ന്യൂഡെല്‍ഹി. പാർലമെന്‍റിന്‍റെ സംഭവബഹുലമായ മൺസൂൺ സമ്മേളനത്തിന് നാടകീയമായ അന്ത്യം. നീണ്ട ഇടവേളയ്ക്കു ശേഷം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഹാജരായ ലോക്സഭ കാര്യമായ നടപടികളൊന്നുമില്ലാതെ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതുമാത്രമാണ് അവസാനദിവസം നടന്ന ചടങ്ങ്.
ലോകസഭയിൽ വന്ദേമാതരം പൂർണരൂപത്തിൽ. പ്രാർത്ഥനാ നിർഭരരായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ആഴ്ചകൾക്കു ശേഷം ഇരുവരും ഹാജരായ സഭയിൽ നടന്നത് ഇതുമാത്രമാണ്. ചോദ്യോത്തരവേള ഉണ്ടായില്ല; ബില്ലുകളോ പ്രമേയങ്ങളോ ഉണ്ടായില്ല; ചർച്ചകളും നടന്നില്ല. വിദ്യാർത്ഥികളെ പൊലീസ് നേരിട്ടതിനെക്കുറിച്ച് ചർച്ചയ്ക്കു തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്‍ററികാര്യമന്ത്രി കിരൺ റിജിജുവും നേരത്തെ പറഞ്ഞിരുന്നു. യുവതലമുറയ്ക്ക് പ്രസംഗമല്ല വേണ്ടത്, ചോദ്യങ്ങൾക്കുള്ള ഉത്തരമാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആ നിർദേശം തള്ളിയിരുന്നു. വർഷകാല സമ്മേളനത്തിൽ ഒരു ദിവസം പോലും ചോദ്യോത്തരവേള ഉണ്ടായില്ല. ചർച്ചകളും ഉണ്ടായില്ല. പ്രതിപക്ഷ ബഹളത്തിൽ മിനിറ്റുകൾകൊണ്ട് നടപടികൾ അവസാനിപ്പിച്ച് ദിവസവും പിരിയുകയായിരുന്നു.
ഈ ബഹളത്തിനിടയിലും നിരവധി ബില്ലുകൾ ചർച്ചകൾ കൂടാതെ ഇരുസഭകളും പാസാക്കി. ആദായ നികുതി ഭേദഗതി ബില്ലും, ബാങ്കിങ് നിയമങ്ങളുടെ ഭേദഗതി ബില്ലും, കേരള എന്നതു കേരളം ആകുന്ന ബില്ലുമെല്ലാം ഇങ്ങനെ സെക്കൻഡുകൾകൊണ്ട് നിയമമായി മാറി. ഇന്നലെ ലോക്സഭ പാസാക്കിയ മൈൻസ് ആൻഡ് മിനറൽസ് വികസന നിയന്ത്രണ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയും പാസാക്കി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത കോൺഗ്രസ് യോഗത്തിനു ശേഷം ശുദ്ധികലശം നടത്തിയ സംഭവം ഇന്ന് ഖർഗെ തന്നെ രാജ്യസഭയിൽ ഉന്നയിച്ചു. അത്തരം നടപടികളെ ബിജെപി പിന്തുണയ്ക്കുന്നില്ലെന്നായിരുന്നു ജെ പി നദ്ദയുടെ മറുപടി.
































