വധശിക്ഷ നടപ്പാക്കുന്നതിനുള്ള തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. എന്നാൽ, വധശിക്ഷ നടപ്പാക്കാൻ കൂടുതൽ മാനുഷികവും വേദന കുറഞ്ഞതുമായ ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിന് കേന്ദ്രസർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്താമെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിൽ പ്രാബല്യത്തിലുള്ള തൂക്കിക്കൊല രീതി ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. തൂക്കിക്കൊലയ്ക്ക് പകരം വേദന കുറഞ്ഞ മറ്റൊരു മാർഗം നടപ്പാക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
അതേസമയം, ഇന്നത്തെ വിധി ഈ വിഷയത്തിലെ അവസാന വാക്കല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കുന്നതിനുള്ള ബദൽ മാർഗങ്ങളെക്കുറിച്ച് നിർണായകമായ ശാസ്ത്രീയ, വൈദ്യശാസ്ത്രപരമോ അനുഭവാധിഷ്ഠിതമോ ആയ പുതിയ തെളിവുകൾ ഭാവിയിൽ ലഭിക്കുകയാണെങ്കിൽ വിഷയം വീണ്ടും ഭരണഘടനാപരമായി പരിശോധിക്കാമെന്ന് കോടതി നിരീക്ഷിച്ചു.
വധശിക്ഷ നടപ്പാക്കുന്ന നിലവിലെ രീതി പുനഃപരിശോധിക്കുന്നതിൽ കേന്ദ്രസർക്കാരിന് തടസ്സമില്ലെന്നും, ആവശ്യമായാൽ വിദഗ്ധരുടെ സമിതി രൂപീകരിച്ച് കൂടുതൽ മാനുഷികമായ ബദൽ മാർഗങ്ങൾ സംബന്ധിച്ച് സമഗ്ര പഠനം നടത്താമെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയിൽ നിലവിൽ വധശിക്ഷ നടപ്പാക്കുന്നത് ‘കഴുത്തിൽ കുരുക്കിട്ട് മരണം സംഭവിക്കുന്നതുവരെ തൂക്കുക’ എന്ന രീതിയിലാണ്. ഈ രീതിയുടെ ഭരണഘടനാസാധുത 1983-ലെ ‘ദീന വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ കേസിൽ സുപ്രീം കോടതി ശരിവെച്ചിരുന്നു. ആ വിധി പുനഃപരിശോധിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണം.




























