27.1 C
Kollam
Friday 2nd October, 2026 | 11:29:16 PM
Home News National അഞ്ച് ലക്ഷം തട്ടാൻ സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം; 19കാരൻ പിടിയിൽ

അഞ്ച് ലക്ഷം തട്ടാൻ സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം; 19കാരൻ പിടിയിൽ

Advertisement

മുംബൈ: വീട്ടുകാരിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ സ്വന്തം തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത 19കാരൻ പൊലീസ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ ഓം പ്രകാശ് ഗൗരിശങ്കറാണ് തട്ടിക്കൊണ്ടുപോയതായി വ്യാജപ്രചാരണം നടത്തി കുടുംബത്തെ കബളിപ്പിക്കാൻ ശ്രമിച്ചത്.

മഹാരാഷ്ട്രയിലെ പുണെയിൽ നിന്ന് തന്നെ ആരോ തട്ടിക്കൊണ്ടുപോയെന്നും വിട്ടയക്കണമെങ്കിൽ അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ട് ഓം പ്രകാശ് കുടുംബത്തെ ഫോണിൽ അറിയിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടതാണെന്നു തോന്നിപ്പിക്കുന്ന തരത്തിൽ കരഞ്ഞുതളർന്ന നിലയിലുള്ള വീഡിയോയും ഇയാൾ കുടുംബത്തിന് അയച്ചു.

പുണെയിൽ ജോലിയും സ്ഥിരവരുമാനവുമില്ലാതെ ബുദ്ധിമുട്ടിലായിരുന്ന ഓം പ്രകാശ് പല ആവശ്യങ്ങൾക്കായി വീട്ടുകാരോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന ചിന്തയിലാണ് സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

വീഡിയോ ലഭിച്ചതോടെ ഭയന്ന കുടുംബം ഉത്തർപ്രദേശ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓം പ്രകാശിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ പുണെയിലുണ്ടെന്ന് കണ്ടെത്തി. ഖാഡ്കിയിലെ ഒരു ലോഡ്ജിൽ നിന്നാണ് പൊലീസ് യുവാവിനെ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടുപോകൽ നാടകം താൻ തന്നെയാണ് ആസൂത്രണം ചെയ്തതെന്ന് ഓം പ്രകാശ് സമ്മതിച്ചത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.