26.8 C
Kollam
Friday 2nd October, 2026 | 08:15:21 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബർ 2, വെള്ളി | 1202 കന്നി 16 |...

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബർ 2, വെള്ളി | 1202 കന്നി 16 | മകീര്യം

Advertisement

സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രകടനങ്ങളും സംഘർഷാവസ്ഥയും: ഗൂഢാലോചന സംശയിക്കുന്നതായി രമേശ് ചെന്നിത്തല

കരിങ്കൊടി പ്രകടനങ്ങളും മന്ത്രിമാരെ വഴിതടയലും അതിക്രമങ്ങളുമായി സംസ്ഥാനത്തുടനീളം സംഘര്‍ഷാവസ്ഥ. മന്ത്രിമാരെ വഴിതടഞ്ഞ് ആക്രമിക്കുന്ന സംഭവങ്ങള്‍ക്കും യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിനു സമീപം ഡിവൈഎഫ്ഐ അതിക്രമങ്ങള്‍ക്കും പിറകില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നാടിന്റെ സമാധാനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ കര്‍ശനമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടഞ്ഞു: ആറ് ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടഞ്ഞ് അക്രമം നടത്തിയ ആറു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പിലും പയ്യന്നൂരിലും കാസര്‍കോട്ടും മന്ത്രിയുടെ വാഹനം തടഞ്ഞു. തളിപ്പറമ്പിലുണ്ടായ ആക്രമണത്തില്‍ 14 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പയ്യന്നൂരിലെ ആക്രമണത്തിനു പത്തു പേര്‍ക്കെതിരേയും കേസെടുത്തു.

യൂണിവേഴ്സിറ്റി ഹോസ്റ്റൽ അതിക്രമം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍നിന്ന് ഉണ്ടായ അതിക്രമങ്ങളെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍‍ അന്വേഷണം പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെ ഹോസ്റ്റലില്‍നിന്ന് കുപ്പികളും കല്ലുകളും എറിഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ആര്‍.ബി കൃഷ്ണ പറഞ്ഞു.

ഇന്ന് ഗാന്ധി ജയന്തി: രാഷ്ട്രപിതാവിന്റെ 156-ാമത് ജന്മദിനം

ഇന്ന് ഗാന്ധി ജയന്തി. 1869 ഒക്ടോബര്‍ 2-ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലിഭായിയുടെയും മകനായി ജനിച്ച് ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ 156-ാമത് ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.

മുന്നണിയിലെ കാര്യങ്ങൾ അറിയുന്നില്ലെന്ന് അടൂർ പ്രകാശ് എംപി

യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ മുന്നണിയിലെ കാര്യങ്ങളൊന്നും താന്‍ അറിയുന്നില്ലെന്ന് അടൂര്‍ പ്രകാശ് എംപി. മുഖ്യമന്ത്രി വി.ഡി സതീശനോടും മുന്നണി നേതാക്കളോടും ഈ വികാരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എസ്എഫ്ഐ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തനിക്കെതിരെയുണ്ടായത് അക്രമം; തെരുവിലിറങ്ങരുതെന്ന് യൂത്ത് കോൺഗ്രസിനോട് മന്ത്രി ഒ.ജെ. ജനീഷ്

തന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ നടത്തിയ ആക്രമണം പ്രതിഷേധമല്ല, അക്രമമാണെന്നും കലാപാഹ്വാനം നടത്തിയത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍ ആണെന്നും മന്ത്രി ഒ.ജെ. ജനീഷ്. ഡിവൈഎഫ്ഐ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഒരു പൊതു പരിപാടിയും പ്രതിഷേധത്തെ ഭയന്ന് റദ്ദാക്കില്ല, ഡിവൈഫ്ഐക്കാരെ നേരിടാന്‍ യൂത്ത് കോണ്‍ഗ്രസ് തെരുവിലിറങ്ങരുതെന്നും ജനീഷ് പറഞ്ഞു.

തൃക്കരിപ്പൂരിലും മന്ത്രി ഒ.ജെ. ജനീഷിന് നേരെ ഡിവൈഎഫ്ഐ പ്രതിഷേധം

മന്ത്രി ഒ.ജെ. ജനീഷിനെ കാസര്‍കോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. തൃക്കരിപ്പൂരിലെ നടക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കാണ് മന്ത്രി എത്തിയത്. മന്ത്രിയെ സ്വീകരിക്കാന്‍ സന്ദീപ് വാര്യരുടെ നേതൃത്വത്തിലുള്ള സംഘവും എത്തിയിരുന്നു. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി.

