28.6 C
Kollam
Tuesday 18th August, 2026 | 04:09:57 PM
Home News Breaking News വ്യാജ റീലിൽ വിശ്വസിച്ച് 17കാരനെ കൊലപ്പെടുത്തി; വൃഷണങ്ങൾ നീക്കം ചെയ്ത അഞ്ചംഗ സംഘം പിടിയിൽ

വ്യാജ റീലിൽ വിശ്വസിച്ച് 17കാരനെ കൊലപ്പെടുത്തി; വൃഷണങ്ങൾ നീക്കം ചെയ്ത അഞ്ചംഗ സംഘം പിടിയിൽ

മധ്യപ്രദേശിലെ ഭോപ്പാലിൽ മനുഷ്യന്റെ വൃഷണങ്ങൾക്ക് വിദേശരാജ്യങ്ങളിൽ കോടികൾ വിലയുണ്ടെന്ന വ്യാജ പ്രചാരണത്തിൽ വിശ്വസിച്ച് 17കാരനെ കൊലപ്പെടുത്തി ജനനേന്ദ്രിയം നീക്കം ചെയ്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. കോളജ് വിദ്യാർഥി ഉൾപ്പെടെയുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിൽ. അറസ്റ്റിലായവരിൽ രണ്ടുപേർ പ്രായപൂർത്തിയായവരും മൂന്നുപേർ പ്രായപൂർത്തിയാകാത്തവരുമാണ്.

ഉപജീവനത്തിനായി തെരുവിൽ പേനകളും കീചെയിനുകളും വിറ്റിരുന്ന 17കാരനാണ് കൊല്ലപ്പെട്ടത്. മനുഷ്യന്റെ ജനനേന്ദ്രിയത്തിന് 1.20 കോടി രൂപ വരെ വില ലഭിക്കുമെന്ന തരത്തിലുള്ള ഇൻസ്റ്റഗ്രാം റീലുകൾ കണ്ടാണ് പ്രതികൾ കൊലപാതകത്തിന് പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.

രണ്ടാം വർഷ ബി.ബി.എ വിദ്യാർഥിയായ 20കാരൻ സോഹബ് ഖാനാണ് കേസിലെ മുഖ്യസൂത്രധാരൻ. വ്യാജ ഡോക്ടറായി ചമഞ്ഞ ഇയാൾ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. സോഹബ് നേരിട്ട് കൃത്യത്തിൽ പങ്കെടുത്തില്ലെങ്കിലും വിഡിയോ കോളിലൂടെ മറ്റുള്ളവർക്ക് നിർദേശങ്ങൾ നൽകിയിരുന്നു. 15 വയസിന് മുകളിലുള്ള ആൺകുട്ടിയെ വേണമെന്നായിരുന്നു ഇയാളുടെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് 17കാരനെ സംഘം ലക്ഷ്യമിട്ടത്. പ്രതികളിൽ ചിലർക്ക് കുട്ടിയെ നേരത്തെ പരിചയമുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയെ കൊലപ്പെടുത്താൻ നേരത്തെയും രണ്ടുതവണ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

ഓഗസ്റ്റ് ആറിനായിരുന്നു ക്രൂരമായ കൊലപാതകം. വഴിയിൽ തർക്കമുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞ് 100 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കുട്ടിയെ പ്രതികൾ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെവച്ച് പിന്നിൽനിന്ന് കുത്തിക്കൊലപ്പെടുത്തി. തുടർന്ന് സോഹബിന്റെ നിർദേശപ്രകാരം ബ്ലേഡ് ഉപയോഗിച്ച് വൃഷണങ്ങൾ നീക്കം ചെയ്ത് മൃതദേഹം ഉപേക്ഷിച്ചു.

ഓഗസ്റ്റ് 10ന് ഛോട്ടാ തലാബിലെ ധോബിഘട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. വയറിലും കാലുകളിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. വൃഷണങ്ങൾ നീക്കം ചെയ്ത നിലയിലായിരുന്നു മൃതദേഹം. പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരിച്ചറിയാൻ കഴിയാത്തതിനാൽ മൃതദേഹം സംസ്കരിച്ചതോടെ അന്വേഷണം പ്രതിസന്ധിയിലായി.

എന്നാൽ ഓഗസ്റ്റ് 15ന് കാണാതായ മകനെ അന്വേഷിച്ച് അമ്മ പൊലീസിനെ സമീപിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. കൈയിലെ ടാറ്റൂവിന്റെ സഹായത്തോടെ മൃതദേഹം മകന്റേതാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നത്.

കൊലപാതകത്തിന് ശേഷം നീക്കം ചെയ്ത വൃഷണങ്ങൾ പ്രതികൾ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്നു. എന്നാൽ വാങ്ങാൻ ആളില്ലെന്ന് മനസ്സിലായതോടെ മൂന്ന് ദിവസത്തിന് ശേഷം ശരീരഭാഗം തടാകത്തിൽ ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച കത്തിയും ബ്ലേഡും പൊലീസ് കണ്ടെടുത്തു.

സംഭവത്തിന് പിന്നിൽ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട വൻ റാക്കറ്റുകളൊന്നുമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പ്രേരണയായ ഇൻസ്റ്റഗ്രാം റീലിന്റെ ഉറവിടവും അത് പ്രചരിപ്പിച്ചവരെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here