Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ| 2026 മെയ് 20, ബുധൻ | 1201 ഇടവം

പത്രം മലയാള ദിനപത്രങ്ങളിലൂടെ| 2026 മെയ് 20, ബുധൻ | 1201 ഇടവം

Advertisement

പത്രം മലയാള ദിനപത്രങ്ങളിലൂടെ

2026 മെയ് 20, ബുധൻ | 1201 ഇടവം 6

വാർത്തകൾ തയ്യാറാക്കിയത് :

രജനീഷ് മൈനാഗപ്പള്ളി


വയോജന ക്ഷേമം: പുതിയ വകുപ്പ്

വയോജന ക്ഷേമത്തിനു വകുപ്പു രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. മെയ് മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിസഭയിൽ വകുപ്പ് തർക്കം

സർക്കാർ അധികാരമേറ്റ് ഒരു ദിവസം കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ തർക്കം തുടരുന്നു. എ.പി. അനിൽകുമാറിന് വൈദ്യുതിക്കൊപ്പം ദേവസ്വം നൽകുന്നതും, കെ മുരളീധരന് ആരോഗ്യത്തിനൊപ്പം സ്പോർട്സ് നൽകുന്നതും തർക്കവിഷയമായി. ഫിഷറീസ് ലഭിച്ചാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈമാറൂ എന്നാണ് ലീഗിന്റെ നിലപാട്.

വന്ദേമാതരം വിവാദം

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് നാടിന്റെ ബഹുസ്വരതയ്ക്കു നിരക്കാത്തതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ദേശീയ ഗീതമായി എട്ടു വരികൾ മാത്രമേ അവതരിപ്പിക്കാവൂ എന്ന് സിപിഎം ചൂണ്ടിക്കാട്ടി. എന്നാൽ വന്ദേമാതരത്തിന് ദേശീയഗാനത്തിന്റെ പദവി നൽകി കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം നിയമഭേദഗതി വരുത്തിയിരുന്നു.

സിപിഎമ്മിൽ വിമർശനം

പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ തൃശൂർ, കോട്ടയം ജില്ലാ നേതൃയോഗങ്ങളിൽ വിമർശനം. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്ന് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി പദവിയിൽനിന്ന് എം വി ഗോവിന്ദനും മാറണമെന്നു തൃശൂരിൽ ആവശ്യമുയർന്നു. ജനങ്ങളിൽനിന്ന് നേതാക്കൾ അകന്നെന്നും വിമർശനമുണ്ട്.

തെരഞ്ഞെടുപ്പ് പരാജയം: പിണറായി വിജയന്റെ പ്രതികരണം

തെരഞ്ഞെടുപ്പിലെ പരാജയം എൽഡിഎഫിന്റേയോ സിപിഎമ്മിന്റേയോ അവസാനമായി കാണേണ്ടെന്നും ശക്തമായി തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പത്തു വർഷക്കാലം നടത്തിയ മുന്നേറ്റങ്ങൾ ജനങ്ങൾ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് മർദ്ദനക്കേസ് അന്വേഷണം

നവകേരള സദസ് യാത്രക്കിടെ യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ച സംഭവം ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പി ബൈജു പൗലോസാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

സിൽവർ ലൈൻ: സർക്കാരിന് നിവേദനം

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പിൻവലിക്കണമെന്നും മഞ്ഞക്കുറ്റികൾ മാറ്റണമെന്നും ആവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ സമരസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

വെടിക്കെട്ടുപുര ദുരന്തം: ഹൈക്കോടതി കേസെടുത്തു

തൃശൂർ പൂരത്തോടനുബന്ധിച്ച് 17 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ടുപുര ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജൂൺ 16 നകം വിശദീകരണം നൽകണമെന്ന് ദേവസ്വം ബോർഡുകൾക്കും സർക്കാരിനും നിർദ്ദേശം നൽകി.

മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ

മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും, ‘അശോക’ സണ്ണി ജോസഫിനും അനുവദിച്ചു.

സത്യപ്രതിജ്ഞയും ജാതിപ്പേരും

സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജാതിപ്പേര് ഉപയോഗിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം. 2021-ൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ വി.ഡി. സതീശൻ എന്ന് പറഞ്ഞ സതീശൻ, ഇപ്പോൾ വടശ്ശേരി ദാമോദര മോനോൻ സതീശൻ എന്ന് മേനോൻ എന്ന് ചേർത്താണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ കോൺഗ്രസ് വക്താവ് ജിന്റോ ജോൺ രംഗത്തെത്തി.

