വെള്ളറട: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി)തിരുവനന്തപുരം ജില്ല ചിൽഡ്രൻസ് കമ്മീഷൻ നേതൃത്വം നൽകിയ എക്യൂമെനിക്കൽ വി ബി എസ്സിന്റെ ജില്ലാ തല സമാപനം വെള്ളറട സോൾ വിന്നിങ്ങ് ചർച്ചിൽ നടന്നു.
ചിൽഡ്രൻസ് കമ്മീഷൻ സംസ്ഥാന ചെയർമാൻ സ്മിജു ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.കെ സി സി ജില്ലാ സെക്രട്ടറി റവ.ഡോ.എൽ.റ്റി പവിത്രസിങ് അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് റവ. എ ആർ നോബിൾ, വൈസ് പ്രസിഡൻ്റ് റവ.റ്റി.ദേവ പ്രസാദ്, കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ
മേജർ റ്റി.ഇ.സ്റ്റീഫൻസൺ, ചിൽഡ്രൻസ് കമ്മീഷൻ ജില്ലാ ചെയർമാൻ റവ.വിമൽരാജ്,
ജില്ലാ ജോ. സെക്രട്ടറി ടി ജെ മാത്യു മാരാമൺ, വൈസ് പ്രസിഡൻ്റ് ജി വിജയരാജ്
കഴക്കൂകുട്ടം അസംബ്ളി സെക്രട്ടറി റവ.ഷെറി എസ് റോബർട്ട്, വനിത കമ്മീഷൻ ജില്ലാ ചെയർമാൻ വിനീത ജോർജ്, കെ സി സി ജില്ലാ വൈസ് പ്രസിഡൻ്റ് പുഷ്പലത നെൽസൺ, റവ. അരുൾദാസ്,റവ.രാജൻ, റവ.സുനിൽരാജൻ, റവ. ക്രിസ്തുദാസ്, റവ.ജോൺ പ്രസാദ്, റവ.ജിബിൻ, , അപർണ്ണ, റോഷിൻ, എന്നിവർ നേതൃത്വം നൽകി. നെയ്യാറ്റിൻകര, വെള്ളറട അസംബ്ളി മണ്ഡലങ്ങളിലെ കെ സി സി അംഗ സഭകളിൽ നിന്നുള്ള 200ൽപ്പരം കുട്ടികൾ പങ്കെടുത്തു. പാട്ടുകൾ, കഥകൾ, ഡാൻസ്, ഗെയിം, പപ്പറ്റ് ഷോ തുടങ്ങിയ കുട്ടികൾക്കായി നടത്തി.
കേരള കൗൺസിൽ ഓഫ് ചർച്ചസ് എക്യുമെനിക്കൽ വി ബി എസ് സമാപിച്ചു
ഡോ. വന്ദന ദാസ് കൊലപാതകം; ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതി സന്ദീപ് ഹൈക്കോടതിയെ സമീപിച്ചു
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ വിചാരണ കോടതി ശിക്ഷിച്ച കേസിലെ പ്രതി സന്ദീപ് തന്റെ ശിക്ഷ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവന്‍, കെ. വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ചൊവ്വാഴ്ച അപ്പീല്‍ സ്വീകരിക്കുകയും കേസ് കൂടുതല്‍ പരിഗണനയ്ക്കായി മാറ്റുകയും ചെയ്തു. 2023 മെയ് 10 ന് സന്ദീപ് എന്നയാള്‍ ഡോ. ദാസിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മദ്യപിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പുലര്‍ച്ചെ പോലീസ് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. കാഷ്വാലിറ്റി വാര്‍ഡിലേക്ക് കൊണ്ടുപോകുമ്പോള്‍, സന്ദീപ് പരിശോധനാ നടപടികള്‍ മുറിയില്‍ നിന്ന് ഒരു കത്രിക എടുത്ത് ഡോ. വന്ദനയെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി, കൊലപാതകം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, കൊലപാതകശ്രമം, 2012 ലെ കേരള ഹെല്‍ത്ത്കെയര്‍ സര്‍വീസ് പേഴ്‌സണ്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആന്‍ഡ് ഡാമേജ് ടു പ്രോപ്പര്‍ട്ടി) ആക്ട് പ്രകാരമുള്ള നിരവധി കുറ്റങ്ങള്‍ എന്നിവയില്‍ സന്ദീപിനെതിരെ കുറ്റം ചുമത്തി. കൊലപാതകക്കുറ്റത്തിന് സെഷന്‍സ് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൂടാതെ, കൊലപാതകശ്രമത്തിന് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും, ഗുരുതരമായി പരിക്കേറ്റതിന് 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു.
