27.1 C
Kollam
Friday 2nd October, 2026 | 11:45:00 PM
Home News Local കരുനാഗപ്പള്ളി ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിക്ക് അന്താരാഷ്ട്ര പുരസ്കാരം

കരുനാഗപ്പള്ളി ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിക്ക് അന്താരാഷ്ട്ര പുരസ്കാരം

Advertisement

കരുനാഗപ്പള്ളി. ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിലെ ഫൈനൽ ഇയർ കമ്പ്യൂട്ടർ സയൻസ് ബി.ടെക് വിദ്യാർത്ഥിയായ അഭിമന്യു ആർ. ബി, ആമസോൺ വെബ് സർവീസസ് (AWS) സംഘടിപ്പിച്ച AWS 10,000 AIdeas മത്സരത്തിലെ നൂതന ആശയ പുരസ്കാര വിഭാഗത്തിൽ AWS-ന്റെ വിദഗ്ധ സമിതിയാൽ തിരഞ്ഞെടുക്കപ്പെട്ടു. 115-ലധികം രാജ്യങ്ങളിൽ നിന്നുള്ള സമർപ്പണങ്ങളാണ് മത്സരത്തിലുണ്ടായിരുന്നത്. വിവിധ ഘട്ടങ്ങളിലായുള്ള കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കൊടുവിലാണ് അഭിമന്യു അംഗീകാരം നേടിയത്.


അഭിമന്യു വികസിപ്പിച്ച “അനുകൃതി” എന്ന AI അധിഷ്ഠിത ഗവേഷണ സംവിധാനത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. വിവിധ ജനവിഭാഗങ്ങളിലുള്ള ആളുകളിൽ മരുന്നുകൾ എങ്ങനെ വ്യത്യസ്തമായി പ്രതികരിക്കാമെന്ന് പഠിക്കാനും, ജനിതക വിവരങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് മരുന്നുകളുടെ സുരക്ഷ മുൻകൂട്ടി വിലയിരുത്താനും സഹായിക്കുന്ന സംവിധാനമാണിത്.


മെഡിക്കൽ ഗവേഷണങ്ങളിൽ പരിമിതമായ ജനവിഭാഗങ്ങളുടെ ഡാറ്റ കൂടുതലായി ഉപയോഗിക്കപ്പെടുന്നതിനാൽ, മറ്റ് സമൂഹങ്ങളിലെ ആളുകളിൽ മരുന്നുകളുടെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. അനുകൃതി ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന സംവിധാനമാണ്.
ശ്രദ്ധേയമായ സാങ്കേതിക നടപ്പാക്കലിനും സൃഷ്ടിപരമായ പ്രശ്നപരിഹാര കഴിവിനുമാണ് അഭിമന്യുവിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. പുരസ്കാരമായി 10,000 അമേരിക്കൻ ഡോളർ പാരിതോഷികവും 1,000 അമേരിക്കൻ ഡോളർ മൂല്യമുള്ള AWS ക്ലൗഡ് സേവന ക്രെഡിറ്റും ലഭിച്ചു. അഭിമന്യുവിന്റെ ഈ നേട്ടം കോളേജിനും അക്കാദമിക് സമൂഹത്തിനും അഭിമാനകരമായ നേട്ടമാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.