തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിലെത്തിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. അനിൽ, സുധീഷ് എസ്. എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മിഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണന്റെ നിർദേശപ്രകാരമായിരുന്നു നടപടി. പ്രതികൾക്കെതിരെ തുടർനിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അച്ഛനും അമ്മയുമില്ലാത്ത പെൺകുട്ടിയെ ചെറിയമ്മയും ഭർത്താവും ചേർന്നാണ് സ്പാ ഉടമകൾക്ക് കൈമാറിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇരുവരും അനാശാസ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണെന്നും പൊലീസ് പറഞ്ഞു. ചൂഷണം സഹിക്കാനാകാതെ വന്നതോടെ സ്പായിൽവച്ച് പരിചയപ്പെട്ട നെയ്യാറ്റിൻകര സ്വദേശിക്കൊപ്പം പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു.
സെപ്റ്റംബർ 21ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചെറിയമ്മ നൽകിയ പരാതിയിലാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ മൊബൈൽ ഫോണിൽനിന്ന് രണ്ട് ആധാർ കാർഡുകൾ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. ഒന്നിൽ പെൺകുട്ടിയുടെ പ്രായം 20 എന്നും മറ്റൊന്നിൽ 16 എന്നും രേഖപ്പെടുത്തിയിരുന്നു. ഇതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലൈംഗികചൂഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
പൊലീസ് കണ്ടെത്തിയ പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരങ്ങൾ പുറത്തറിയുന്നത്. ചെറിയമ്മ ചെന്നൈയിലെ സ്പാകളിലെത്തിച്ചും തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
Advertisement




























