Home Blog Page 728

ചോരയിൽ കുളിച്ച് 74കാരി, പ്രതി പൂവൻകോഴി, കൊട്ടാരക്കരയിൽ കോഴിയുടെ ആക്രമണത്തിൽ 74കാരിക്ക് ഗുരുതര പരിക്ക്

കൊല്ലം: കടയിൽ പോയി മടങ്ങിയ 74 കാരിക്ക് നേരെ തലങ്ങും വിലങ്ങും ആക്രമണം. പ്രതിസ്ഥാനത്ത് പൂവൻ കോഴി. റോഷൻ ആൻഡ്രൂസിന്റെ സിനിമയുടെ കാര്യമല്ല. സംഭവം കൊട്ടാരക്കര പൂയപ്പള്ളിയിൽ പൂവൻ കോഴി നടത്തിയ ആക്രമണത്തിന് ഇര ഒരു പാവം വയോധികയാണ്. പൂവൻകോഴിയുടെ ആക്രമണത്തിൽ പരുക്കേറ്റ വയോധികയുടെ മുഖത്ത് 12 തുന്നലുകളാണ് വേണ്ടി വന്നത്.

Also Read: ദിവസവും കഞ്ഞിവെള്ളം കുടിക്കുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ

പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74) ആണ് പൂവൻ കോഴിയുടെ ആക്രമണത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കോഴിയുടെ ആക്രമണം. സമീപത്തെ കടയിൽ പോയി വീട്ടിലേക്കു മടങ്ങുമ്പോഴാണ് കോഴി ജോയിസിന് മേൽ ചാടി കയറിയത്. തലയിൽ കയറിയ ശേഷം തലയിലും മൂക്കിന്റെ വശത്തും ഇടതു പുരികത്തിനു സമീപവും കൊത്തി.

ജോയ്സിന്റെ നിലവിളി കേട്ട് സമീപവാസി ഓടി എത്തി. അപ്പോഴേക്കും ജോയിസ് ചോരയിൽ കുളിച്ചു കഴിഞ്ഞു. അപ്പോഴും തലയിൽ കയറി നിന്നു പൂവൻകോഴി കൊത്തികൊണ്ടിരുന്നു. നാട്ടുകാർ ഓടി എത്തി ഉടൻ തന്നെ ജോയ്സിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിലടക്കം കൊത്തേറ്റ ജോയിസിന്റെ മുറിവുകളിൽ 12 തുന്നൽ വേണ്ടി വന്നു. വീട്ടുകാർ പൂയപ്പള്ളിപൊലീസിൽ പരാതി നൽകിയെങ്കിലും കോഴിയെ കോടതി കേറ്റാൻ മനസില്ലാത്ത വിശാല മനസ്കനായ ജോയിസ് കോഴിയോട് ക്ഷമിക്കുകയായിരുന്നു. മുൻപും പൂവന്റെ കൊത്തിന് ഇരയാകേണ്ടി വന്നവർ തലനാരിഴയ്ക് രക്ഷപെട്ട സംഭവങ്ങളുണ്ട്.

സംസ്ഥാനത്ത് റോഡ് പണികൾ നിലച്ചു

കൊച്ചി. ടാറിന് വില കൂടിയതോടെ റോഡ് പണികൾ നിർത്തി കരാറുകാർ.ടണ്ണിന് ഇരുപതിനായിരം രൂപയിലധികം വിലവർധനവ് ഉണ്ടായി.നിലവിലെ കരാർ തുകയിൽ പണിപൂർത്തീകരിക്കാൻ സാധിക്കില്ല എന്ന് കരാറുകാർ

പൊളിച്ചിട്ട് റോഡുകൾ ടാർ ചെയ്യുന്നില്ലേ എന്ന് നാട്ടുകാർ ജനപ്രതിനിധികളോട്. സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും. 65195 ഒരു ടൺ വില ഉണ്ടായിരുന്ന ടാറിന് നിലവിലെ വില 79922 രൂപ.

