തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍. ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് നിലവില്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് വിവരം.
കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിദിനം 12 ലക്ഷം സ്ത്രീ യാത്രക്കാര്‍ ആശ്രയിക്കുന്നതായാണ് ഏകദേശ കണക്ക്. സൗജന്യയാത്രക്കായി പ്രതിമാസം ഏകദേശം 60 കോടിയെങ്കിലും സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് സബ്സിഡിയായി നല്‍കേണ്ടി വരും. ഏതൊക്കെ ബസുകളില്‍, എത്ര ദൂരം വരെ യാത്ര ചെയ്യാമെന്ന കാര്യത്തില്‍ യോഗത്തിന് ശേഷമേ വ്യക്തതയുണ്ടാകു. ജില്ലകള്‍ക്ക് പുറത്തേക്ക് സൗജന്യയാത്ര അനുവദിക്കണോയെന്നും എല്ലാ പ്രായക്കാര്‍ക്കും ഈ ആനുകൂല്യം നല്‍കണമോയെന്നും സര്‍ക്കാര്‍ തീരുമാനമെടുക്കാനുണ്ട്.
കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതികള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. കര്‍ണാടകയില്‍ എ.സി, സ്ലീപ്പര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയില്ല. തമിഴ്നാട്ടിലാകട്ടെ, ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ്. കേരളത്തില്‍ ഇതിലും വിപുലമായ രീതിയില്‍ ഫാസ്റ്റ് പാസഞ്ചറുകളില്‍ കൂടി ആനുകൂല്യം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. പദ്ധതി ജൂണ്‍ 15 മുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.






























