27.8 C
Kollam
Thursday 1st October, 2026 | 08:53:15 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബര്‍ 1, വ്യാഴം | 1202 കന്നി 15 |...

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബര്‍ 1, വ്യാഴം | 1202 കന്നി 15 | രോഹിണി

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് – SFI സംഘർഷം: പോലീസ് ലാത്തിച്ചാർജ്

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പിൽ എം.പി എന്നിവർ നയിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനുനേരെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽനിന്ന് എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയും കല്ലേറു നടത്തുകയും ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരികെ തീപ്പന്തങ്ങളെറിഞ്ഞു. ഹോസ്റ്റലിൽനിന്ന് എസ്എഫ്ഐ പ്രവർത്തകർ ബിയർ കുപ്പികളെറിഞ്ഞു. സംഘർഷം രൂക്ഷമായതോടെ പോലീസ് ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. പോലീസുകാരടക്കം നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനും പരിക്കുണ്ട്.

ഇന്ത്യാ സഖ്യം ‘സേവ് ഡെമോക്രസി മാർച്ച്’ സംഘടിപ്പിക്കും

മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധി ജയന്തിദിനമായ നാളെ മുതൽ ഒക്ടോബർ 8 വരെ രാജ്യവ്യാപകമായി ‘സേവ് ഡെമോക്രസി മാർച്ച്’ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ നടത്താൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം തീരുമാനിച്ചു.

എം.കെ. മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനാക്കും

മുതിർന്ന മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കാബിനറ്റ് പദവിയോടെയാണ് നിയമനം.

തിരുവനന്തപുരം മാരാർജി ഭവനു നേരെ ആക്രമണം

തിരുവനന്തപുരം തമ്പാനൂരിൽ ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനു നേരെ ബൈക്കിലെത്തിയ രണ്ടുപേർ ബിയർ കുപ്പിയെറിഞ്ഞു. സംഭവത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഡിസിസി ഓഫീസ് ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം ഡിസിസി ഓഫീസിനു നേരെ ആക്രമണം നടത്തിയ ബിജെപി അനുഭാവികളായ അഡ്വ. പ്രദീപ്, ശ്രീലാൽ എന്നിവരെ തിരിച്ചറിഞ്ഞു. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം.

സംസ്ഥാനത്ത് ഇന്ന് SFI പഠിപ്പുമുടക്കൽ സമരം

യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ പോലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തു. ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്ക് മാർച്ചും വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.

ശബരിമല ടെൻഡർ വിവരങ്ങൾ ചോർത്തിയ ഹെഡ് ക്ലാർക്കിന് സസ്‌പെൻഷൻ

ശബരിമലയിലെ കുത്തക ലേലത്തിന്റെ ടെൻഡർ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഹെഡ് ക്ലാർക്ക് റെജിമോനെ സസ്‌പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. മൊബൈൽ ഫോൺ വഴിയാണ് വിവരങ്ങൾ ചോർന്നത്.

സാഹിത്യ അക്കാദമി പ്രസിഡന്റായി കൽപ്പറ്റ നാരായണൻ ചുമതലയേറ്റു

കൂടുതൽ ആളുകളെ സാഹിത്യത്തിലേക്ക് ക്ഷണിക്കുകയാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രസിഡന്റായി ചുമതലയേറ്റ കൽപ്പറ്റ നാരായണൻ പറഞ്ഞു. അക്കാദമി സെക്രട്ടറിയായി എം.പി. സുരേന്ദ്രനും ചുമതലയേറ്റു.

റേഷൻ കാർഡുകൾ മരവിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടപടിയെടുക്കും: മന്ത്രി

ആറുമാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ മരവിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്നും, ആരുടെയും കാർഡ് നഷ്ടപ്പെടില്ലെന്നും ഇ-കെവൈസി വഴി അവ സജീവമാക്കാമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

സിപിഎം നേതൃത്വത്തിനെതിരെ വിമർശനവുമായി ജി. സുധാകരൻ

സിപിഎം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ എംഎൽഎ രംഗത്തെത്തി. നിലവിലെ സിപിഎമ്മിൽ കമ്മ്യൂണിസത്തിന്റെ സുഗന്ധമുള്ളവർക്ക് നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്നും പാർട്ടിയിൽ ബൂർഷ്വാ ദുർഗന്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

കേരള ഐടി മിഷൻ പുതിയ ഡിജിറ്റൽ സംരംഭങ്ങൾക്ക് തുടക്കമിട്ടു

സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ സുതാര്യമാക്കാൻ ‘നമ്മുടെ കേരളം 2.0’, വാട്‌സ്ആപ്പ് സർവീസസ്, എഐ ചാറ്റ്ബോട്ട് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു.

കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുള്ള ആക്രമണത്തെ വി.ഡി. സതീശൻ അപലപിച്ചു

തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണങ്ങളെ മുഖ്യമന്ത്രി വി.ഡി. സതീശൻ അപലപിച്ചു. ആനാവൂർ മണ്ഡലം ഓഫീസ് തീയിട്ട കേസിൽ ഒരു ബിജെപി പ്രവർത്തകൻ പിടിയിലായിട്ടുണ്ട്.

