Advertisement
കൊൽക്കത്ത: കർഷക പ്രതിഷേധത്തിനിടെ പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർ അക്രമണം നടത്തിയതായി പരാതി. കസേരക്കൊണ്ട് അടിയേറ്റ് അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് അമൽ ഹാൽദറിന് തലയ്ക്ക് പരിക്കേറ്റു. ഇരുപതോളം പേർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) നേതൃത്വത്തിൽ ബർധമാനിൽ നടത്തിയ പ്രതിഷേധത്തിൽ സംയുക്ത കിസാൻ മോർച്ച സംസ്ഥാന കൺവീനർ കൂടിയായ അമൽ ഹാൽദർ പ്രസംഗിക്കുമ്പോഴാണ് ആക്രമിച്ചത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവർത്തകരുടെ അക്രമണം. വേദി അടിച്ചുതകർക്കുകയും കസേരകൾ എടുത്ത് മർദ്ദിക്കുകയും ചെയ്തു. തലയ്ക്ക് പരിക്കേറ്റ ഹാൽദറിനെയും മറ്റ് പ്രവർത്തകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





