മാനസിക രോഗവും അബോധാവസ്ഥയും കാരണം സംഭവദിവസം സ്ഥിതി മനസ്സിലാക്കാനും വിലയിരുത്താനും തനിക്ക് ശരിയായ മാനസികാവസ്ഥയില്ലെന്ന് സന്ദീപ് തന്റെ അപ്പീലില്‍ അവകാശപ്പെട്ടു. തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവി തന്റെ മാനസികാവസ്ഥയെക്കുറിച്ച് നല്‍കിയ തെളിവുകള്‍ ശരിയായി വിലമതിക്കുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടുവെന്നും അദ്ദേഹം വാദിക്കുന്നു.
കൊല്ലത്ത് വീണ്ടും നിർമാണം പുരോഗമിക്കുന്ന ദേശീയ പാതയിൽ വിള്ളൽ
കൊല്ലം. വീണ്ടും നിർമാണം പുരോഗമിക്കുന്ന ദേശീയ പാതയിൽ വിള്ളൽ . കാവനാട് ആൽത്തറമൂട് മേൽപ്പാലത്തിലാണ് 100 മീറ്റർ ദൂരത്തിൽ വിള്ളൽ കണ്ടെത്തിയത്. പാരിസ്‌ഥിതിക പഠനം ശരിയായി നടത്താതെയാണ് ഇവിടെ മണ്ണിട്ട് ഉയർത്തി പാത നിർമിച്ചിരിക്കുന്നതെന്നാണ് കൗൺസിലർ അടക്കമുള്ളവർ ആരോപിച്ചു.
ഇന്നലെയാണ് കൊല്ലം കാവനാട് ആൽത്തറ മൂട് ദേശീയ പാതയിലെ മേൽപ്പാലത്തിൽ വിള്ളൽ രൂപപ്പെട്ടത്. 100 മീറ്ററോളം നീളത്തിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടതോടെ നാട്ടുകാർ ആശങ്കയിലായി
ഏഴിലധികം തുരുത്തുകൾ ഉൾക്കൊള്ളുന്ന പ്രദേശത്ത് പാരിസ്‌ഥിതിക പഠനം ശരിയായി നടത്താതെയാണ് മേൽപ്പാലത്തിനായി മണ്ണിട്ട് ഉയർത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡിലെ വിള്ളൽ അടച്ച് താൽക്കാലിക പരിഹാരം കാണാൻ നിർമാണ കമ്പിനിയായ ശിവാലയ കൺസ്ട്രക്‌ഷൻസ് ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു
ശാസ്‌ത്രീയ പരിശോധന നടത്താതെ ഇനി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. ടാർ ചെയ്യുന്നതിന് മുൻപ് പാലത്തിനായി മണ്ണിട്ട് ഉയർത്തുമ്പോൾ ഇതേ ഭാഗത്ത് ആർ ഇ വോൾ പുറത്തേക്ക് തള്ളി വന്നിരുന്നു. ആൽത്തറമുട് മുതൽ നീണ്ടകര വരെ എലിവേറ്റഡ് ഹൈവേ വേണമെന്ന് അന്നു തന്നെ ആവശ്യം ഉയർന്നിരുന്നെങ്കിലും ഉദ്യോഗസ്ഥർ നിരാകരികരിക്കുകയായിരുന്നു.
സംഭവത്തിൽ കൗൺസിലർ ജില്ലാ കലക്ടർക്കു പരാതി നൽകിയതിനെ തുടർന്ന് വിള്ളൽ ഉണ്ടായ ഭാഗത്ത്
പരിശോധന നടത്താൻ നിർമ്മാണ കമ്പിനിയ്ക്ക് കളക്ടർ നിർദ്ദേശം നൽകി.