വാഹനം ആക്രമിച്ചെന്നത് തെറ്റായ പ്രചാരണമെന്ന് എം. വിജിൻ; പ്രതിഷേധം തുടരും

മന്ത്രിയുടെ വാഹനം അക്രമിച്ചെന്നത് തെറ്റായ പ്രചാരണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍. എന്നാല്‍ പ്രതിഷേധം തുടരുമെന്നും വിജിന്‍ വ്യക്തമാക്കി.

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കർക്ക് ഹൈക്കോടതി നിർദ്ദേശം

ചെക്ക് കേസില്‍ മൂന്നര വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ ഉടന്‍ നിയമപരമായ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. കേസിലെ പരാതിക്കാരന്‍ ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്. സ്പീക്കര്‍ അല്ല തീരുമാനമെടുക്കേണ്ടതെങ്കില്‍ പരാതി ഗവര്‍ണര്‍ക്ക് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സ്വകാര്യ ആശുപത്രികളിൽ ചികിത്സാചെലവ് ഏകീകരിക്കാൻ നിയമസഭയിൽ ബിൽ കൊണ്ടുവരും

സ്വകാര്യ ആശുപത്രികളില്‍ ചികിത്സാചെലവ് നിയന്ത്രിക്കാനും നിലവാരം മെച്ചപ്പെടുത്താനും നിയമസഭയില്‍ ബില്‍ കൊണ്ടുവരും. മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് നാലു മുതല്‍ ആറ് ലക്ഷം രൂപ വരെയും ബൈപ്പാസ് ശസ്ത്രക്രിയക്ക് നാലു മുതല്‍ ലക്ഷം രൂപയുമാണു വിവിധ ആശുപത്രികളിലെ നിരക്ക്. രണ്ടു പേര്‍ കിടക്കുന്ന മുറിക്കു അയ്യായിരത്തിലധികം ദിവസ വാടക ഈടാക്കുന്നുണ്ട്. ആശുപത്രികളുടെ നിലവാരത്തിനനുസരിച്ചു നിരക്കുകള്‍ ഏകീകരിക്കാനാണു പുതിയ നിയമം ആരോഗ്യവകുപ്പു കൊണ്ടുവരുന്നത്. എന്നാൽ, ചര്‍ച്ചയില്ലാതെ നിയന്ത്രണം നടപ്പാക്കാനാകില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ പ്രതികരണം.

വ്യാജരേഖ ചമച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്തു

മുഖ്യന്ത്രി വി.ഡി. സതീശനെതിരേ വ്യാജരേഖ ചമച്ച് അധിക്ഷേപിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ പോലീസ് ചോദ്യം ചെയ്തു. കളമശേരി പൊലീസിന് മുന്നിലാണ് ആന്റോ ചോദ്യം ചെയ്യലിന് ഹാജരായത്. പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ആന്റോ പ്രതികരിച്ചു.

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്ന് എം.കെ. മുനീർ

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പത്രങ്ങളിലൂടെ അറിഞ്ഞുവെന്നും കാബിനറ്റ് ബ്രീഫിങ് വന്നിട്ടില്ലെന്നും എം.കെ. മുനീർ. മുഖ്യമന്ത്രി ഔദ്യോഗികമായി പറഞ്ഞാല്‍ മാത്രമേ തനിക്ക് അതേക്കുറിച്ച് പറയാനാകൂവെന്നും മുനീര്‍ വിശദമാക്കി.

തൃശ്ശൂരിൽനിന്ന് ഭർത്താവിനെയും യുവതിയെയും തട്ടിയെടുത്ത് കൂട്ടബലാത്സംഗം ചെയ്തു: 5 പേർ അറസ്റ്റിൽ

ഭാര്യ ഏര്‍പ്പെടുത്തിയ കൊട്ടേഷന്‍‍ സംഘം ഭര്‍ത്താവിനെയും കാമുകിയെയും തൃശൂരിലെ ഹോട്ടല്‍ മുറിയില്‍നിന്ന് തട്ടിക്കൊണ്ടുപോയി യുവതിയെ കോയമ്പത്തൂരില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ദേവി, കോയമ്പത്തൂര്‍ സ്വദേശികളായ തോമസ്, പാല്‍രാജ്, ശങ്കര്‍, പഴനി സ്വദേശി രഘുപതി എന്നിവരെ തൃശൂര്‍ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് സ്വദേശിയും ടാക്‌സി ഡ്രൈവറുമായ ഗുണശേഖരന്‍ നിലമ്പൂര്‍ സ്വദേശിനിയായ 38-കാരിയുമൊത്തു തൃശൂരിലെ ലോഡ്ജില്‍ കഴിയുകയായിരുന്നു. പണം തീര്‍ന്നപ്പോള്‍ സുഹൃത്തായ പല്‍രാജിനോട് ഹോട്ടലിലേക്കു പണമയക്കാന്‍ ഗുണശേഖരന്‍ ആവശ്യപ്പെട്ടു. പല്‍രാജ് ഗുണശേഖരന്റെ ഭാര്യയെ വിവരമറിയിച്ചതോടെയാണ് ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തത്.

ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ പ്രതിഷേധം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ച പ്രതിഷേധം ഗാന്ധിജയന്തിദിനമായ ഇന്ന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ആരംഭിക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. ഗ്യാനേഷ് കുമാര്‍ രാജിവെക്കുമ്പോഴെ പ്രതിഷേധം അവസാനിപ്പിക്കൂവെന്നും അദ്ദേഹം ഈ രാജ്യത്തോട് വഞ്ചന കാണിച്ചുവെന്നും അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് പുറത്താക്കുമെന്ന് നമ്മള്‍ ഉറപ്പുവരുത്തുമെന്നും സിജെപിയുടെ മുഖ്യവക്താവ് സൗരവ് ദാസ് പറഞ്ഞു.

ഡൽഹിയിൽ ജന്തർ മന്തറിലേക്ക് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാർച്ച്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ച് എസ്എഫ്ഐയും ഡിവൈഎഫ്ഐയും. ഡല്‍ഹി പൊലീസിന്റെ വിലക്ക് ലംഘിച്ചാണ് സമരം. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി നൂറുകണക്കിന് യുവാക്കള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

തങ്ങളെ ഇന്ത്യ മുന്നണിയിൽ എടുക്കണം, തൃണമൂലിനെ ഒഴിവാക്കണം: ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയില്‍ ചേരാന്‍ തയ്യാറാണെന്നും മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ സഖ്യത്തില്‍നിന്ന് ഒഴിവാക്കണമെന്നും റിതാബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ചീഫ് വിപ്പ് എം.ഡി. അഖ്റുസ്സമാനാണ് ഇക്കാര്യം അറിയിച്ചത്.

നീറ്റ് പിജി ഫലത്തിൽ പിഴവെന്ന് ആരോപണം: വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ

നീറ്റ് പിജി ഫലത്തില്‍ പിഴവുണ്ടെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍‍. ഡെമോക്രാറ്റിക് മെഡിക്കല്‍ അസോസിയേഷനും നീറ്റ് പിജി ഉദ്യോഗാര്‍ഥികളുമാണ് ഹര്‍ജിക്കാര്‍.

ഉത്സവസീസൺ: പഞ്ചസാരയുടെ സ്റ്റോക്ക് പരിധി കേന്ദ്ര സർക്കാർ കടുപ്പിച്ചു

ഉത്സവ സീസണ്‍ പ്രമാണിച്ച് പഞ്ചസാരയുടെ പൂഴ്ത്തിവെപ്പും വിലക്കയറ്റവും തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വ്യാപാരികള്‍ക്ക് പഞ്ചസാര സ്റ്റോക്ക് സൂക്ഷിക്കാനുള്ള സമയപരിധി 15 ദിവസമായും അളവ് 1000 ക്വിന്റലായും കുറച്ചു. വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കാനാണ് ഈ നടപടികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കർണാടകയിലെ SIR ക്രമക്കേട്: അന്വേഷണത്തിന് ഉത്തരവിട്ട് ചീഫ് ഇലക്ട്രൽ ഓഫീസർ

കര്‍ണാടകത്തിലെ എസ്ഐആര്‍ ക്രമക്കേടില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബിഎല്‍ഒമാരെ മറികടന്ന് ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കാന്‍ ഫോം 7 സമര്‍പ്പിച്ചതിന്റെ തെളിവുകളും ഡികെ ശിവകുമാര്‍ കൈമാറിയിരുന്നു. ചീഫ് ഇലക്ട്രല്‍ ഓഫീസില്‍ മുഖ്യമന്ത്രി ഡികെ ശിവകുമാറും കര്‍ണാടക പിസിസി അധ്യക്ഷന്‍ ബികെ ഹരിപ്രസാദും മന്ത്രിമാരും കുത്തിയിരിപ്പു സമരം നടത്തിയിരുന്നു.

