ന്യൂഡൽഹി: നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ പാർലമെന്റിന്റെ ഇരു സഭകളും വീണ്ടും സമ്മേളിക്കുന്നു. ലോക്സഭ 30നും രാജ്യസഭ ഡിസംബർ രണ്ടിനും ചേരും. പ്രധാനപ്പെട്ട സർക്കാർ കാര്യങ്ങൾ പരിഗണിക്കുന്നതിനായിട്ടാണ് സഭകൾ ചേരുന്നതെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ഡിസംബർ മൂന്നിന് സമ്മേളനം അവസാനിക്കും.
സമ്മേളനത്തിൽ പരിഗണിക്കുന്ന ബില്ലുകളെക്കുറിച്ച് സർക്കാർ ഔദ്യോഗികമായി വ്യക്തവരുത്തിയിട്ടില്ല. എന്നാൽ മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ നിയമവുമായി ബന്ധപ്പെട്ട ഭേദഗതികളും വീണ്ടും ചർച്ചയാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. കഴിഞ്ഞ ഏപ്രിലിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെത്തുടർന്ന് പരാജയപ്പെട്ട കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾ വീണ്ടും സജീവമാകുമോയെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 13ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ മൺസൂൺ സമ്മേളനം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. സമ്മേളനം അവസാനിപ്പിക്കാതെ മാറ്റിവെച്ച സാഹചര്യത്തിൽ ചുരുങ്ങിയ ദിവസത്തെ അറിയിപ്പിൽ തന്നെ പാർലമെന്റ് വീണ്ടും വിളിച്ചുചേർക്കാൻ സർക്കാരിന് സാധിക്കും. കഴിഞ്ഞ ഏപ്രിലിൽ മണ്ഡല പുനർനിർണയ ബില്ലും അനുബന്ധ നിയമനിർമാണങ്ങളും പാസാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തിന് പാർലമെന്റിൽ തിരിച്ചടിയേറ്റിരുന്നു.
ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതായിരുന്നു പരാജയത്തിന് കാരണം. വനിതകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്നതിനു മുന്നോടിയായി ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കുകയും മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കുകയും ചെയ്യാനായിരുന്നു കേന്ദ്രത്തിന്റെ പദ്ധതി. 2023ൽ നിയമമായ വനിതാ സംവരണം നടപ്പാക്കുന്നതിന് മണ്ഡല പുനർനിർണയം അനിവാര്യമാണെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
എന്നാൽ ഈ വാദത്തെ പ്രതിപക്ഷം ശക്തമായി എതിർത്തിരുന്നു. മണ്ഡല പുനർനിർണയം നടത്താതെ നിലവിലുള്ള മണ്ഡലക്രമത്തിൽ തന്നെ വനിതാ സംവരണം നടപ്പാക്കാനാകുമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ നിലപാട്. അതേസമയം വനിതാ സംവരണ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ആവർത്തിച്ച് അമിത് ഷാ രംഗത്തെത്തി.
ഭരണഘടനാ ദിനത്തോടനുബന്ധിച്ചുള്ള പ്രസംഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുമെന്നത് ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ദൃഢനിശ്ചയമാണെന്നും ഈ നീക്കം തടയാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.





























