പാരീസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ വെടിവെപ്പ്. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് പിടികൂടി. സംഭവത്തിന് തീവ്രവാദബന്ധമുണ്ടോ എന്നും സംശയമുണ്ട്. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് പ്രോസിക്യൂട്ടർമാർ അറിയിച്ചു.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ പത്തരയോടെ പാരീസിന് സമീപത്തെ ട്രാപ്പെസിലായിരുന്നു സംഭവം. കാറിലെത്തിയാണ് അക്രമി വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. കാറിൽ പോകുന്നതിനിടെ അക്രമി കൺമുന്നിൽ കണ്ടവർക്ക് നേരേയെല്ലാം വെടിയുതിർത്തെന്ന് ട്രാപ്പെസ് മേയർ അലി റബേഹ് മാധ്യമങ്ങളോട് പ്രതികരിച്ചു. പരിക്കേറ്റവരിൽ 12 വയസ്സുള്ള പെൺകുട്ടിയുമുണ്ട്. എട്ടുതവണയാണ് ഈ കുട്ടിക്ക് വെടിയേറ്റതെന്നും കുട്ടി അപകടനില തരണം ചെയ്തതായും ലാ വെറീരെ മേയർ നിക്കോളാസ് ഡെയ്ൻവില്ലെ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.
കൊല്ലപ്പെട്ടയാൾ ആഫ്രിക്കൻ വംശജനാണെന്ന് മേയർ അലി റബേഹ് വ്യക്തമാക്കി. പരിക്കേറ്റവരിൽ രണ്ടുപേരും കുടിയേറ്റക്കാരാണ്. ഇതിൽ ആഫ്രിക്കൻ വംശജനായ ഒരാളുടെ നില ഗുരുതരമാണെന്നും മേയർ പറഞ്ഞു.
പാരീസിലുണ്ടായ സംഭവം അതീവഗൗരവതരമാണെന്ന് ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു പ്രതികരിച്ചു. പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാരീസിലെ വെടിവെപ്പിൽ രാജ്യം ഇരകൾക്കൊപ്പമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രതികരിച്ചു.
വിലക്കയറ്റവും ജീവിതച്ചെലവ് വർധിച്ചതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി ഫ്രാൻസിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പാരീസിൽ വെടിവെപ്പുണ്ടായിരിക്കുന്നത്. ഫ്രാൻസിലെ പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും കാരണം കുടിയേറ്റമാണെന്ന് നേരത്തേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്രംപിന്റെ പ്രസ്താവനയെ തള്ളി രംഗത്തെത്തി. ചില വിദേശനേതാക്കൾ സ്വന്തം രാഷ്ട്രീയനേട്ടത്തിനായി ഫ്രാൻസിലെ സാഹചര്യങ്ങൾ ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണെന്ന് ഇമ്മാനുവൽ മാക്രോൺ തിരിച്ചടിച്ചു. ഫ്രാൻസിലെ പ്രശ്നങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റാണെന്നും അങ്ങേയറ്റം വിഡ്ഢിത്തം നിറഞ്ഞതാണെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞിരുന്നു.
