അവിഭക്ത ടിഎംസിയുടെ അക്കൗണ്ടുകൾ വിട്ടുനൽകണമെന്ന ഹർജി സുപ്രീം കോടതി തള്ളി

അവിഭക്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി മമത ബാനര്‍ജി വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പശ്ചിമ ബംഗാള്‍ പോലീസിന്റെ സൈബര്‍ സെല്‍‍ ഇന്ത്യന്‍ ബാങ്കിലെ നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ അടിയന്തരമായി ഇടപെടാന്‍ സുപ്രീം കോടതി തയ്യാറായില്ല.

ധർമ്മസ്ഥല ദുരൂഹമരണ കേസ്: അന്വേഷണത്തിൽ വൈരുദ്ധ്യം കണ്ടെത്തി SIT

ധര്‍മ്മസ്ഥലയില്‍ നിരവധി ദുരൂഹമരണങ്ങള്‍ നടന്നതായി ആരോപിക്കപ്പെടുന്ന കേസില്‍ എസ്ഐടി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോലീസ് സ്റ്റേഷന്‍ റെക്കോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള അസ്വാഭാവിക മരണങ്ങളുടെ എണ്ണവും മറ്റ് ഔദ്യോഗിക രേഖകളില്‍ കാണിച്ചിട്ടുള്ള എണ്ണവും തമ്മില്‍ വൈരുദ്ധ്യങ്ങളുള്ളതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിർദ്ദേശത്തിൽ യുഎസ് പ്രതികരണം ലഭിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിര്‍ദ്ദേശത്തില്‍ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം ലഭിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാന്‍, ഉപരോധം പിന്‍വലിച്ചാല്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്നാണ് പ്രധാനമായും നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന് നേരെ ആക്രമണം: ദൃശ്യങ്ങൾ പുറത്ത്

ദുബായില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടെ ഫ്ളൈദുബായ് വിമാനത്തില്‍ 30,000 അടി ഉയരത്തില്‍വെച്ച് കോക്ക്പിറ്റിനുള്ളില്‍ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ വിമാനത്തില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തായത്.

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണ ശ്രമം; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

ഫ്‌ളൈ ദുബായ് വിമാനത്തില്‍‍ വൈസ് ക്യാപ്റ്റന്‍ നടത്തിയത് ഭീകരാക്രമണ ശ്രമമാണെന്നും അതിനു പിന്നില്‍ ഇറാന് പങ്കുണ്ടെങ്കില്‍ രാജ്യം അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു.

ഇന്ത്യൻ UPI സ്വീകരിക്കുന്ന കരീബിയൻ മേഖലയിലെ ആദ്യ രാജ്യമാകാൻ ട്രിനിഡാഡ് ആൻഡ് ടൊബാഗോ

ഇന്ത്യയുടെ യു.പി.ഐ സ്വീകരിക്കുന്ന കരീബിയന്‍ മേഖലയിലെ ആദ്യ രാജ്യമാകാന്‍ ഒരുങ്ങി ട്രിനിഡാഡ് ആന്റ് ടൊബാഗോ. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സാങ്കേതികവിദ്യയുടെ ആഗോള വികാസത്തിലെ പ്രധാന നാഴികക്കല്ലാണിത്. എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്സ് ലിമിറ്റഡും ട്രിനിഡാഡ് ആന്റ് ടൊബാഗോയുടെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മന്ത്രാലയവും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. ഭൂട്ടാന്‍, നേപ്പാള്‍, സിംഗപ്പൂര്‍, യു.എ.ഇ, ഫ്രാന്‍സ്, മൗറീഷ്യസ്, ശ്രീലങ്ക, ഖത്തര്‍, കംബോഡിയ, ഗ്രീസ്, മാലദ്വീപ് എന്നിവയാണ് നിലവിൽ ഇന്ത്യയുടെ യു.പി.ഐ ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങള്‍.