നിലവിൽ ഇതുവഴി വാഹന ഗതാഗതം ഇല്ല. ഗതാഗതത്തിന് തുടർന്ന് കൊടുത്താൻ റോഡ് വീണ്ടും ഇടിയുമോയെന്ന ആശങ്കയും ജനങ്ങൾക്ക് ഉണ്ട്
ജി സുധാകരന്‍ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കേരളത്തിന്റെ 16-ാം നിയമസഭയില്‍ ആദ്യ എംഎല്‍എയായി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടേം സ്പീക്കറായി ചുമതലയേറ്റ ജി സുധാകരന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മറ്റു മന്ത്രിമാരും പങ്കെടുത്തു.
പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെയാണ് തുടക്കമാകുന്നത്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നാളത്തെ പ്രധാന അജണ്ട. പ്രോ ടേം സ്പീക്കറായ ജി സുധാകരന്റെ മുന്നിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുക. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ജി സുധാകരന്റെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന കാഴ്ച കാണാന്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുകയാണ് രാഷ്ട്രീയ കേരളം.
നാളെ അംഗങ്ങളില്‍ ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കൂ. വെള്ളിയാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫ് പ്രതിനിധിയായി മത്സരിക്കുക. 29നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം.
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസ്, അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ കടുത്ത വിമർശനം
കൊച്ചി.വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസ്.അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ കടുത്ത വിമർശനം.പി ശശിധരൻ ഐപിഎസിനെതിരെ സിംഗിൾ ബെഞ്ച്.അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിൽ അതൃപ്തിയുമായി കോടതി
“ഇദ്ദേഹത്തെ രണ്ട് കേസ് ഏൽപ്പിച്ചിട്ടുണ്ട്; ഒന്ന് ശബരിമല, രണ്ട് മൈക്രോഫിനാൻസ് കേസ്; രണ്ടിലും ഒന്നും നടക്കാൻ പോകുന്നില്ലെന്ന് കോടതി.അന്വേഷണം പൂർത്തിയാകാത്തത് എന്തുകൊണ്ടെന്ന് ഞാൻ പറയേണ്ടതില്ല.എന്താണ് നടക്കുന്നത് എന്ന് നാട്ടുകാർക്ക് അറിയാം.ഇങ്ങനെ വെച്ച് താമസിപ്പിക്കരുത്
വിഷയം ഗൗരവത്തിൽ എടുക്കണമെന്നും കോടതി.അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ഒരുമാസം കൂടി സമയം അനുവദിച്ചു.ഒന്നും നടക്കാൻ പോകുന്നില്ലെന്നും കോടതിയുടെ വിമർശനം.ജൂൺ 20ന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി.
സിൽവർ ലൈൻ പദ്ധതി വരില്ല കേട്ടോ, കെ റെയില്‍ സർക്കാർ പൂർണ്ണമായി റദ്ദാക്കി,PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും ശുപാര്‍ശ
തിരുവനന്തപുരം: കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വലിയ ജനകീയ പ്രതിരോധങ്ങൾക്കും രാഷ്ട്രീയ കൊടുങ്കാറ്റുകൾക്കും വഴിവെച്ച സിൽവർ ലൈൻ പദ്ധതിയുടെ കുറ്റി പിഴുത് യുഡിഎഫ് സർക്കാർ. കെ റെയില്‍ പദ്ധതി സര്‍ക്കാര്‍ പൂർണ്ണമായി റദ്ദാക്കി. ബുധനാഴ്ച ചേർന്ന സുപ്രധാന മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ജനങ്ങൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഈ വലിയ പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കായി സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കാൻ മുൻ സർക്കാർ പുറപ്പെടുവിച്ചിരുന്ന എല്ലാത്തരം ഔദ്യോഗിക ഉത്തരവുകളും വിജ്ഞാപനങ്ങളും പുതിയ മന്ത്രിസഭ പൂർണ്ണമായി റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.
