ഓയൂർ: ഒരു കോടിയോളം രൂപ വിലയുള്ള എംഡി എം എയുമായി കൊല്ലം പെരുമ്പുഴ സ്വദേശിയെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ, ഇളമ്പള്ളൂർ,പെരുമ്പുഴ ബ്ലേക്ക് നമ്പർ 155 സെറ്റിൽമെന്റ് കോളനിയിലെ താമസക്കാരനായ പൊടിമോൻ എന്ന് വിളിക്കുന്ന ദുഷ്യന്തൻ (53) ആണ് പോലീസിന്റെ വലയിലായത്. ഇയാളുടെ പക്കൽ നിന്നും 403.940 ഗ്രാം എം ഡി എം യാണ് കണ്ടെത്തിയത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ന് ഓടനാവട്ടം പരുത്തിയറ ഗവ: എൽ പി സ്കൂളിന് സമീപത്ത്നിന്നുമാണ് പ്രതിയെ പിടികൂടിയത്. അടുത്ത കാലത്ത് ജില്ലയിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണിത്. കൊല്ലം റൂറൽ പോലീസ് മേധാവി ഷാജി സുഗുണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര ഡി വൈ എസ് പി ഷെരീഫ്, പൂയപ്പള്ളി സി.ഐ. മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ലഹരികടത്ത് കേസിൽ ഇയാളെ മുൻപും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദുഷ്യന്തൻ ആളുകളെ ദക്ഷിണാഫ്രിക്കയിലും ഗൾഫ് രാജ്യങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ പക്കൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്. ഇയാൾ പോലീസിന്റെ പിടിയിലായതറിഞ്ഞ് തട്ടിപ്പിനിരയായ ആളുകൾ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തിക്കൊണ്ടിരിക്കുകയാണ്.































