27.6 C
Kollam
Friday 11th September, 2026 | 10:10:03 PM
Home News Local തടാകത്തിന്‍റെ നാട്ടില്‍ ജല അതോറിറ്റി വിതരണം ചെയ്യുന്നത് കലക്കവെള്ളം

തടാകത്തിന്‍റെ നാട്ടില്‍ ജല അതോറിറ്റി വിതരണം ചെയ്യുന്നത് കലക്കവെള്ളം

ശാസ്താംകോട്ട. ശുദ്ധജല തടാകത്തിന്‍റെ നാട്ടില്‍ പ്രാദേശിക വിതരണത്തിനെത്തുന്നത് കലക്കവെള്ളം, തടാകത്തില്‍ നിന്നും കൊല്ലം നഗരത്തിനും അനുബന്ധപഞ്ചായത്തുകള്‍ക്കുമായി പ്രതിദിനം നാലരക്കോടി ലിറ്റര്‍ ജലമാണ് പമ്പു ചെയ്ത് കൊണ്ടുപോകുന്നത്. പമ്പു ചെയ്തെടുക്കുന്ന ജലം ഫില്‍ട്ടര്‍ ഹൗസില്‍ ശുദ്ധീകരണം നടത്തി ക്ളോറിനേഷനും എയറേഷനും ശേഷമാണ് കൊല്ലത്തിനും ചവറ പന്മന സ്കീമിനും പ്രാദേശിക വിതരണത്തിനും അയക്കുന്നത്. തടാകം അതിരിടുന്ന ശാസ്താംകോട്ട, പടിഞ്ഞാറേകല്ലട, മൈനാഗപ്പള്ള എന്നീ മൂന്നു പഞ്ചായത്തുകളിലും തടാകത്തിലെ ജലം പ്രധാന ഫില്‍ട്ടര്‍ ഹൗസില്‍ എത്തിച്ച് പ്രാദേശിക വിതരണം വഴിയാണ് നല്‍കുന്നത്. ശൂരനാട് തെക്ക് പഞ്ചായത്തിനും ഇവിടെ നിന്നാണ് ജലം അയക്കുന്നത്. നേരത്തേ ഇത് കൊല്ലത്തിന് അയക്കുന്ന അതേ ഗുണ നിലവാരത്തിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതു സംബന്ധിച്ച് വലിയ സംശയം ഉയര്‍ന്നിരിക്കയാണ്. തീരത്ത് പലയിടത്തും ഇപ്പോള്‍ പല ദിവസവും കലങ്ങിയ ജലം എത്തുന്നുണ്ട്. ഇതിന് വ്യക്തമായ ഒരു വിശദീകരണം അധികൃതര്‍ നല്‍കാറില്ല.

വേനലില്‍ മാത്രമാണ് ഒട്ടേറെപ്പേരും കുടിനീരിന് തടാക ജലത്തെ ആശ്രയിക്കുന്നത്. അല്ലാത്ത സമയത്ത് കിണര്‍ ജലമാണ് ഏറെപ്പേരും ഉപയോഗിക്കുന്നത്. അതിനാല്‍ ഇത് വലിയ സംഘര്‍ഷമാവാറില്ല. എന്നാല്‍ ഇതേ ജലം ശേഖരിച്ച് പാചകാവശ്യത്തിനും ഉപയോഗിക്കുന്നവര്‍ വലയുകയാണ്. മാത്രമല്ല, കലക്കവെള്ളം കയറി ഫില്‍ട്ടറുകള്‍ ടാങ്കുകള്‍ എന്നിവ കേടാകുന്ന പതിവുമുണ്ട്.

തടാക സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ ശാസ്താംകോട്ട ഭാസ് നല്‍കിയ പരാതിയില്‍ അധികൃതര്‍ അന്വേഷണം നടത്തിയിട്ടുണ്ട്. വെറ്റ് ലാന്‍ഡ് അതോറിറ്റിക്കും ഉന്നതാധികൃതര്‍ക്കും സമിതി പരാതി നല്‍കി. തടാകത്തിന്‍റെ ചുറ്റുമുള്ള സ്വന്തക്കാര്‍ക്ക് മലിനജലം പമ്പുചെയ്യുന്ന നടപടി അന്വേഷിക്കണമെനംനാണ് സമിതിയുടെ ആവശ്യം.