30.5 C
Kollam
Friday 11th September, 2026 | 03:25:31 PM
Home News Local വിബി-ജി റാം ജി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം: ഓംബുഡ്‌സ്മാന്‍

വിബി-ജി റാം ജി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം: ഓംബുഡ്‌സ്മാന്‍

ആദിച്ചനല്ലൂര്‍: വിബി-ജി റാം ജി പദ്ധതിയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങളുറപ്പാക്കാന്‍ പഞ്ചായത്തുകള്‍ ജാഗ്രത പാലിക്കണമെന്ന് ഓംബുഡ്‌സ്മാന്‍ ജി. കൃഷ്ണകുമാര്‍ പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇത്തിക്കര ബ്ലോക്ക് സാമൂഹ്യ ഓഡിറ്റ് യൂണിറ്റ് ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിംഗില്‍ സംസാരിക്കുകയായിരുന്നു ഓംബുഡ്‌സ്മാന്‍.
ഹിയറിംഗിനിടെ ജനപ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും വിവിധ വിഷയങ്ങള്‍ ഓംബുഡ്‌സ്മാന്റെ ശ്രദ്ധയില്‍പ്പെടുത്തി. ലഭിച്ച പരാതികളും നിര്‍ദ്ദേശങ്ങളും അധികാരികള്‍ പരിശോധിച്ച് സമയബന്ധിതമായ നടപടി സ്വീകരിക്കണമെന്ന് ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശം നല്‍കി. സാമൂഹ്യ ഓഡിറ്റില്‍ പദ്ധതിയുടെ വിവിധ പ്രവൃത്തികളുടെ നിര്‍വഹണം പരിശോധിച്ചു. പദ്ധതി കൂടുതല്‍ സുതാര്യവും ജനപങ്കാളിത്തം ഉറപ്പാക്കിയും നിര്‍വഹണം നടത്തുന്നതിനും തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേര്‍ഡ് പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് എം. സുഭാഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സോഷ്യല്‍ ആഡിറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ കെ.എസ്. ഷാര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജെ. സരസ്വതി, സ്ഥിരം സമിതി അധ്യക്ഷരായ സുധാ ഭായി, ലതിക, ആര്‍. സാജന്‍, അസി. സെക്രട്ടറി വി.സുരേഷ് കുമാര്‍, വിബി-ജി റാം ജി എഞ്ചിനീയര്‍ ഹണി മോഹന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റുമാര്‍, ഉദ്യോഗസ്ഥര്‍, സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് പ്രതിനിധികള്‍ പങ്കെടുത്തു.