ഗ്രാമീണ റോഡുകൾക്ക് ഉപയോഗിച്ച NRMP ടാറിന് മാർച്ച് 31 ന് 76167 രൂപ. ഇപ്പോൾ 93774 ആയി വില ഉയർന്നു. ടാറിന് ഒപ്പം ഉപയോഗിക്കുന്ന എമൽഷൻ മാർച്ച് 31 ന് ഒരു ബാരലിന് 11980 രൂപ, നിലവിൽ 18425 രൂപയായിവില ഉയർന്നു

ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുപ്പത് വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ

തിരൂർ.ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുപ്പത് വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ.മലപ്പുറം തിരൂർ അന്നാര സ്വദേശി ഷാഹുൽ ഹമീദ് ആണ് അറസ്റ്റിലായത്.1994 ഇൽ തിരൂരിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്

ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ കഴിയുകയായിരുന്നു.തിരൂർ പൊലീസ് ആണ് കുറ്റിപ്പുറത്ത് വെച്ച് പ്രതിയെ പിടികൂടിയത്

കരുനാഗപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ പ്രവർത്തക സമ്മേളനം 23 ന്

കരുനാഗപ്പള്ളി. കരുനാഗപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിൽ ഉൾപ്പെട്ട154 കരയോഗങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കരയോഗ പ്രവർത്തക സമ്മേളനം 23 ന് രാവിലെ പത്തിന് കരുനാഗപ്പള്ളി പുതിയകാവ് ഐഡിയൽ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. എൻഎസ്എസ് ട്രഷററും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.എൻ. വി. അയ്യപ്പൻ പിള്ള ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. വി. ഉണ്ണികൃഷ്ണപിള്ള അധ്യക്ഷത വഹിക്കും.


കരയോഗങ്ങളുടെയും, വനിതാ സമാജങ്ങളുടെയും, ബാലസമാജങ്ങളുടെയും, വനിതാ സ്വയം സഹായ സംഘങ്ങളുടെയും, ആധ്യാത്മിക പഠന കേന്ദ്രങ്ങളുടെയും, ഹ്യൂമൻ റിസോഴ്സ് സെല്ലുകളുടെയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചും, സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും സർവീസ് വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കൽ തുടങ്ങിയവയെ കുറിച്ച് ആലോചിക്കുന്നതിനും വേണ്ടിയാണ്‌ സമ്മേളനം.

സമ്മേളനത്തിൽ യൂണിയനിലെ എല്ലാ കരയോഗങ്ങളിലേയും പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ പ്രതിനിധികൾ ഇലക്ട്രറൽ റോൾ മെമ്പർ മറ്റു ഭാരവാഹികൾ,വനിതാ സമാജം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വനിതാ സ്വയ സഹായ സംഘം പ്രസിഡന്റുമാർ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും. സമുദായ പ്രവർത്തക അംഗങ്ങളുടെ ഐക്യം ഊട്ടിയുറപ്പിച്ച് സംഘടനാ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കൂടുന്ന ഈ പ്രവർത്തക സമ്മേളനം എല്ലാ അംഗങ്ങളും കൃത്യസമയത്ത് പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് യൂണിയൻ പ്രസിഡന്റ് എൻ. വി.അയ്യപ്പൻ പിള്ളയും സെക്രട്ടറി അരുൺ ജി നായരും അറിയിച്ചു.

മോഡലിംഗിന്റെ മറവിലെ സെക്സ് റാക്കറ്റ്,കൂടുതൽ കണ്ടെത്തലുകളുമായി പോലീസ്,സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും

പിടിയിലായ അലീനാ എബ്രഹാമും മഞ്ജിമയും

കൊച്ചി. മോഡലിങ്ങിന്റെ മറവിൽ സെക്സ്റാക്കറ്റ്. കിംഗ്പിൻ സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും. കോട്ടപ്പടി സ്വദേശി സിന്ധു പിടിയിലായത് മുംബൈയിൽ. മോഡലിങ്ങിനായി യുവതികളെ റിക്രൂട്ട് ചെയ്തത് സിന്ധുവിന്റെ നേതൃത്വത്തിൽ. പിടിയിലായ മഞ്ജിമയും, അലീനയും സിന്ധുവിന്റെ ഏജന്റുമാർ.

