ശാസ്‌താംകോട്ട:ശൂരനാട് തെക്ക് പതാരം കിടങ്ങയത്ത് ഭാര്യ വീട് അഗ്നിക്കിരയാക്കി യുവാവ്.വീടും പോർച്ചിൽ വച്ചിരുന്ന ബൈക്കുകളും സൈക്കിളും പൂർണമായും കത്തിയമർന്നു.
വ്യാഴം രാത്രി 9.30 ഓടെയാണ് സംഭവം.പതാരം കിടങ്ങയം
കുറ്റിവിളയിൽ തുളസിധരൻ്റെ വീടാണ് കത്തിയമർന്നത്.സംഭവ സമയം തുളസീധരനും ഭാര്യയും മകളും കൊച്ചുമക്കളും മുകാംബികയിൽ ദർശനത്തിന് പോയിരിക്കുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ മകളുടെ രണ്ടാം ഭർത്താവായ കുമരംചിറ സ്വദേശി അജീഷ് (40) ആണ് വീടിന് തീയിട്ടത്.ഇയ്യാൾ ഒളിവിലാണ്.പെട്രോൾ ഒഴിച്ചാണ് തീയിട്ടത്.
നാട്ടുകാർ പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചതിനെ തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.സംഭവത്തിൽ വീട്ടുകാർ ആർക്കെതിരെയും പൊലീസിൽ പരാതി നൽകിയിട്ടില്ല.തീവച്ച് നശിച്ച വീടിനോട് ചേർന്ന് നിർമ്മിച്ച് നൽകിയ ചെറിയൊരു വീട്ടിലാണ് അജീഷും ഭാര്യയും താമച്ചിരുന്നത്.ഈ വീടിന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.സ്ഥിരം മദ്യപാനിയായ അജീഷ് ഹിറ്റാച്ചി ഓപ്പറേറ്റർ ആണ്.വീട്ടുകാർ പരിസരവാസികളുമായി വലിയ ബന്ധം പുലർത്തിയിരുന്നില്ല.പതാരത്ത് റേഷൻ കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന തുളസീധരനും കുടുംബവും നാട്ടിൽ മടങ്ങിയെത്തിയാൽ മാത്രമേ നാശനഷ്‌ടത്തിൻ്റെ വ്യാപ്‌തി അറിയാൻ കഴിയുകയുള്ളു.25 ലക്ഷത്തിൽ അധികം രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായി പരിസരവാസികൾ പറയുന്നു.പരിസരവാസികൾ ഇവരെ ഫോണിലൂടെ വിവരം അറിയിച്ചെങ്കിലും ദർശനം നടത്തിയ ശേഷമേ മടങ്ങിയെത്തു എന്നാണ് അറിയിച്ചിട്ടുള്ളത്.