സിൽവർ ലൈൻ വിരുദ്ധ സമരങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാവപ്പെട്ട സാധാരണക്കാർക്കും രാഷ്ട്രീയ പ്രവർത്തകർക്കും എതിരെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവിധ ക്രിമിനൽ കേസുകളും അടിയന്തരമായി റദ്ദാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നു കൂടിയാണ് ഇതോടെ വി ഡി സതീശൻ സർക്കാർ അധികാരമേറ്റ് ആദ്യ നാളുകളിൽ തന്നെ നടപ്പിലാക്കിയിരിക്കുന്നത്.
മഞ്ഞക്കുറ്റികൾ ചരിത്രമാകും; റവന്യൂ വകുപ്പിന് അടിയന്തര നിർദ്ദേശം
കെ-റെയിൽ പദ്ധതിയുടെ അതിരടയാളങ്ങൾ നിശ്ചയിക്കുന്നതിനായി ജനങ്ങളുടെ പുരയിടങ്ങളിലും കൃഷിയിടങ്ങളിലും സ്ഥാപിച്ച കോൺക്രീറ്റ് മഞ്ഞക്കുറ്റികൾ സംസ്ഥാനത്തുടനീളം അടിയന്തരമായി നീക്കം ചെയ്യാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് കൃത്യമായ നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നേരിട്ട് കർശന നിർദ്ദേശം നൽകി.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്ന മറ്റൊരു നിർണ്ണായക തീരുമാനവും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. നിലവിൽ കാലാവധി അവസാനിക്കാറായതും പ്രതിസന്ധി നേരിടുന്നതുമായ വിവിധ പിഎസ്‌സി (PSC) റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം ഔദ്യോഗികമായി തീരുമാനിച്ചു.
റെയിൽവേയിൽ 11127 അസിസ്റ്റന്റ് ലോക്കോപൈലറ്റ്, അപേക്ഷിക്കേണ്ട വിധം
ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോപൈലറ്റുമാരുടെ ഒഴിവിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ: 01/2026 രാജ്യത്തെ 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി (ആർ.ആർ.ബി.) ആകെ 11,127 ഒഴിവുണ്ട്. ഇതിൽ 64 ഒഴിവ് തിരുവനന്തപുരം ആർ.ആർ.ബി.യിലാണ്. ഐ.ടി.ഐ./ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലുമൊരു ആർ.ആർ.ബി.യിലേക്കേ അപേക്ഷിക്കാനാവൂ. അക്കൗണ്ട് ക്രിയേറ്റ്‌ചെയ്തശേഷം അപേക്ഷിക്കണം. ലൈവ് ഫോട്ടോയും ഒപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. സൗജന്യ ട്രെയിൻ യാത്രാ പാസ് ആവശ്യപ്പെടുന്ന എസ്.സി./ എസ്.ടി. വിഭാഗക്കാർ ഇതിനായി എസ്.സി./എസ്.ടി. സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട പച്ചക്കറികൾ
ശരീരഭാരം, ദഹനം, പ്രമേഹം തുടങ്ങിയ കാര്യങ്ങളിലൊക്കെ നമ്മൾ എപ്പോഴും ശ്രദ്ധചെലുത്താറുണ്ട്. എന്നാൽ രോഗ ലക്ഷണങ്ങൾ കാണുന്നതുവരെ കരളിന്റെ ആരോഗ്യം നമ്മൾ ശ്രദ്ധിക്കാറില്ല. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട പച്ചക്കറികൾ ഇതാണ്.
പാവയ്ക്ക
പ്രമേഹം നിയന്ത്രിക്കാൻ പാവയ്ക്ക കഴിക്കുന്നത് ഗുണകരമാണ്. ഇത് ഇൻസുലിൻ സംവേദനക്ഷമത കൂട്ടാൻ സഹായിക്കുന്നു. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് കഴിക്കുന്നത് നല്ലതാണ്.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ബ്രൊക്കോളി
ബ്രൊക്കോളി, കോളിഫ്ലവർ, ക്യാബേജ് തുടങ്ങിയ പച്ചക്കറികളിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.