കൊച്ചിയിലെ ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം. അറസ്റ്റിലായ യുവതികൾക്ക് കുപ്രസിദ്ധ ഗുണ്ടകളുമായി അടുത്തബന്ധം. പല യുവതികളെയും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി

വിദേശത്തുള്ള പ്രതികളെ കൊച്ചിയിലെത്തിക്കാനും നീക്കം. ഷംല, റഹമത്ത് എന്നിവർ വിദേശത്തെന്ന് പൊലീസ്. വിദേശത്തെ സെക്സ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത് ഷംലയും , റഹ്മത്തും ചേർന്ന്. കൂടുതൽ ഇരകളെ കണ്ടെത്താനും പൊലീസിന്റെ ശ്രമം

ഇരകളെ ദുബായിൽ എത്തിച്ചിരുന്നത് വിസിറ്റിംഗ് വിസയിൽ. 57 ദിവസത്തിന് ശേഷം തിരികെ നാട്ടിലേക്ക് കയറ്റിവിടും. ഇരകളുടെ ഫോട്ടോ ഇടപാടുകാർക്ക് അയച്ച് നൽകി ഡീൽ ഉറപ്പിക്കും. ഓരോ തവണയും ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്യുമ്പോൾ സംഘത്തിന് ലഭിക്കുക 25,000 രൂപ. ഒരു ദിവസം നടക്കുന്നത് ലക്ഷങ്ങളുടെ ഇടപാട്

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തും. ഈ ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് പെൺകുട്ടികളെ ഭീഷണിപ്പെടുതാൻ. ഇരകൾ പരാതി നൽകാത്തത് ദൃശ്യങ്ങൾ പുറത്താകുമെന്ന ഭയത്താൽ.

 കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ഇന്ന് യോഗം, നീക്കം ഇങ്ങനെ

തിരുവനന്തപുരം. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര എന്ന ആദ്യ മന്ത്രിസഭ യോ​ഗത്തിലെ തീരുമാനം എങ്ങനെ നടപ്പാക്കണമെന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ വി ഡി സതീശൻ സർക്കാർ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന്. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് വി ഡി സതീശൻ സർക്കാരിൻറെ ആലോചനയെന്നാണ് വ്യക്തമാകുന്നത്. തീരുമാനത്തിൽ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായും സർക്കാർ ചർച്ച നടത്തും.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ജൂൺ 15 മുതൽ ഇത് നടപ്പാക്കുമെന്നാണ് മന്ത്രിസഭാ യോ​ഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. ജില്ലകൾക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ? എല്ലാ പ്രായക്കാർക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. ഇക്കാര്യത്തിൽ സർക്കാർ വിളിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഏകദേശ ധാരണയുണ്ടായേക്കും. അതിനിടെ ഒരു ദിവസം യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തുന്നതിനായി ഇന്നുമുതൽ കെഎസ്ആർടിസി ബസുകളിൽ വീണ്ടും ജെൻഡർ ടിക്കറ്റിങ് ഏർപ്പെടുത്തും.

കെഎസ്ആർടിസി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചനയുളളത്. അങ്ങനെയെങ്കിൽ പ്രതിമാസം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡിയായി നൽകേണ്ടി വരും. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. പദ്ധതി നടപ്പാക്കിയ കർണാടകയിൽ എ സി, സ്ലീപ്പർ ബസുകളിൽ സൗജന്യമില്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ആനുകൂല്യം. എ സി ബസ്സുകൾ, അന്തർ സംസ്ഥാന സർവീസുകൾ, ചാർടേഡ് ബസ്സുകൾ ,ബജറ്റ് ടൂറിസം ബസ്സുകൾ ഇവയിൽ ഒഴികെ സൗജന്യ യാത്ര അനുവദിച്ചേക്കും. കൂടുതൽ ബസ്സുകൾ കെഎസ്ആർടിസിക്ക് അനുവദിച്ചേക്കും

കാർ കത്തി ഗർഭിണി മരിച്ച സംഭവത്തില്‍ വ്യക്തത വരണമെന്ന് രജിന്‍ ലാലിന്റെ കുടുംബം

കോഴിക്കോട്. പേരാമ്പ്രയില് കാർ കത്തി ഗർഭിണി മരിച്ച സംഭവത്തില്‍ വ്യക്തത വരണമെന്ന് രജിന്‍ ലാലിന്റെ കുടുംബം.രജിന്‍ ലാലിന്റെ ഭാര്യ സോനയാണ് മരിച്ചത്.സോന ഞങ്ങള്‍ക്ക് മരുമകളല്ല,,, മകളാണെന്നും മരിച്ചതില് അതിയായ ദുഖമുണ്ടെന്നും രജിൻലാലിന്റെ പിതാവ് രാജൻ. സോനയും രജിനും വലിയ സന്തോഷത്തിലാണ് കഴിഞ്ഞത്.

