28.2 C
Kollam
Sunday 11th October, 2026 | 08:05:47 PM
Home News Breaking News രാജ്യതലസ്ഥാനത്ത് രാത്രിയിലും പ്രതിഷേധാ​ഗ്നി; വനിതകളുടെ തിരം​ഗ മാർച്ചുമായി എസ്എഫ്ഐ, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

രാജ്യതലസ്ഥാനത്ത് രാത്രിയിലും പ്രതിഷേധാ​ഗ്നി; വനിതകളുടെ തിരം​ഗ മാർച്ചുമായി എസ്എഫ്ഐ, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിൻ്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ ഡൽഹിയിൽ നടത്തുന്ന പ്രതിഷേധം ശക്തമാവുന്നു. രാവിലെ മുതൽ നടന്ന പ്രതിഷേധത്തിൻ്റെ തുടർച്ചയെന്നോണം രാത്രിയിലും സമരം തുടരുകയാണ് വിദ്യാർത്ഥി സംഘടനകൾ. കൊണാട്ട്പ്ലേസിലേക്ക് വീണ്ടും വിദ്യാർഥികൾ മാർച്ചുമായി എത്തി.

Also Read: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസന പദ്ധതികൾക്ക് പച്ചക്കൊടി

കൂടാതെ വനിതകളുടെ തിരം​ഗ മാർച്ചുമായി എസ്എഫ്ഐയും പ്രതിഷേധിക്കുകയാണ്. എസ്എഫ്ഐ നേതാവ് ഐഷി ഘോഷിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. അതേസമയം, സംഘടിച്ചെത്തിയ വിദ്യാർത്ഥികളെ പൊലീസ് ബലംപ്രയോ​ഗിച്ച് നീക്കുകയാണ്. വിദ്യാർത്ഥികൾ പൊലീസ് ബസ്സിന് മുകളിൽ കയറി നിന്നും പ്രതിഷേധിക്കുകയാണ്.

അവധി ദിവസമായ ഞായറാഴ്ചയും ഡൽഹി സമരഭരിതമായ കാഴ്ച്ചയാണ് കാണാനാവുന്നത്. ഇടത് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പലയിടത്തും പ്രതിഷേധക്കാരെയും നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പൊലീസ് മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ് എം പിയും ഇടത് സംഘടന നേതാക്കളും പരാതിപ്പെട്ടു. എസ് എഫ് ഐ, ഡി വൈ എഫ് ഐ, ഐസ, എ ഐ എസ് എഫ്, ഫ്രറ്റേണിറ്റി തുടങ്ങി നിരവധി സംഘടനകൾ നടത്തിയ പ്രതിഷേധങ്ങളെല്ലാം സംഘർഷത്തിനിടയാക്കി. ഇടുങ്ങിയ അറകളുള്ള വാഹനങ്ങളിലാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുക്കുന്നതെന്ന് ഐസ നേതാവ് നേഹ ബോറ ആരോപിച്ചു. ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം രാജ്യ തലസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.

നിയന്ത്രണങ്ങൾ നീക്കിയതോടെ പ്രതിഷേധം ശക്തമായി

ഇന്നലത്തെ നിയന്ത്രണങ്ങൾ നീക്കി മെട്രോ സ്റ്റേഷനുകൾ അടക്കം തുറന്നതോടെ ഡൽഹിയിലെ പല മേഖലകളിലും പ്രതിഷേധം തുടരുകയാണ്. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിന് അടുത്ത് എ ഐ എസ് എഫ്, എസ് എഫ് ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ 11:30 നാണ് പ്രതിഷേധം തുടങ്ങിയത്. ഇന്നർ സർക്കിളിലേക്ക് കയറിയ ഉടൻ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കാൻ തുടങ്ങി. ബസ്സുകളിലേക്ക് പ്രവര്‍ത്തകരം വലിച്ച് കയറ്റാൻ നോക്കിയത് സംഘർഷത്തിന് ഇടയാക്കി.

പൊലീസിനെ വെട്ടിച്ച് ചിലർ ഓടിയതോടെ ഏറെ നേരം സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നു. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിക്ക് ഉൾപ്പെടെ പരിക്കേറ്റു. ഇതിനിടയിലാണ് ജോൺ ബ്രിട്ടാസ് എം പി നടപടി ചോദ്യം ചെയ്ത് കൊണാട്ട് പ്ലേസിൽ എത്തിയത്. പൊലീസുമായി ജോൺ ബ്രിട്ടാസ് ഏറെ നേരം തർക്കിച്ചു. ഇതോടെ എം പിയേയും പൊലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി. കുറച്ചുദൂരം കൊണ്ടു പോയ ശേഷം ഡി സി പിയുടെ നിർദ്ദേശപ്രകാരം ബ്രിട്ടാസിനെ വഴിയിൽ ഇറക്കി വിടുകയായിരുന്നു. തന്നെ പൊലീസ് മർദ്ദിച്ചു എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ആനി രാജ അടക്കം നേതാക്കളെയും പോലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. എസ് എഫ് ഐ, ഡി വൈ എഫ് ഐ നേതാക്കളെ സ്റ്റഡിയിലെടുത്ത് നീക്കിയത് ഇടുങ്ങിയ ഇരുമ്പറകൾ ഉള്ള വാഹനത്തിലാണെന്നാണ് പരാതി. വാഹനത്തിനകത്തുവെച്ച് പൊലീസ് മർദ്ദിച്ചെന്നും നേതാക്കൾ പറഞ്ഞു.

ആർകെ ആശ്രം മെട്രോ സ്റ്റേഷന് താഴെയാണ് ഐസയുടെയും ഫ്രറ്റേണിറ്റിയുടെയും നേതൃത്വത്തിൽ ഇന്ന് പ്രതിഷേധങ്ങൾ നടന്നത്. കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളും ഫ്രറ്റേണിറ്റിയുടെ പ്രതിഷേധത്തിൽ ഉണ്ടായിരുന്നു. ഐസയുടെ പ്രകടനം തടഞ്ഞ പൊലീസ് ഒരു സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും നേഹാ ബോറയുടെ നേതൃത്വത്തിലുള്ളവർ കൊണാട്ട് പ്ലേസിലേക്ക് ഓടിയെത്തി. നേഹയെ കൊണാട്ട് പ്ലേസിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പലയിടത്തും മാധ്യമപ്രവർത്തകരെ പോലീസ് പ്രതിഷേധക്കാർക്കൊപ്പം ബസുകളിലേക്ക് കയറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. അരമണിക്കൂർ കഴിഞ്ഞാണ് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടത്. യൂത്ത് കോൺഗ്രസ്, എൻ എസ്‌ യു ഐ പ്രവർത്തകർ റായ്‌സീന റോഡിൽ പ്രതിഷേധിച്ചു. ജന്തർ മന്ദറിനകത്തേക്ക് കയറാൻ ഇന്നും പൊലീസ് ആർക്കും അനുവാദം നൽകിയില്ല. എന്നാൽ ജന്തർ മന്ദറിന് തൊട്ടടുത്തുള്ള കൊണാട്ട് പ്ലേസും അതിനടുത്തുള്ള ആർ കെ ആശ്രം മാർഗുമെല്ലാം സമര കേന്ദ്രങ്ങളായി മാറുന്ന കാഴ്ചയ്ക്കാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here