കൊല്ലം: കൊല്ലം പ്രസ് ക്ലബ്ബും സീനിയർ ജേണലിസ്റ്റ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കൊല്ലം@75’ പരിപാടി നാളെ തുടങ്ങും. ഭാവി കൊല്ലത്തിന്റെ രൂപരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹകരിപ്പിച്ചാണ് പരിപാടി.
നാളെ രാവിലെ 10.30ന് പ്രസ് ക്ലബ്ബ് ഹാളിൽ മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിക്കും. മേയർ എ.കെ. ഹഫീസ് അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
11.30ന് ‘പൈതൃക കൊല്ലം’ എന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ. ലതാദേവി ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ അർബൻ ഡിസൈൻ വിദഗ്ധൻ ഡോ. മനോജ് കിണി വിഷയാവതരണം നടത്തമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡി. ജയകൃഷ്ണൻ, സെക്രട്ടറി സനൽ ഡി. പ്രേം, എസ്.ജെ.യു.കെ പ്രസിഡന്റ് എസ്. അശോക് കുമാർ, സെക്രട്ടറി പി.എസ്. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രാജൻബാബു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.’കൊല്ലം ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ, ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് ആർക്കിടെക്ട് വിഭാഗം എന്നിവയുടെ സഹകരണത്തോടെ ചർച്ചകൾ സംഘടിപ്പിക്കും. ലഭിക്കുന്ന മികച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ച് അധികാരികൾക്ക് സമർപ്പിക്കും. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സാഹിത്യ-രചനാ മത്സരങ്ങൾ ഉണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു.





