വീട്ടില് നിന്നിറ്ങ്ങുമ്പോഴും അതേ സന്തോഷം ഉണ്ടായിരുന്നു.എന്താണ് സംഭവിച്ചതെന്ന് അറിയില്ല..

സോനയുടെയും രജിന്‍ ലാലിന്റെയും പ്രണയ വിവാഹമായിരുന്നു.വിവാഹത്തിന് ശേഷം ഇതുവരെയും സോനയുടെ വീട്ടുകാര് ഇവിടെ വന്നില്ല,സോന മാതൃസഹോദരിയുടെ വീട്ടില് മാത്രമാണ് പോപോകാറ്.കഴിഞ്ഞ മൂന്നുവർഷവും ഇവിടെ സന്തോഷത്തിലാണ് കഴിഞ്ഞത്.മരണശേഷം സോനയുടെ മൃതദേഹം കാണാൻ പോയിരുന്നു.

എന്നാല് വീട്ടില് കയറരുതെന്നും സാഹചര്യം മോശമാണെന്നും നാട്ടുകാർ പറഞ്ഞു.സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ലായിരുന്നുവെങ്കില് ഞങ്ങള്‍ ചോദ്യമുനയില്‍ നിന്നേനെ. സംഭവത്തില് വ്യക്തത വരേണ്ടതുണ്ട്. സമഗ്രമായ അന്വേഷണം നടത്തണം. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും രജിന്‍ ലാലിന്‍റെ പിതാവ് പറഞ്ഞു.

പാർട്ടി വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി, വയനാട് സിപിഎം

വയനാട് .പാർട്ടി വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. തെരഞ്ഞെടുപ്പ് പ്രചരണം ഉൾപ്പെടെ അത്തരത്തിലായി. പിണറായി വിജയനെ കേന്ദ്രീകരിച്ചായിരുന്നു വിമർശനം

വികസന നേട്ടങ്ങൾ ഒന്നും വോട്ടായി മാറിയില്ല. UDFന് കൽപ്പറ്റയിൽ ഇത്രയും വലിയ ഭൂരിപക്ഷം നൽകിയത് സ്ഥാനാർത്ഥി നിർണയത്തിലെ പരാജയം. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ആർജെഡിയിൽ പോലും അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു

പല മേഖലകളിലും സംഘടനാ പ്രവർത്തനം ചിട്ടയായി നടന്നില്ല. എംഎൽഎയെ ടൗൺഷിപ്പ് ഉദ്ഘാടന വേളയിൽ കൂവിയത് തിരിച്ചടിയായി. ഇത് വേദിയിൽ നിന്നു തന്നെ തടയേണ്ടതായിരുന്നു. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ തടയാൻ ശ്രമിച്ചതാണ്

ടൗൺഷിപ്പ് , തുരങ്കപാത അടക്കമുള്ള നേട്ടങ്ങളെ ഇത് ബാധിച്ചു. പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം വലിയ തിരിച്ചടിയായി. പാർട്ടി ശക്തികേന്ദ്രങ്ങളിൽ പോലും വോട്ട് ചോർന്നിട്ടുണ്ട്. തിരുനെല്ലിയിലെ ഉൾപ്പെടെ വോട്ട് ചോർച്ച പരിശോധനയ്ക്ക് വിധേയമാക്കണം. തിരിച്ചുവരവിന് സംഘടനാ രീതിയിൽ അടിമുടി മാറ്റം വരണമെന്നും സെക്രട്ടറിയേറ്റിൽ ചർച്ച.

മോഡലിംങ്മാത്രമായിരുന്നില്ല ലക്ഷ്യം സെക്സ്റാക്കറ്റ് സ്വര്‍ണക്കടത്ത്, മരട് സെക്സ് റാക്കറ്റിന്‍റെ പ്രവര്‍ത്തനമേഖല വിപുലം, കേസ് തന്നെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയെന്ന് ഗുണ്ടാനേതാവ്

അറസ്റ്റിലായവര്‍

കൊച്ചി. മോഡലിങ്ങിന്റെ മറവില്‍ യുവതിയെ ദുബൈയിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഡലിങ് പരിശീലനം, ജോലി, വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലില്‍ താമസം, വിനോദ യാത്ര എന്നിവ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി യുവതികളെ ഇത്തരത്തില്‍ വിദേശത്തേയ്ക്ക് കൊണ്ടുപോയതായാണ് വിവരം. ഇത്തരത്തില്‍ വിദേശത്തേയ്ക്ക് കൊണ്ടുപോയ യുവതികളെ കാരിയര്‍മാരാക്കിയതായും പൊലീസ് സംശയിക്കുന്നുണ്ട്.