സംഘർഷമുണ്ടായ ഹോസ്റ്റൽ പിണറായി വിജയൻ സന്ദർശിച്ചു

തിരുവനന്തപുരത്ത് സംഘർഷമുണ്ടായ യൂണിവേഴ്സിറ്റി ഹോസ്റ്റൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം നേതാക്കളായ വി.എസ്. ജോയ്, വി. ശിവൻകുട്ടി എന്നിവരും സന്ദർശിച്ചു.

മന്ത്രി കെ.എം. ഷാജിയെ യുവമോർച്ചക്കാർ തടഞ്ഞു

തിരുവനന്തപുരം വാന് റോസ് ജങ്ഷനിൽ വച്ച് തദ്ദേശ മന്ത്രി കെ.എം. ഷാജിയെ യുവമോർച്ച പ്രവർത്തകർ തടഞ്ഞു. വാഹനം തടഞ്ഞതിനെ തുടർന്ന് മന്ത്രി ഓട്ടോയിലും പിന്നീട് നടന്നും യാത്ര തുടരുകയായിരുന്നു.

വിമാനവും ഹെലികോപ്റ്ററും സർക്കാരിന് വിട്ടുനൽകാമെന്ന് എം.എ. യൂസഫലി

ഭരിക്കുന്നവർക്കോ സർക്കാരുകൾക്കോ ആവശ്യം വന്നാൽ തന്റെ സ്വന്തം വിമാനവും ഹെലികോപ്റ്ററും യാതൊരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ വിട്ടുനൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.

കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങാൻ 40 ലക്ഷം രൂപ ധനസഹായം

കെഎസ്ആർടിസി തൃശൂർ ഡിപ്പോയിലേക്ക് പുതിയ ബസ് വാങ്ങുന്നതിനായി തൃശ്ശൂർ സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി CSR ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറി.

എൽപിഎസ് ടി റാങ്ക് ഹോൾഡേഴ്‌സ് സമരം തുടരും

സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരം തുടരുമെന്ന് എൽപിഎസ് ടി റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധികൾ അറിയിച്ചു. അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കാൻ സർക്കാർ തയ്യാറായില്ല.

വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡിന് പാരിസ്ഥിതിക അനുമതി

വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡിനുള്ള പാരിസ്ഥിതിക അനുമതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയതോടെ പദ്ധതി യാഥാർഥ്യത്തിലേക്ക് അടുക്കുന്നു.

പാലാ നഗരസഭയിൽ കൗൺസിലറുടെ പ്രതിഷേധം

പാലാ നഗരസഭയിലെ കൗൺസിൽ യോഗത്തിനിടെ ചെയർപേഴ്‌സൺ മായാ രാഹുലിന്റെ മൈക്ക് കൗൺസിലർ ബിനു പുളിക്കകണ്ടം തട്ടിത്തെറിപ്പിച്ചു.

തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു

തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് സുഹൃത്തുക്കളായ പെരിങ്ങമല സ്വദേശി സുജി (26), അർച്ചന രാജ് (27) എന്നിവർ മരിച്ചു.

പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ അതൃപ്തിയുമായി ആരോഗ്യ മന്ത്രി

ഫീൽഡ്തല പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് കാണിച്ച് ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ ആരോഗ്യ മന്ത്രി കെ. മുരളിധരൻ വിമർശനം ഉന്നയിച്ചു.

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ

ഗാന്ധി ജയന്തി തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.

വെള്ളാപ്പള്ളി നടേശനെതിരെ പി. ജയരാജൻ

അച്ഛൻ നവോത്ഥാന സമിതി അധ്യക്ഷനാകുമ്പോൾ മകൻ ബിജെപി സഖ്യ നേതാവാകുന്നതിലെ വൈരുധ്യം ചൂണ്ടിക്കാട്ടി പി. ജയരാജൻ വെള്ളാപ്പള്ളിക്കെതിരെ വിമർശനം ഉന്നയിച്ചു.

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം

വാഹനാപകടത്തിൽ മരിച്ച സിനിമാ താരം കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം എംഎസിടി കോടതി ഉത്തരവിട്ടു.

ദേശീയതലത്തിൽ പോരടിക്കരുതെന്ന് രാഹുൽ ഗാന്ധി

സംസ്ഥാനതലത്തിലെ അഭിപ്രായവ്യത്യാസങ്ങൾ ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തിലെ കക്ഷികൾക്കിടയിൽ പ്രതിഫലിക്കരുതെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു.

ഇന്ത്യാ സഖ്യത്തിന്റെ മാർച്ചിനെ പരിഹസിച്ച് ബിജെപി

സ്റ്റാലിനും കെജ്രിവാളും പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടി ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ മാർച്ചിനെ ശിവരാജ് സിംഗ് ചൗഹാൻ പരിഹസിച്ചു.