യൂട്യൂബ് ക്രിയേറ്റർമാർ ഇന്ത്യയുടെ ജിഡിപിയിലേക്ക് 18,000 കോടിയിലധികം സംഭാവന ചെയ്തു: റിപ്പോർട്ട്

വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂടൂബിന്റെ ക്രിയേറ്റീവ് ഇക്കോസിസ്റ്റം 2025ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് 18,000 കോടിയിലധികം രൂപ സംഭാവന ചെയ്തതായി ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് റിപ്പോര്‍ട്ട്. രാജ്യത്ത് 9,60,000ത്തിലധികം മുഴുവൻ സമയ തൊഴിലവസരങ്ങള്‍ സംഭാവന ചെയ്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യൂടൂബ് ചാനലുകളുടെ എണ്ണത്തില്‍ വര്‍ഷം തോറും 30 ശതമാനത്തിലധികം വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ബാച്ചിലർ പാർട്ടി 2’വിലെ ആദ്യ ഗാനം ‘വാഴ്‌വേ മായം’ റിലീസ് ചെയ്തു

അമല്‍ നീരദിന്റെ സംവിധാനത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലര്‍ പാര്‍ട്ടി ഡുഎക്സ്’ന്റെ ആദ്യഗാനം ‘വാഴ്വേ മായം..’ റിലീസ് ചെയ്തു. ക്രിസ്റ്റോ സേവ്യര്‍ സംഗീതം നൽകിയ ഗാനത്തിന് വരികൾ കുറിച്ചത് വിനായക് ശശികുമാറാണ്. ശ്രീനാഥ് ഭാസിയും മമ്ത മോഹന്‍ദാസും ചേർന്നാണ് ആലാപനം. നവംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ എത്തും. നസ്ലന്‍‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്.

30 വർഷത്തിന് ശേഷം ജഗദീഷും ഉർവശിയും വീണ്ടും ഒന്നിക്കുന്നു: ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും നായകനും നായികയുമായി ജഗദീഷും ഉര്‍വശിയും ഒന്നിക്കുന്നു. ‘റൂം നമ്പര്‍ 9’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ജയ് മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റൂം നമ്പര്‍ 9’-ന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. സിനിമാറ്റിക് ഡ്രീംസിന്റെ ബാനറില്‍ വിലാസ് കുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്.

ബജാജ് പൾസർ NS400Z പുതിയ വേരിയന്റ് വിപണിയിൽ

ബജാജിന്റെ പള്‍സര്‍ ശ്രേണിയില്‍ വരുന്ന എന്‍എസ്400ഇസഡിന്റെ പുതിയ വേരിയന്റ് വിപണിയിലെത്തി. 1,90,015 രൂപയാണ് വില. ഗൂഗിള്‍ മാപ്പ്‌സ് മിററിങ് സൗകര്യമുള്ള പുതിയ അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് പ്രധാന ആകർഷണം. യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട്, പാനിക് ബ്രേക്ക് അലര്‍ട്ട്, മ്യൂസിക് കണ്‍ട്രോളുകള്‍, ഡോക്യുമെന്റ് സ്റ്റോറേജ്, ലാപ് ടൈമര്‍ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘1926 ക്രൈം @ കോട്ടയം’ രണ്ടാം പതിപ്പ് പുറത്തിറങ്ങി

1926ലെ കര്‍ക്കടകപ്പേമാരിയില്‍ മീനച്ചിലാറ്റിൽ കോട്ടയം നാഗമ്പടം പാലത്തിന്റെ തൂണില്‍‍ കാണപ്പെട്ട ഒരു മൃതദേഹവും തുടർന്നു നടക്കുന്ന അന്വേഷണവും പ്രമേയമാക്കിയ അനുജിത് ശശിധരന്റെ ‘1926 ക്രൈം @ കോട്ടയം’ എന്ന കുറ്റാന്വേഷണ നോവലിന്റെ രണ്ടാം പതിപ്പ് ഡിസി ബുക്സ് പുറത്തിറക്കി. വില: 361 രൂപ.

ആരോഗ്യ കുറിപ്പ്: തൈര് കഴിക്കേണ്ട ശരിയായ സമയം

രാത്രി വൈകി കഴിക്കുന്നതിനേക്കാള്‍ രാവിലെയോ, ഉച്ചഭക്ഷണത്തിനൊപ്പമോ തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വെറും വയറ്റില്‍ കഴിക്കുന്നതിനേക്കാള്‍ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലത്. വെള്ളം ചേര്‍ത്ത് മോരിന്റെ രൂപത്തില്‍ കഴിക്കുമ്പോള്‍ വയറിന് വളരെ നല്ലതാണ്. പ്രോട്ടീന്‍ കൂടുതലുള്ള ഗ്രീക്ക് തൈര്, രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും സ്ത്രീകളിൽ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ ലഭിക്കാനും സഹായിക്കും.


വാർത്തകൾ തയ്യാറാക്കിയത്: രജനീഷ് മൈനാഗപ്പള്ളി, നിഷ തടത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here