അതിനിടെ ഗുണ്ടാ നേതാവും അലീനയുടെ കാമുകനുമായ ഔറംഗസേബ് കേസ് തന്നെ ലക്ഷ്യമിട്ടെന്ന ആരോപണവുമായി രംഗത്തിറങ്ങി.

കേസിലെ മുഖ്യപ്രതിയായ സിന്ധുവിന്റെ കെണിയില്‍പ്പെട്ട യുവതിയെ നിര്‍ബന്ധിപ്പിച്ചു നാട്ടിലേക്ക് സ്വര്‍ണം കടത്തിയെന്നാണ് അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച സൂചന. ഇവര്‍ വിദേശത്തേക്ക് കൊണ്ടുപോയ യുവതികളില്‍ പലരും കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിലാണ് എത്തിയതെന്നും പൊലീസ് കണ്ടെത്തി. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.

മോഡലിങ് കെണിയില്‍ കൂടുതല്‍ പരാതിക്കാര്‍ ഉണ്ടെങ്കില്‍ പൊലീസിനെ സമീപിക്കണം എന്ന് കൊച്ചി കമീഷണര്‍ അറിയിച്ചു. വനിതാ സെല്ലില്‍ നേരിട്ട് പരാതി നല്‍കാമെന്നും വനിതാ സെല്‍ സിഐയുടെ നമ്പറില്‍, ഫോണിലൂടെയും പരാതി അറിയിക്കാമെന്നും കമ്മീഷണര്‍ അറിയിച്ചു.

അതിനിടെ മോഡലിംങ് കെണി അസൂത്രണം ചെയ്തത് സിന്ധു ആണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദുബൈയില്‍ ഫാഷന്‍ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചത് സിന്ധുവാണെന്നും യുവതികളെ ദുബൈയില്‍ എത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും വിസയടക്കം നല്‍കിയതും സിന്ധു ആണെന്നും പൊലീസ് കണ്ടെത്തി.

നിലവില്‍ മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. ദുബൈയില്‍ ഇവന്റ് മാനേജ്മെന്റ് നടത്തുന്ന സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് പിടിയിലായത്. കേസില്‍ ഇനി പിടികൂടാന്‍ ഉള്ളതും രണ്ട് വനിതകളെയാണ്. ദുബൈയില്‍ ഉള്ള രണ്ടു പേരെയും നാട്ടില്‍ എത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് കേസ് തന്നെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയെന്ന് ഗുണ്ടാനേതാവ് ഔറംഗസേബ് ഇയാളുടെ കാമുകിയാണ് അറസ്റ്റിലായ അലീന. പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയെന്ന് ആരോപണം

പരാതിക്കാരിയെ വിശദമായി ചോദ്യം ചെയ്താൽ സത്യം പുറത്ത് വരുമെന്ന് ഔറംഗസേബ്. ഔറംഗസേബിന്റെ പ്രതികരണം സമൂഹമാധ്യമ അക്കൗണ്ടിൽ. ഔറംഗസേബിന്റെ കാമുകിയാണ് അറസ്റ്റിലായ അലീന. എന്നാല്‍ കേസ് തന്നിലേക്ക് നീളുന്നത് പ്രതിരോധിക്കാനാണ് ഈ നാടകമെന്നാണ് പൊലീസ് കരുതുന്നത്.

പത്രം മലയാള ദിനപത്രങ്ങളിലൂടെ| 2026 മെയ് 20, ബുധൻ | 1201 ഇടവം

പത്രം മലയാള ദിനപത്രങ്ങളിലൂടെ

2026 മെയ് 20, ബുധൻ | 1201 ഇടവം 6

വാർത്തകൾ തയ്യാറാക്കിയത് :

രജനീഷ് മൈനാഗപ്പള്ളി


വയോജന ക്ഷേമം: പുതിയ വകുപ്പ്

വയോജന ക്ഷേമത്തിനു വകുപ്പു രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. മെയ് മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിസഭയിൽ വകുപ്പ് തർക്കം

സർക്കാർ അധികാരമേറ്റ് ഒരു ദിവസം കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ തർക്കം തുടരുന്നു. എ.പി. അനിൽകുമാറിന് വൈദ്യുതിക്കൊപ്പം ദേവസ്വം നൽകുന്നതും, കെ മുരളീധരന് ആരോഗ്യത്തിനൊപ്പം സ്പോർട്സ് നൽകുന്നതും തർക്കവിഷയമായി. ഫിഷറീസ് ലഭിച്ചാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈമാറൂ എന്നാണ് ലീഗിന്റെ നിലപാട്.

