Home News Local പോരുവഴിയിൽ എസ്ഡിപിഐയെ പിന്തുണച്ച് സിപിഎം;ആർഎസ്എസിൻ്റെ മംഗളപത്രവും സിപിഎമ്മിന്

പോരുവഴിയിൽ എസ്ഡിപിഐയെ പിന്തുണച്ച് സിപിഎം;ആർഎസ്എസിൻ്റെ മംഗളപത്രവും സിപിഎമ്മിന്

Advertisement

ശാസ്‌താംകോട്ട:നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കോവൂർ കുഞ്ഞുമോനെ പരസ്യമായി പിന്തുണച്ച എസ്ഡിപിഐയെ തിരിച്ച് പിന്തുണച്ച് സിപിഎമ്മും.പോരുവഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് എക്സ് ഒഫിഷ്യോ അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ മത്സരിച്ച എസ്ഡിപിഐ സ്ഥാനാർത്ഥിയാണ് സിപിഎം പിന്തുണയിൽ വിജയിച്ചത്.എൽഡിഎഫ് പാനലിലാണ്
എസ്ഡിപിഐ സ്ഥാനാർത്ഥി മത്സരിച്ചത്.കുടുംബശ്രീ സിഡിഎസ് കമ്മിറ്റിയിലേക്കുള്ള എക്സ് ഒഫിഷ്യോ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി പഞ്ചായത്ത് പ്രസിഡൻ്റാണ് ഔദ്യോഗികമായി പാനൽ കമ്മിറ്റിയിൽ അവതരിപ്പിച്ചത്.

ഈ പാനലിൽ ഉൾപ്പെട്ടിരുന്ന എസ്ഡിപിഐ പ്രതിനിധിക്ക് എൽഡിഎഫിലെ 8 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതായാണ് വിവരം.വോട്ടെടുപ്പ് പൂർത്തിയായതോടെ എസ്ഡിപിഐ അംഗം എൽഡിഎഫ് പാനലിൽ നിന്ന് വിജയിക്കുകയും ചെയ്തു.ബിജെപി പ്രതിനിധികളെ ഈ സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തുക എന്ന തന്ത്രപരമായ നിലപാടിൻ്റെ ഭാഗമായാണ് വോട്ടെടുപ്പിൽ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് ഇടതുപക്ഷ പ്രാദേശിക നേതാക്കൾ വ്യക്തമാക്കുന്നത്.പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്തരം നീക്കമെന്നും അവർ കൂട്ടിച്ചേർക്കുന്നു.അതിനിടെ വരും ദിവസങ്ങളിൽ ഈ വിഷയം പ്രാദേശിക രാഷ്ട്രീയത്തിൽ കൂടുതൽ ചർച്ചകൾക്ക് കാരണമായേക്കും.

അതിനിടെ സിപിഎം നേതാവിൻ്റെ വിവാഹത്തിന് ആർഎസ്എസ്- ബിജെപി കമ്മിറ്റികൾ പരസ്യമായി മംഗളപത്രം നൽകിയതും വിവാദമായിരിക്കയാണ്. ശാസ്‌താംനടയിലെ സിപിഎം നേതാവിൻ്റെ വിവാഹത്തിനാണ് ആർഎസ്എസ് മംഗളപത്രം നൽകിയത്.ബിജെപിയുടെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങളും സംഘ്പരിവാർ നേതാക്കളും ചേർന്നാണ് ശാസ്താംനട ബ്രാഞ്ച് സെക്രട്ടറിയായ പ്രതിശുത വരന് മംഗളപത്രം സമ്മാനിച്ച് ഐക്യദാർഡ്യം അറിയിച്ചത്.കല്ലട സ്വദേശിയായ യുവതിയുമായി കഴിഞ്ഞ ദിവസമായിരുന്നു വിവാഹം.സിപിഎം നേതാവിൻ്റെ വിവാഹത്തിൽ പരസ്യമായി നടന്ന ആർഎസ്എസ് ഇടപെടലിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധം ഉയർത്തിയെങ്കിലും പോരുവഴിയിലെ നേതൃത്വം മൗനം പാലിച്ചുവെന്ന ആക്ഷേപവും ശക്തമാണ്.പോരുവഴിയിൽ ഏറെ നാളായി തുടരുന്ന ആർഎസ്എസ് സിപിഎം ഡീലിൻ്റെ ഭാഗമാണിതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ ആക്ഷേപം.ഏതായാലും സിപിഎം എസ്ഡിപിഐ ബന്ധവും ആർഎസ്എസ് സിപിഎം ബന്ധവും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here