27.1 C
Kollam
Friday 2nd October, 2026 | 10:43:00 PM
Home News Kerala മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; മുൻ മന്ത്രി അബ്ദുറഹ്മാനെ ചോദ്യം ചെയ്തു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; മുൻ മന്ത്രി അബ്ദുറഹ്മാനെ ചോദ്യം ചെയ്തു

Advertisement

കൊച്ചി: അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്തു. ഇന്നലെ നടന്ന ചോദ്യം ചെയ്യൽ നാലു മണിക്കൂറോളം നീണ്ടു.
കേസുമായി ബന്ധപ്പെട്ട് അബ്ദുറഹിമാന്റെ ഇടപെടലുകളും കരാർ നടപടികളിലെ പങ്കും സംബന്ധിച്ചാണ് എസ്‌ഐടി വിവരങ്ങൾ തേടിയത്. സ്‌പെയിനിലേക്കുള്ള വിദേശയാത്ര, സ്‌പോൺസറെ തെരഞ്ഞെടുത്ത രീതി, ഇതിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ എന്നിവയും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. സ്‌പോൺസറെ തെരഞ്ഞെടുത്തതിൽ മന്ത്രിയുടെ ഭാഗത്തുനിന്ന് വഴിവിട്ട ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
കായികവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പോലും അറിയാതെ സ്‌പോൺസറുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസിൽനിന്ന് കത്തിടപാടുകൾ നടത്തിയെന്ന ആരോപണവും അന്വേഷണ പരിധിയിലാണ്.
കേസിലെ മുഖ്യപ്രതി ആന്റോ അഗസ്റ്റിന്റെ വീട്ടിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസുകളിലും എസ്‌ഐടി നേരത്തെ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായും സ്‌പോൺസറുമായും മന്ത്രിയുടെ ഓഫീസ് നടത്തിയ കത്തിടപാടുകൾ ഉൾപ്പെടെയുള്ള കരാർ രേഖകളും ഇ-മെയിൽ സന്ദേശങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
കണ്ടെടുത്ത രേഖകളും നേരത്തെ തയാറാക്കിയ ചോദ്യാവലിയും അടിസ്ഥാനമാക്കിയാണ് മുൻ മന്ത്രിയുടെ മൊഴിയെടുത്തത്. മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എസ്‌ഐടി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here