വന്ദേമാതരം വിവാദം

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് നാടിന്റെ ബഹുസ്വരതയ്ക്കു നിരക്കാത്തതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ദേശീയ ഗീതമായി എട്ടു വരികൾ മാത്രമേ അവതരിപ്പിക്കാവൂ എന്ന് സിപിഎം ചൂണ്ടിക്കാട്ടി. എന്നാൽ വന്ദേമാതരത്തിന് ദേശീയഗാനത്തിന്റെ പദവി നൽകി കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം നിയമഭേദഗതി വരുത്തിയിരുന്നു.

സിപിഎമ്മിൽ വിമർശനം

പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ തൃശൂർ, കോട്ടയം ജില്ലാ നേതൃയോഗങ്ങളിൽ വിമർശനം. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്ന് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി പദവിയിൽനിന്ന് എം വി ഗോവിന്ദനും മാറണമെന്നു തൃശൂരിൽ ആവശ്യമുയർന്നു. ജനങ്ങളിൽനിന്ന് നേതാക്കൾ അകന്നെന്നും വിമർശനമുണ്ട്.

തെരഞ്ഞെടുപ്പ് പരാജയം: പിണറായി വിജയന്റെ പ്രതികരണം

തെരഞ്ഞെടുപ്പിലെ പരാജയം എൽഡിഎഫിന്റേയോ സിപിഎമ്മിന്റേയോ അവസാനമായി കാണേണ്ടെന്നും ശക്തമായി തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പത്തു വർഷക്കാലം നടത്തിയ മുന്നേറ്റങ്ങൾ ജനങ്ങൾ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് മർദ്ദനക്കേസ് അന്വേഷണം

നവകേരള സദസ് യാത്രക്കിടെ യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ച സംഭവം ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പി ബൈജു പൗലോസാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

സിൽവർ ലൈൻ: സർക്കാരിന് നിവേദനം

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പിൻവലിക്കണമെന്നും മഞ്ഞക്കുറ്റികൾ മാറ്റണമെന്നും ആവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ സമരസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

വെടിക്കെട്ടുപുര ദുരന്തം: ഹൈക്കോടതി കേസെടുത്തു

തൃശൂർ പൂരത്തോടനുബന്ധിച്ച് 17 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ടുപുര ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജൂൺ 16 നകം വിശദീകരണം നൽകണമെന്ന് ദേവസ്വം ബോർഡുകൾക്കും സർക്കാരിനും നിർദ്ദേശം നൽകി.

മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ

മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും, ‘അശോക’ സണ്ണി ജോസഫിനും അനുവദിച്ചു.

സത്യപ്രതിജ്ഞയും ജാതിപ്പേരും

സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജാതിപ്പേര് ഉപയോഗിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം. 2021-ൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ വി.ഡി. സതീശൻ എന്ന് പറഞ്ഞ സതീശൻ, ഇപ്പോൾ വടശ്ശേരി ദാമോദര മോനോൻ സതീശൻ എന്ന് മേനോൻ എന്ന് ചേർത്താണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ കോൺഗ്രസ് വക്താവ് ജിന്റോ ജോൺ രംഗത്തെത്തി.

പത്തനംതിട്ടയ്ക്ക് അവഗണന

പുതിയ മന്ത്രിസഭയിൽ പത്തനംതിട്ട ജില്ലയ്ക്ക് അർഹമായ ഒരു മന്ത്രിസ്ഥാനം ലഭിക്കേണ്ടതായിരുന്നുവെന്ന് എംഎൽഎ പഴകുളം മധു പറഞ്ഞു.

പഞ്ചായത്ത് അംഗത്തിനെതിരെ നടപടി

അംഗനവാടി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗം എം.എം പ്രസാദിനെ സിപിഎം പുറത്താക്കി.

