വാൻ പതിച്ചത് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക്, വാൽപ്പാറ അപകടത്തിൽ മരണം 9 ആയി, 7 സ്ത്രീകളും 2 കുട്ടികളും; നൊമ്പരമായി അധ്യാപകർ പങ്കുവച്ച് ചിത്രങ്ങൾ

വനിതാ സംവരണ നിയമം പരാജയപ്പെട്ടിട്ടില്ല, മറിച്ച് പാർലമെന്റിന്റെ ഘടന മാറ്റാനുള്ള ജനാധിപത്യ വിരുദ്ധ നീക്കമാണ് പരാജയപ്പെട്ടത്. നിലവിലുള്ള നിയമപ്രകാരം മുന്നോട്ടുപോകാൻ സർക്കാർ നിർബന്ധിതരായി. മോദി സർക്കാരിന് ഇതുവരെ ഏറ്റതിൽ വെച്ച് ഏറ്റവും വലിയ തിരിച്ചടിയാണിതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പാസാക്കാനുള്ള ഭൂരിപക്ഷം ഇല്ലെന്നറിഞ്ഞിട്ടും ബില്ല് കൊണ്ടുവന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ചുള്ള ഗിമ്മിക്കാണ്. പ്രതിപക്ഷ നിർദ്ദേശങ്ങൾ തള്ളിയത് ഗൂഢോദ്ദേശ്യത്തോടെയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തിന് ഇത് വലിയ മേൽക്കൈ നൽകുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു.

മോദി സർക്കാരിന്റെ കാലത്ത് പാർലമെന്റിൽ പരാജയപ്പെടുന്ന ആദ്യ സുപ്രധാന ബില്ലാണിത്. ഏകപക്ഷീയമായി കാര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനേറ്റ കനത്ത പ്രഹരമാണിത്. വനിതാ സംവരണത്തിന്റെ മറവിൽ അധികാരം പിടിച്ചെടുക്കാനായിരുന്നു നീക്കമെന്നും എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഈ തിരിച്ചടിയോടെ നരേന്ദ്ര മോദി – അമിത് ഷാ യുഗത്തിന്റെ അന്ത്യത്തിന് തുടക്കമായെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ പരിഹസിച്ചു. സർക്കാരിന്റെ അഹങ്കാരത്തിനേറ്റ അടിയാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ ബിജെപി എംപിമാർ പാർലമെന്റിന് പുറത്ത് കടുത്ത പ്രതിഷേധം നടത്തി. പ്രതിപക്ഷം മഹിളാ വിരോധികളാണെന്നും സ്ത്രീകൾക്ക് നൽകേണ്ട നീതി അവർ തടഞ്ഞുവെന്നും ബിജെപി ആരോപിച്ചു. പ്ലക്കാർഡുകളുമായാണ് ഭരണകക്ഷി അംഗങ്ങൾ പ്രതിഷേധിച്ചത്.

വാൻ പതിച്ചത് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക്, വാൽപ്പാറ അപകടത്തിൽ മരണം 9 ആയി, 7 സ്ത്രീകളും 2 കുട്ടികളും; നൊമ്പരമായി അധ്യാപകർ പങ്കുവച്ച് ചിത്രങ്ങൾ

മലപ്പുറം: വാൽപ്പാറ അപകടത്തിലെ കേരളത്തിന്‍റെ വേദനയേറ്റിക്കൊണ്ട് മരണസംഖ്യ ഉയരുന്നു. സംഭവസ്ഥലത്ത് 8 പേർക്ക് ജീവൻ നഷ്ടമായ അപകടത്തിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒരാളും മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതോടെ 9 പേരുടെ മരണം സ്ഥിരീകരിച്ചു. 7 സ്ത്രീകൾക്കും 2 കുട്ടികൾക്കുമാണ് ജീവൻ നഷ്ടമായതെന്നും വ്യക്തമായിട്ടുണ്ട്.

മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ് ചേണ്ടി പാറമ്മൽ എൽ പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അവധിക്കാലത്ത് അധ്യാപകർ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

KL 11 AM 7288 വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്. വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ്‌ ഫാസിത്തായിരുന്നു. ഡ്രൈവറടക്കം 4 പേർ ചികിത്സയിലാണ്. അതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ സന്ദർശനത്തിന് ശേഷമാണ് സംഘം വാൽപ്പാറയിൽ എത്തിയത്. യാത്രക്കിടെ അധ്യാപകരെടുത്ത ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പുകളിൽ ഇട്ടിരുന്നു. ഈ ചിത്രങ്ങൾ ഏവരെയും ഇപ്പോൾ നൊമ്പരപ്പെടുത്തുകയാണ്.

പരിക്കേറ്റവരെ കൊയമ്പത്തൂരിലേക്ക് മാറ്റി

ഗുരുതരമായി പരിക്കേറ്റ 3 പേരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്ന് കൊയമ്പത്തൂർ മെ‍ഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹം പൊള്ളാച്ചി ആശുപത്രിയിലാണുള്ളത്. 11 വയസ്സുള്ള ഒരു കുട്ടിയും പൊള്ളാച്ചിയിൽ ചികിത്സയിലുണ്ട്. വിനോദയാത്രയുടെ ഭാഗമായി വാൽപ്പാറയിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. വിനോദസഞ്ചാരികൾ എത്തിയ മിനിവാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.