ന്യൂഡൽഹി: അതിരൂക്ഷമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് തടസപ്പെട്ട പരീക്ഷ ഭേദഗതി ബില്ലിൽ നാളെ ലോക്സഭയില്‍ ചർച്ച നടക്കുമെന്ന് ഉറപ്പായി. വിദ്യാർഥികള്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയില്‍ അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് പലതവണ ഇരു സഭകളും സ്തംഭിപ്പിച്ചതോടെയാണ് പാർലമെന്‍റിൽ ചര്‍ച്ച തടസപ്പെട്ടത്. 5 മണിയോടെ ഇന്നത്തെ സഭാ നടപടികൾ അവസാനിച്ച ശേഷം സ്പീക്കർ ഓം ബിർള നടത്തിയ സമവായ നീക്കം ഫലം കണ്ടതോടെയാണ് പരീക്ഷ ഭേദഗതി ബില്ലിൽ നാളെ ചർച്ച നടക്കുമെന്ന് ഉറപ്പായത്.
Also Read: വിബി-ജി റാം ജി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം: ഓംബുഡ്‌സ്മാന്‍
ആറ് മണിക്കൂര്‍ നേരമാകും ലോക് സഭയില്‍ ഇക്കാര്യത്തിൽ ചര്‍ച്ച നടക്കുക. വിദ്യാർഥികളുടെ ആവശ്യം എന്ന നിലയിൽ പരീക്ഷ ഭേദഗതി ബിൽ പാസാക്കാൻ പ്രതിപക്ഷം സഹകരിക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിലേക്ക് നയിച്ച വിദ്യാർഥി പ്രതിഷേധങ്ങളിൽ കേസെടുക്കില്ലെന്ന ഉറപ്പ് കേന്ദ്രം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധവും പ്രതിപക്ഷം ശക്തമായി മുന്നോട്ട് കൊണ്ടുപോകും.
അമിത് ഷാ മറുപടി പറയണം
ഇന്ന് പന്ത്രണ്ട് മണിയോടെയാണ് ലോക് സഭയില്‍ പൊതുപരീക്ഷ ഭേദഗതി ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. പരീക്ഷ ക്രമക്കേടില്‍പരമാവധി പത്ത് വര്‍ഷം വരെ തടവും, പത്ത് കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗാണ് അവതരിപ്പിച്ചത്. വിദ്യാർഥികള്‍ക്ക് നേരെ നടന്ന പൊലീസ് നായാട്ടില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന മുദ്രാവാക്യം പ്രതിപക്ഷം ശക്തമാക്കി. ഡൽഹിയില്‍ സി ജെ പി പ്രതിഷേധത്തിന് നേരെ പെല്ലെറ്റ് പ്രയോഗിച്ചത്, പാറ്റ്നയില്‍ നടന്ന പ്രതിഷേധത്തിനിടെ എ കെ 47 തോക്ക് ഉപയോഗിച്ചതടക്കം വിഷയങ്ങള്‍ ഉന്നയിച്ചാണ് അമിത് ഷായുടെ മറുപടി തേടിയത്. ഇതിന് പിന്നാലെ ബഹളം ശക്തമായി. ബഹളത്തില്‍ നിര്‍ത്തിയ സഭ രണ്ട് മണിക്ക് വീണ്ടും ചേര്‍ന്നപ്പോഴും സമാന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. മൂന്ന് മണിക്കൂര്‍ നേരം ആലോചിക്കാന്‍ സമയം നല്‍കി അഞ്ച് മണിക്ക് വീണ്ടും ചേരാനായി പിരിഞ്ഞു. എന്നാല്‍ അഞ്ച് മണിക്ക് ചേര്‍ന്നപ്പോഴും പ്രതിപക്ഷ നിലപാടില്‍ മാറ്റമുണ്ടായില്ല.
വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമനിര്‍മ്മാണം കോണ്‍ഗ്രസും, സഖ്യകക്ഷികളും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പാർലമെന്‍ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. പിന്നാലെ പ്രതിപക്ഷ ബഹളം ശക്തമായി. ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. അതിനിടെ സ്പീക്കർ അനുനയ നീക്കവുമായി പ്രതിപക്ഷ നേതാക്കളെ കണ്ട് സഹകരണം തേടി. സോനം വാങ്ചുക്കിന് പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനം പാലിക്കേണ്ടതാണെന്ന നിലപാട് അറിയിച്ചു. തുടര്‍ന്ന് ചര്‍ച്ചക്ക് പ്രതിപക്ഷം തയ്യാറാകുകയായിരുന്നു. നാളെ ആറ് മണിക്കൂര്‍ നേരം ലോക് സഭയില്‍ ചര്‍ച്ച നടക്കും. ശേഷം ബില്ല് പാസാക്കാനാണ് ശ്രമം.

