സഹകരണ സംഘത്തിൽ വായ്പ തട്ടിപ്പ്

കോഴിക്കോട് സിറ്റി പൊലീസിന് കീഴിലുള്ള പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ വായ്പ തട്ടിപ്പ്. രേഖകളില്ലാതെ വായ്പ അനുവദിച്ചതിന് ഡയറക്ടർ ബോർഡിലെ 11 പേർക്കെതിരെ കസബ പൊലീസ് കേസെടുത്തു.

പൊലീസ് അസോസിയേഷൻ ഭാരവാഹികളെ മാറ്റി

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലംമാറ്റി. ഇരുവരെയും ക്രമസമാധാന ചുമതലയിലേക്ക് മാറ്റി.

പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെതിരെ അന്വേഷണം.

കെഎസ്ആർടിസി: പഠിച്ച ശേഷം പ്രതികരിക്കും

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിനെക്കുറിച്ചും സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ചും പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ.

അക്കങ്ങളുടെ അത്ഭുതം

മന്ത്രി ഒ.ജെ. ജനീഷിന് അനുവദിച്ച കാറിന്റെ നമ്പറും (KL 01 CB 8308) അദ്ദേഹം ജയിച്ച ഭൂരിപക്ഷവും ഒരേ അക്കങ്ങൾ വരുന്നത് കൗതുകമായി.

സൈബർ പോര്

സിപിഎം നേതാവായിരുന്ന ഹർകിഷൻസിംഗ് സുർജിത് ജാതി വെളിപ്പെടുത്തിയിരുന്നുവെന്നും വി.ഡി. സതീശനെ പരിഹസിക്കുന്നവർ അത് മറക്കരുതെന്നും ബി ആർ എം ഷെഫീർ.

വിവാഹ വാഗ്ദാനം നൽകി പീഡനം

യുവതിയെ പീഡിപ്പിക്കുകയും 9 ലക്ഷം രൂപയും 7 പവൻ സ്വർണ്ണവും തട്ടിയെടുക്കുകയും ചെയ്ത യുവാവ് വിഴിഞ്ഞം പൊലീസിന്റെ പിടിയിൽ.

തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം

മുഖ്യമന്ത്രി വിജയ് മന്ത്രിസഭ വിപുലീകരിക്കുന്നു. രണ്ട് കോൺഗ്രസ് എംഎൽഎമാർ മന്ത്രിമാരാകും. എഐഎഡിഎംകെ അംഗങ്ങളെ മന്ത്രിമാരാക്കരുതെന്ന് സിപിഎം ആവശ്യപ്പെട്ടു.

ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ്

ഹിമാചൽ പഞ്ചായത്തീരാജ് തിരഞ്ഞെടുപ്പിൽ 10,854 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 131 പഞ്ചായത്തുകളിൽ എല്ലാവരെയും എതിരില്ലാതെ തിരഞ്ഞെടുത്തു.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ

ബെംഗളൂരു – മുംബൈ റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വരുന്നുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

സാമ്പത്തിക പ്രതിസന്ധി

രാജ്യത്ത് വൻ സാമ്പത്തിക പ്രതിസന്ധി വരുമെന്നും ഇന്ധനവില വർധനയും സാമ്പത്തിക നയങ്ങളും പ്രതിസന്ധി രൂക്ഷമാക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യത

സർക്കാർ ഏതുനിമിഷവും താഴെ വീഴാമെന്നും ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജരാകാൻ ഡിഎംകെ അണികൾക്ക് എം കെ സ്റ്റാലിന്റെ നിർദ്ദേശം.

ആനത്താവളത്തിൽ അപകടം

കുടകിൽ ദുബാരെ ആനത്താവളത്തിൽ മാർത്താണ്ഡ എന്ന കൊമ്പൻ ചരിഞ്ഞു. മറ്റൊരു ആന കുത്തിവീഴ്ത്തിയതിനെത്തുടർന്ന് പുഴയിൽ വീണായിരുന്നു അപകടം.

ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി

ഡൽഹി കലാപ കേസിൽ ഇടക്കാല ജാമ്യം തേടിയുള്ള ഉമർ ഖാലിദിന്റെ അപേക്ഷ വിചാരണക്കോടതി തള്ളി.

സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സൈനിക കരാർ അഴിമതിക്കേസിൽ ഈസ്റ്റേൺ കമാൻഡിലെ കേണൽ ഹിമാൻഷു ബാലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു.

മമത ബാനർജിയുടെ വിമർശനം

പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ ന്യൂനപക്ഷങ്ങൾക്കും കച്ചവടക്കാർക്കും നേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് മമത ബാനർജി.