മകൻ പോലും ചോദിച്ചു, കണ്ണാടിയിൽ നോക്കാറുണ്ടോ? വീട്ടിൽ നിന്ന് പോലും വിമർശനമെന്ന് ഗോവിന്ദൻ, പിണറായിക്കും ഓഫീസിനുമെതിരെ അതിരൂക്ഷ വിമർശനം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ പിണറായി വിജയനും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും രൂക്ഷ വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള കാരണം പിണറായിയുടെ ധാർഷ്ട്യം ആണെന്നും ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തതാണെന്നും സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. വീട്ടിൽ പോയി പറയാൻ പറയുന്നതിന് പല അർത്ഥങ്ങളുണ്ട്, ഒരു സിപിഎം പ്രവർത്തക സെൽഫിയെടുത്തത് പോലും മുഖ്യമന്ത്രി തടഞ്ഞുവെന്നും നേതാക്കൾ വിമർശിച്ചു. പ്രായപരിധിയിൽ എന്തിന് പിണറായിക്ക് മാത്രം ഇളവ് നൽകിയതും സെക്രട്ടറിയേറ്റിൽ ചോദ്യം ചെയ്തു.
സംസ്ഥാന സമിതി അംഗങ്ങളെ പോലും മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കി, പിന്നെ പിണറായിക്ക് മാത്രം എന്തു പ്രത്യേകതയാണ് ഉള്ളത്. പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചോദ്യമുയർന്നു. എന്നാൽ പിണറായി അല്ലാതെ മറ്റാരെ ആക്കും എന്ന് ഗോവിന്ദൻ ചോദിച്ചു. സീനിയറായി വേറെ ആരുമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. യുപിയിൽ യോഗി പന്തലിട്ടാണ് സാധാരണക്കാരെ സ്വീകരിക്കുന്നതെന്നും, ഇവിടെ സിഎം ഓഫീസിൽ സാധാരണക്കാരന് പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. മുഷിഞ്ഞ ഷർട്ട് ഇടുന്നവരെ മാറി നിൽക്കാൻ പറയുമെന്നും വിമർശനമുയർന്നു.
മന്ത്രിമാരായ എം.ബി രാജേഷും വീണ ജോർജ്ജും പൂർണ പരാജയം ആയിരുന്നുവെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. മണ്ഡല പുനർനിർണയം തദ്ദേശ തിരിച്ചടിക്ക് കാരണമായി. ലൈഫ് പദ്ധതിയും പാതിവഴിയിലായി. മന്ത്രിയുടെ ഓഫീസ് പൂർണ പരാജയമായിരുന്നു. സംഘടനാ ബോധമില്ലാത്തവരെ മന്ത്രിയാക്കരുതെന്ന് വീണക്കെതിരെ വിമർശനം ഉയർന്നു. പത്തനംതിട്ട ടൗണിൽ കാണാമെന്ന വീണയുടെ വെല്ലുവിളി ജനങ്ങളോടായിരുന്നു. തെരഞ്ഞെടുപ്പിൽ കിട്ടിയത് അതിനുള്ള മറുപടിയാണ്. സമരങ്ങളെ വഴിതിരിച്ചു വിടാനാണ് മന്ത്രി ശ്രമിച്ചതെന്നും നേതാക്കൾ തുറന്നടിച്ചു.
അതേസമയം തനിക്ക് വീട്ടിൽ നിന്നു പോലും വിമർശനം ഉണ്ടെന്ന് എംവി ഗോവിന്ദൻ സമ്മതിച്ചു. വാർത്താസമ്മേളനങ്ങളുടെ ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച സെക്രട്ടറി വീട്ടിൽ നിന്നു പോലും വിമർശനം ഉണ്ടെന്ന് പറഞ്ഞു. ഒരിക്കൻ കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് മകൻ ചോദിച്ചുവെന്നും പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടു നോക്കണമെന്നും മകൻ പറഞ്ഞെന്നും ഗോവിന്ദൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് തിരികെ ചോദ്യം ചോദിക്കുന്നത് നിർത്തിയെന്നും കൂടുതൽ പക്വതയോടെ പെരുമാറുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതേസയം ഭാര്യ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെ ഗോവിന്ദൻ ന്യായീകരിച്ചു. ആണധികാരം പ്രയോഗിക്കാതിരിക്കാനാണ് ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതെന്നും, സ്ഥാനാർത്ഥിത്വത്തെ വിമർശിക്കുന്നവർ ആണധികാരത്തിന്റെ വക്താക്കളാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി വിമർശനങ്ങൾക്കാണ് പാർട്ടി സെക്രട്ടറി മറുപടി നൽകിയത്.