പത്തനംതിട്ടയ്ക്ക് അവഗണന

പുതിയ മന്ത്രിസഭയിൽ പത്തനംതിട്ട ജില്ലയ്ക്ക് അർഹമായ ഒരു മന്ത്രിസ്ഥാനം ലഭിക്കേണ്ടതായിരുന്നുവെന്ന് എംഎൽഎ പഴകുളം മധു പറഞ്ഞു.

പഞ്ചായത്ത് അംഗത്തിനെതിരെ നടപടി

അംഗനവാടി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗം എം.എം പ്രസാദിനെ സിപിഎം പുറത്താക്കി.

സഹകരണ സംഘത്തിൽ വായ്പ തട്ടിപ്പ്

കോഴിക്കോട് സിറ്റി പൊലീസിന് കീഴിലുള്ള പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ വായ്പ തട്ടിപ്പ്. രേഖകളില്ലാതെ വായ്പ അനുവദിച്ചതിന് ഡയറക്ടർ ബോർഡിലെ 11 പേർക്കെതിരെ കസബ പൊലീസ് കേസെടുത്തു.

പൊലീസ് അസോസിയേഷൻ ഭാരവാഹികളെ മാറ്റി

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലംമാറ്റി. ഇരുവരെയും ക്രമസമാധാന ചുമതലയിലേക്ക് മാറ്റി.

പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെതിരെ അന്വേഷണം.

കെഎസ്ആർടിസി: പഠിച്ച ശേഷം പ്രതികരിക്കും

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിനെക്കുറിച്ചും സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ചും പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ.

അക്കങ്ങളുടെ അത്ഭുതം

മന്ത്രി ഒ.ജെ. ജനീഷിന് അനുവദിച്ച കാറിന്റെ നമ്പറും (KL 01 CB 8308) അദ്ദേഹം ജയിച്ച ഭൂരിപക്ഷവും ഒരേ അക്കങ്ങൾ വരുന്നത് കൗതുകമായി.

സൈബർ പോര്

സിപിഎം നേതാവായിരുന്ന ഹർകിഷൻസിംഗ് സുർജിത് ജാതി വെളിപ്പെടുത്തിയിരുന്നുവെന്നും വി.ഡി. സതീശനെ പരിഹസിക്കുന്നവർ അത് മറക്കരുതെന്നും ബി ആർ എം ഷെഫീർ.

വിവാഹ വാഗ്ദാനം നൽകി പീഡനം

യുവതിയെ പീഡിപ്പിക്കുകയും 9 ലക്ഷം രൂപയും 7 പവൻ സ്വർണ്ണവും തട്ടിയെടുക്കുകയും ചെയ്ത യുവാവ് വിഴിഞ്ഞം പൊലീസിന്റെ പിടിയിൽ.

തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം

മുഖ്യമന്ത്രി വിജയ് മന്ത്രിസഭ വിപുലീകരിക്കുന്നു. രണ്ട് കോൺഗ്രസ് എംഎൽഎമാർ മന്ത്രിമാരാകും. എഐഎഡിഎംകെ അംഗങ്ങളെ മന്ത്രിമാരാക്കരുതെന്ന് സിപിഎം ആവശ്യപ്പെട്ടു.

ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ്

ഹിമാചൽ പഞ്ചായത്തീരാജ് തിരഞ്ഞെടുപ്പിൽ 10,854 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 131 പഞ്ചായത്തുകളിൽ എല്ലാവരെയും എതിരില്ലാതെ തിരഞ്ഞെടുത്തു.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ

ബെംഗളൂരു – മുംബൈ റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വരുന്നുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

സാമ്പത്തിക പ്രതിസന്ധി

രാജ്യത്ത് വൻ സാമ്പത്തിക പ്രതിസന്ധി വരുമെന്നും ഇന്ധനവില വർധനയും സാമ്പത്തിക നയങ്ങളും പ്രതിസന്ധി രൂക്ഷമാക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യത

സർക്കാർ ഏതുനിമിഷവും താഴെ വീഴാമെന്നും ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജരാകാൻ ഡിഎംകെ അണികൾക്ക് എം കെ സ്റ്റാലിന്റെ നിർദ്ദേശം.

ആനത്താവളത്തിൽ അപകടം

കുടകിൽ ദുബാരെ ആനത്താവളത്തിൽ മാർത്താണ്ഡ എന്ന കൊമ്പൻ ചരിഞ്ഞു. മറ്റൊരു ആന കുത്തിവീഴ്ത്തിയതിനെത്തുടർന്ന് പുഴയിൽ വീണായിരുന്നു അപകടം.

ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി

ഡൽഹി കലാപ കേസിൽ ഇടക്കാല ജാമ്യം തേടിയുള്ള ഉമർ ഖാലിദിന്റെ അപേക്ഷ വിചാരണക്കോടതി തള്ളി.

സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സൈനിക കരാർ അഴിമതിക്കേസിൽ ഈസ്റ്റേൺ കമാൻഡിലെ കേണൽ ഹിമാൻഷു ബാലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു.

മമത ബാനർജിയുടെ വിമർശനം

പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ ന്യൂനപക്ഷങ്ങൾക്കും കച്ചവടക്കാർക്കും നേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് മമത ബാനർജി.

ട്രെയിനിൽ മൃതദേഹം

ലഖ്‌നൗവിലേക്ക് സർവീസ് നടത്തുന്ന ഗോംതിനഗർ എക്‌സ്പ്രസിലെ ഒഴിഞ്ഞ കോച്ചിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി.

തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു

ഫാൾട്ട നിയോജക മണ്ഡലത്തിൽ റീപോളിങ് നടക്കാനിരിക്കെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ നാമനിർദേശ പത്രിക പിൻവലിച്ചു.

പീഡനക്കേസ് പ്രതിക്ക് വൻ സ്വീകരണം

ഗാസിയാബാദിൽ ജാമ്യം കിട്ടിയ പീഡനക്കേസ് പ്രതിക്ക് പൂമാലയിട്ട് വൻ സ്വീകരണം നൽകിയ സംഭവത്തിൽ അഖിലേഷ് യാദവ് സർക്കാരിനെതിരെ രംഗത്ത്.

മോദി സർക്കാരിനെതിരെ കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വാർത്താ സമ്മേളനങ്ങളും ചോദ്യങ്ങളും ഭയമാണെന്നു കോൺഗ്രസ് ആരോപിച്ചു.

റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക്

സെപ്റ്റംബറിൽ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എത്തും.

പ്രധാനമന്ത്രി ഇറ്റലിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. ജോർജിയ മെലോനിയുമായും പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തും.

ഇന്ത്യൻ ഉദ്യോഗസ്ഥൻ അന്തരിച്ചു

ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലുള്ള ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷനിൽ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി.

വിദേശ പഠനം: ഫ്രാൻസിലേക്ക് പ്രവാഹം

വിസ നിയമങ്ങൾ കടുപ്പിച്ചതോടെ കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ വിദ്യാർഥികൾ ഫ്രാൻസിലേക്ക് തിരിയുന്നു.

പാക് സൈന്യത്തിന്റെ നുണ പ്രചാരണം

ഇന്ത്യയിലെ ‘രാജൗരി’, ‘മാമുൻ’ വ്യോമതാവളങ്ങൾ തകർത്തെന്നു പാക് സൈനിക ഉദ്യോഗസ്ഥൻ, എന്നാൽ ഇത്തരം താവളങ്ങൾ ഇന്ത്യയിലില്ല.

ഐപിഎൽ: രാജസ്ഥാൻ റോയൽസിന് ജയം

ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് സാധ്യത സജീവമാക്കി.

നെസ്ലെ ഇന്ത്യയുടെ കുതിപ്പ്

ആഭ്യന്തര വിൽപ്പനയിൽ ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും മികച്ച ത്രൈമാസ വളർച്ചയുമായി നെസ്ലെ ഇന്ത്യ. മാഗിയും കിറ്റ്കാറ്റും ഇന്ത്യയിൽ വൻ വിപണി നേടുന്നു.

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ

തെരഞ്ഞെടുത്തവർക്ക് മാത്രമായി സ്റ്റാറ്റസ് കാണാൻ സാധിക്കുന്ന ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റാറ്റസ് ലിസ്റ്റ്’ ഫീച്ചറുമായി വാട്‌സ്ആപ്പ്.

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’

പാർവതി തിരുവോത്ത് പ്രധാന വേഷത്തിലെത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന പോലീസ് ഇൻവെസ്റ്റിഗേറ്റീവ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.

‘ഓപ്പറേഷൻ ത്രാൾ’ ഷൂട്ടിംഗ് തുടങ്ങി

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കി രതീഷ് വേഗ സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ത്രാൾ’ ഷൂട്ടിംഗ് ആരംഭിച്ചു.

ബിവൈഡി പുതിയ എസ്യുവി പുറത്തിറക്കുന്നു

ബിവൈഡി തങ്ങളുടെ പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്യുവി ‘സീലിയൻ 6’ ഇന്ത്യയിൽ പുറത്തിറക്കുന്നു.

പുസ്തക പരിചയം

അജീഷ് അശോകന്റെ പുതിയ കഥാസമാഹാരം ‘പാതി പറഞ്ഞ കഥകൾ’ പുറത്തിറങ്ങി.

ആരോഗ്യ കുറിപ്പ്

സ്ത്രീകളിൽ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ ഫ്ലാക്സ് സീഡുകൾ, ഇലക്കറികൾ, നട്‌സ്, തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here