ട്രെയിനിൽ മൃതദേഹം

ലഖ്‌നൗവിലേക്ക് സർവീസ് നടത്തുന്ന ഗോംതിനഗർ എക്‌സ്പ്രസിലെ ഒഴിഞ്ഞ കോച്ചിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി.

തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു

ഫാൾട്ട നിയോജക മണ്ഡലത്തിൽ റീപോളിങ് നടക്കാനിരിക്കെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ നാമനിർദേശ പത്രിക പിൻവലിച്ചു.

പീഡനക്കേസ് പ്രതിക്ക് വൻ സ്വീകരണം

ഗാസിയാബാദിൽ ജാമ്യം കിട്ടിയ പീഡനക്കേസ് പ്രതിക്ക് പൂമാലയിട്ട് വൻ സ്വീകരണം നൽകിയ സംഭവത്തിൽ അഖിലേഷ് യാദവ് സർക്കാരിനെതിരെ രംഗത്ത്.

മോദി സർക്കാരിനെതിരെ കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വാർത്താ സമ്മേളനങ്ങളും ചോദ്യങ്ങളും ഭയമാണെന്നു കോൺഗ്രസ് ആരോപിച്ചു.

റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക്

സെപ്റ്റംബറിൽ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എത്തും.

പ്രധാനമന്ത്രി ഇറ്റലിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. ജോർജിയ മെലോനിയുമായും പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തും.

ഇന്ത്യൻ ഉദ്യോഗസ്ഥൻ അന്തരിച്ചു

ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലുള്ള ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷനിൽ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി.

വിദേശ പഠനം: ഫ്രാൻസിലേക്ക് പ്രവാഹം

വിസ നിയമങ്ങൾ കടുപ്പിച്ചതോടെ കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ വിദ്യാർഥികൾ ഫ്രാൻസിലേക്ക് തിരിയുന്നു.

പാക് സൈന്യത്തിന്റെ നുണ പ്രചാരണം

ഇന്ത്യയിലെ ‘രാജൗരി’, ‘മാമുൻ’ വ്യോമതാവളങ്ങൾ തകർത്തെന്നു പാക് സൈനിക ഉദ്യോഗസ്ഥൻ, എന്നാൽ ഇത്തരം താവളങ്ങൾ ഇന്ത്യയിലില്ല.

ഐപിഎൽ: രാജസ്ഥാൻ റോയൽസിന് ജയം

ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് സാധ്യത സജീവമാക്കി.

നെസ്ലെ ഇന്ത്യയുടെ കുതിപ്പ്

ആഭ്യന്തര വിൽപ്പനയിൽ ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും മികച്ച ത്രൈമാസ വളർച്ചയുമായി നെസ്ലെ ഇന്ത്യ. മാഗിയും കിറ്റ്കാറ്റും ഇന്ത്യയിൽ വൻ വിപണി നേടുന്നു.

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ

തെരഞ്ഞെടുത്തവർക്ക് മാത്രമായി സ്റ്റാറ്റസ് കാണാൻ സാധിക്കുന്ന ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റാറ്റസ് ലിസ്റ്റ്’ ഫീച്ചറുമായി വാട്‌സ്ആപ്പ്.

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’

പാർവതി തിരുവോത്ത് പ്രധാന വേഷത്തിലെത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന പോലീസ് ഇൻവെസ്റ്റിഗേറ്റീവ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.

‘ഓപ്പറേഷൻ ത്രാൾ’ ഷൂട്ടിംഗ് തുടങ്ങി

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കി രതീഷ് വേഗ സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ത്രാൾ’ ഷൂട്ടിംഗ് ആരംഭിച്ചു.

ബിവൈഡി പുതിയ എസ്യുവി പുറത്തിറക്കുന്നു

ബിവൈഡി തങ്ങളുടെ പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്യുവി ‘സീലിയൻ 6’ ഇന്ത്യയിൽ പുറത്തിറക്കുന്നു.

പുസ്തക പരിചയം

അജീഷ് അശോകന്റെ പുതിയ കഥാസമാഹാരം ‘പാതി പറഞ്ഞ കഥകൾ’ പുറത്തിറങ്ങി.

ആരോഗ്യ കുറിപ്പ്

സ്ത്രീകളിൽ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ ഫ്ലാക്സ് സീഡുകൾ, ഇലക്കറികൾ, നട്‌സ്, തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.