ന്യൂഡൽഹി: ചൈനീസ് സേന നിലവിലെ പട്രോളിംഗ് മേഖലകളിൽ നിന്ന് മാറുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അതിർത്തിയിൽ കൃത്യമായ നിയന്ത്രണവും ഏകോപനവും ഉറപ്പാക്കാനും ചില പ്രത്യേക മേഖലകളിൽ ധാരണ രൂപപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നുവരികയാണെന്നും ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കിൽ അതിർത്തിയിൽ സമാധാനവും ശാന്തതയും പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് പ്രതിരോധ മന്ത്രാലയത്തെ സമീപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നും സാധാരണക്കാർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.




























