ശബരിമല: തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം അതിമനോഹരം പമ്പയിൽ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ഭാഗമായാണ് ശബരിമലയിലെ രംഗങ്ങൾ ചിത്രീകരിക്കുന്നത്. നടൻ മോഹൻലാലും അണിയറപ്രവർത്തകരും മറ്റ് താരങ്ങളും പമ്പയിലെത്തി.
നിലക്കൽ ബസ് സ്റ്റാൻഡും പമ്പയും ഉൾപ്പെടെ രണ്ട് സ്ഥലങ്ങളിൽ ചിത്രീകരണം നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ശബരിമലയെയോ വിശ്വാസത്തെയോ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങൾ ഉണ്ടാകരുത് എന്നതടക്കമുള്ള കർശന നിബന്ധനകളോടെയാണ് കോടതി അനുമതി നൽകിയത്.
നിബന്ധനകൾ പാലിക്കുന്ന പക്ഷം ചിത്രീകരണത്തിന് അനുമതി നൽകാമെന്ന് റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പെരിയാർ ടൈഗർ റിസർവ് മേഖലയ്ക്കുള്ളിൽ ചിത്രീകരണം അനുവദിക്കാനാവില്ലെന്നും ഡിഎഫ്ഒ വ്യക്തമാക്കിയിരുന്നു. തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ചിത്രീകരണം നടത്തരുതെന്നും വനവും വന്യജീവികളും പരിസ്ഥിതിയും സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി നിർദേശിച്ചു.
വനംവകുപ്പ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി നിബന്ധനകളോടെ ചിത്രീകരണത്തിന് അനുമതി നൽകുകയായിരുന്നു.
അതേസമയം, അതിമനോഹരം ഡിസംബർ 24ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ 80 ശതമാനം ഷൂട്ടിംഗും പൂർത്തിയായതായി സംവിധായകൻ തരുൺ മൂർത്തി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
തൊടുപുഴയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. കൊച്ചിയിൽ രണ്ടാഴ്ചയോളം ചിത്രീകരണം നടന്നിരുന്നു. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്നത്. ‘ലൗലജൻ’ എന്ന പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ഉണ്ടാകുന്ന സംഘർഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.
മീര ജാസ്മിൻ നായികയാകുന്ന ചിത്രത്തിൽ ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്.
മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ അതിമനോഹരം വലിയ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്നത്.




























