Home News Breaking News സിൽവർ ലൈൻ പദ്ധതി വരില്ല കേട്ടോ, കെ റെയില്‍ സർക്കാർ പൂർണ്ണമായി റദ്ദാക്കി,PSC റാങ്ക് ലിസ്റ്റുകളുടെ...

സിൽവർ ലൈൻ പദ്ധതി വരില്ല കേട്ടോ, കെ റെയില്‍ സർക്കാർ പൂർണ്ണമായി റദ്ദാക്കി,PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും ശുപാര്‍ശ

Advertisement

തിരുവനന്തപുരം: കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വലിയ ജനകീയ പ്രതിരോധങ്ങൾക്കും രാഷ്ട്രീയ കൊടുങ്കാറ്റുകൾക്കും വഴിവെച്ച സിൽവർ ലൈൻ പദ്ധതിയുടെ കുറ്റി പിഴുത് യുഡിഎഫ് സർക്കാർ. കെ റെയില്‍ പദ്ധതി സര്‍ക്കാര്‍ പൂർണ്ണമായി റദ്ദാക്കി. ബുധനാഴ്ച ചേർന്ന സുപ്രധാന മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ജനങ്ങൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഈ വലിയ പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കായി സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കാൻ മുൻ സർക്കാർ പുറപ്പെടുവിച്ചിരുന്ന എല്ലാത്തരം ഔദ്യോഗിക ഉത്തരവുകളും വിജ്ഞാപനങ്ങളും പുതിയ മന്ത്രിസഭ പൂർണ്ണമായി റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.

സിൽവർ ലൈൻ വിരുദ്ധ സമരങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാവപ്പെട്ട സാധാരണക്കാർക്കും രാഷ്ട്രീയ പ്രവർത്തകർക്കും എതിരെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവിധ ക്രിമിനൽ കേസുകളും അടിയന്തരമായി റദ്ദാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നു കൂടിയാണ് ഇതോടെ വി ഡി സതീശൻ സർക്കാർ അധികാരമേറ്റ് ആദ്യ നാളുകളിൽ തന്നെ നടപ്പിലാക്കിയിരിക്കുന്നത്.

മഞ്ഞക്കുറ്റികൾ ചരിത്രമാകും; റവന്യൂ വകുപ്പിന് അടിയന്തര നിർദ്ദേശം

കെ-റെയിൽ പദ്ധതിയുടെ അതിരടയാളങ്ങൾ നിശ്ചയിക്കുന്നതിനായി ജനങ്ങളുടെ പുരയിടങ്ങളിലും കൃഷിയിടങ്ങളിലും സ്ഥാപിച്ച കോൺക്രീറ്റ് മഞ്ഞക്കുറ്റികൾ സംസ്ഥാനത്തുടനീളം അടിയന്തരമായി നീക്കം ചെയ്യാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് കൃത്യമായ നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നേരിട്ട് കർശന നിർദ്ദേശം നൽകി.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്ന മറ്റൊരു നിർണ്ണായക തീരുമാനവും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. നിലവിൽ കാലാവധി അവസാനിക്കാറായതും പ്രതിസന്ധി നേരിടുന്നതുമായ വിവിധ പിഎസ്‌സി (PSC) റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം ഔദ്യോഗികമായി തീരുമാനിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here