യുപി പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ക്രിമിനൽ കേസ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി യുപിയിലെ കേസുകൾ സിബിഐക്ക് വിടേണ്ടി വരുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

മംഗളൂരു റിഫൈനറിയിൽ സ്ഫോടനവും തീപിടുത്തവും

മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസിൽ നടന്ന സ്ഫോടനത്തിൽ 8 തൊഴിലാളികൾക്ക് പരിക്കേറ്റു. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി മോദിയും ഡോണാൾഡ് ട്രംപും ചർച്ച നടത്തി

വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഫോണിൽ സംസാരിച്ചു.

ഫ്ളൈ ദുബായ് വിമാനത്തിൽ റാഞ്ചൽ ശ്രമം: ഇന്ത്യൻ പൈലറ്റിന് ആദരം

സഹപൈലറ്റായ ഇന്ത്യൻ വംശജൻ സ്മിത് മച്ചാറിന്റെ ധീരമായ ഇടപെടലിലൂടെ 174 യാത്രക്കാരുടെ ജീവൻ രക്ഷപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ പൈലറ്റിനെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആദരിച്ചു.

ഇറാൻ – യുഎസ് ചർച്ചകൾ നിർണായക ഘട്ടത്തിൽ

യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശങ്ങളിൽ അമേരിക്കയുടെ നിലപാടിനോടുള്ള ഇറാന്റെ പ്രതികരണം ലോകം ഉറ്റുനോക്കുന്നു.

ഏഷ്യൻ ഗെയിംസ് ഹോക്കി: ഇന്ത്യ ഫൈനലിൽ

ദക്ഷിണ കൊറിയയെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസ് ഫൈനലിൽ കടന്നു. ചൈനയാണ് ഫൈനലിലെ എതിരാളികൾ.

ഒമാൻ പര്യടനം: കേരളത്തിന് തകർപ്പൻ വിജയം

ട്വന്റി-20 മത്സരത്തിൽ ഒമാനെ 25 റൺസിന് തോൽപ്പിച്ച് കേരളം പരമ്പര സ്വന്തമാക്കി. അഖിൽ സ്‌കറിയ 5 വിക്കറ്റ് നേടി.

വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് ചരിത്ര വിജയം

406 റൺസ് ചേസ് ചെയ്ത ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ശുഭ്മാൻ ഗിൽ ഇരട്ട സെഞ്ചുറിയും (223*), രോഹിത് ശർമ്മ സെഞ്ചുറിയും (101) നേടി.

യു.എസ് ട്രഷറി കടപ്പത്ര ആദായം സർവ്വകാല റെക്കോർഡിൽ

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിക്കൊണ്ട് 30 വർഷ കാലാവധിയുള്ള യു.എസ് കടപ്പത്ര ആദായം 5.61 ശതമാനത്തിലെത്തി.

ആപ്പിൾ പേ സേവനം ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചു

ഐഫോൺ, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്കായി ആപ്പിൾ പേ സേവനം ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. നിലവിൽ ആക്സിസ് ബാങ്ക് കാർഡുകളിലാണ് ഇത് പിന്തുണയ്ക്കുന്നത്.

‘ജയിലർ 2’ ഗാനം തരംഗമാകുന്നു

രജനീകാന്ത് ചിത്രം ‘ജയിലർ 2’ വിലെ ‘വൺ നെയിം’ എന്ന ഗാനം പുറത്തിറങ്ങി തരംഗമായി. ചിത്രം ഒക്ടോബർ 15-ന് തിയേറ്ററുകളിലെത്തും.

‘ഹനുമാൻ അൻഷ്’ ബോക്‌സ് ഓഫീസിൽ 411 കോടി നേടി

2 കോടി ബജറ്റിൽ നിർമ്മിച്ച ‘ഹനുമാൻ അൻഷ്’ എന്ന ചിത്രം ആഗോളതലത്തിൽ 411 കോടി രൂപ കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ചു.

ഹോണ്ട സ്റ്റൈലോ 160 സ്കൂട്ടർ ഇന്ത്യൻ വിപണിയിലേക്ക്

ആകർഷകമായ ഡിസൈനും 160 സിസി കരുത്തൻ എഞ്ചിനുമായി ഹോണ്ടയുടെ പുതിയ സ്കൂട്ടർ സ്റ്റൈലോ 160 ഇന്ത്യയിലെത്തുന്നു.

അരുൺ എഴുത്തച്ഛന്റെ പുതിയ പുസ്തകം ‘അതിരുകടന്ന യാത്രകൾ’ പുറത്തിറങ്ങി

ഇന്ത്യയിലെ അതിർത്തി ഗ്രാമങ്ങളെയും മനുഷ്യരെയും കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച പുതിയ പുസ്തകം വിപണിയിലെത്തി.

പുരുഷന്മാരിൽ കാൻസർ വർദ്ധിക്കുന്നതായി പഠനം

പുകവലി, മദ്യപാനം, ശരിയല്ലാത്ത ജീവിതശൈലി എന്നിവ പുരുഷന്മാരിൽ കാൻസർ നിരക്ക് വർദ്ധിപ്പിക്കുന്നതായി ജാമാ ഓങ്കോളജിയുടെ പഠന റിപ്പോർട്ട്.

വാർത്തകൾ തയ്യാറാക്കിയത് : രജനീഷ് മൈനാഗപ്പള്ളി, നിഷ തടത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here