അതെ ഞാൻ അവതാരം തന്നെ, നിയോഗിക്കപ്പെട്ട അവതാരം, ‘ആ ഫോട്ടോ കണ്ട് തിളക്കുന്നവർക്ക്’ ചുട്ട മറുപടിയുമായി നടി റിനി ആൻ ജോർജ്
കൊച്ചി: വി.ഡി സതീശന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നടി ആൻ ജോർജിനെ വളഞ്ഞിട്ടു കൂവുകയും സോഷ്യൽ മീഡയയിൽ രൂക്ഷ വിമർശനവും നടത്തുകയാണ് ഒരു വിഭാഗം കോൺഗ്രസ് അണികൾ. ജനപ്രതിനിധികൾക്കടക്കം സത്യപ്രതിജ്ഞാ വേദിക്കരികിലേക്ക് എത്താൻ സാധിക്കാത്തിടത്ത് എങ്ങനെയാണ് കോൺഗ്രസിനെതിരെ സംസാരിക്കുന്ന റിനി എത്തിയതെന്നും വിഐപി പരിവേഷത്തോടെ സത്യ പ്രതിജ്ഞാ ചടങ്ങിലെ മുഖ്യാതിഥികളിലൊരാളായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ചിത്രം എടുത്തത് എന്നും അണികൾ ചോദിക്കുന്നു.
ഇപ്പോഴിതാ തനിക്കെതിരായ വിമർശനങ്ങളോട് പ്രതികരിക്കുകയാണ് റിനി. എന്നെ അവതാരം എന്ന് വിളിച്ചു കളിയാക്കുന്നവർക്കായി, അതെ ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം ആണെന്ന് റിനി പറയുന്നു.
‘ഒരു പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങിൽ ഒരു പെൺകുട്ടിയെ വളഞ്ഞിട്ടു കൂവി വിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലർക്കും രേവന്ത് റെഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോൾ രക്തം തിളയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം. ഇങ്ങനെ തന്നെ ആയിരിക്കണം രാഷ്ട്രീയ പ്രവർത്തനം. മാതൃക രാഷ്ട്രീയപ്രവർത്തകർ… എന്നെ അവതാരം എന്ന് വിളിച്ചു കളിയാകുന്നവർക്കായി അതെ ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം’- റിനി ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന റിനി മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ വിവാദമായ ഓഡിയോ സന്ദേശങ്ങൾ പുറത്ത് വന്നതും പീഡനാരോപണം വലിയ വിവാദമായതും. ഈ സാഹചര്യത്തിലാണ് റിനി സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയതിന് വിമർശനം രൂക്ഷമാകുന്നത്. അഞ്ചുവർഷം കഴിഞ്ഞ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും ഇറക്കാൻ പോകുന്ന സരിതയാണ് റിനിയെന്നാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ചിലത്. സൂക്ഷിച്ചാൽ ദുഖിക്കേണ്ടെന്നും മുഖ്യമന്ത്രി കൂടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകണമെന്നുമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണം.
ഇത്തരം അവതാരങ്ങളിൽ നിന്ന് അകലം പാലിക്കലാവും ഏറ്റവും ദുർഘടമെന്നും ചിലർ കുറിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന് വേണ്ടി വിടുപണി എടുത്ത സ്ത്രീയാണെന്നും ഇതുപോലുള്ളവരെ അകറ്റി നിർത്തുന്നതാണ് ഭാവിക്ക് നല്ലതെന്നും ചിലർ പ്രതികരിക്കുന്നത്. റിനി പ്രധാന വേദിയിലെത്തിയതിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി തുടങ്ങിയവർ പരസ്യമായി രംഗത്ത് വന്നിരുന്നു.




































