കാസർകോട്: കേന്ദ്ര സർവകലാശാലയിൽ നടന്ന ‘വന്ദേമാതരം’ സെമിനാറുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ക്യാമ്പസിലെ സംഘർഷാവസ്ഥയിലും വൈസ് ചാൻസലർക്ക് കേന്ദ്ര സർവകലാശാലാ ടീച്ചേഴ്സ് അസോസിയേഷന്റെ (CUKTA) കത്ത്. ക്യാമ്പസിലുണ്ടായ നിലവിലെ സംഘർഷാവസ്ഥയിൽ അധ്യാപക സംഘടന കടുത്ത ആശങ്ക രേഖപ്പെടുത്തി. മതേതര സ്വഭാവത്തിന് വിരുദ്ധമായ തീവ്ര നിലപാടുള്ള പ്രഭാഷകരെ പരിപാടിയിലേക്ക് ക്ഷണിച്ചതാണ് ക്യാമ്പസിൽ പ്രതിഷേധത്തിന് കാരണമായതെന്ന് അസോസിയേഷൻ ആരോപിക്കുന്നു.
വിദ്യാർത്ഥികളെ മാറ്റിനിർത്തി പരിപാടി സംഘടിപ്പിച്ചത് സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്. ക്യാമ്പസിൽ പൊലീസ് എത്തിയതും വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതും നിലവിലുള്ള സാഹചര്യം കൂടുതൽ വഷളാക്കാൻ മാത്രമേ ഇടയാക്കിയുള്ളൂ എന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് കേസിലും സസ്പെൻഷൻ നടപടികളിലും അസോസിയേഷൻ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ചിട്ടുള്ള അച്ചടക്ക നടപടികൾ നിഷ്പക്ഷമായി പുനഃപരിശോധിക്കാൻ വൈസ് ചാൻസലർ അടിയന്തരമായി തയ്യാറാകണമെന്നും അധ്യാപക സംഘടന കത്തിലൂടെ ആവശ്യപ്പെട്ടു.
































