Home Blog Page 674

ഇഡി ഡയറക്ടർ രാഹുൽ നവീൻ നാളെ കൊച്ചിയിൽ

കൊച്ചി. ഇഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിൽ. നാളെ കൊച്ചി ഓഫീസിൽ നിർണായക ഉന്നത തല യോഗം. ഒൻപതരക്ക് ഹാജരാകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം. സന്ദർശനത്തിന്റെ ഭാഗമായി ഡയറക്ടർ കൊച്ചിയിലെത്തി

നിർണായക യോഗം സിഎംആർഎൽ എക്സലോജിക് കേസിൽ നാളെ ഹൈക്കോടതി വിധി വരാനിരിക്കെയാണ്.

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ടുവയസ്സുകാരൻ മരിച്ചസംഭവത്തിൽ ഉൾപ്പെട്ട രണ്ട് പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ടുവയസ്സുകാരൻ മരിച്ചസംഭവത്തിൽ ഉൾപ്പെട്ട രണ്ട് പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം ലഭിച്ചു‌
അന്വേഷണത്തിന്‍റെ ഭാഗമായായിരുന്ന പെൺകുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്​. അതിനിടെ, ഷാർജയിൽ ടിക് ടോക് വഴക്കിനിടെ കൊല്ലപ്പെട്ട ഇസ്മായിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

പാക്കിസ്ഥാൻ സ്വദേശിയായ മുഹമ്മദ് അർഷമാൻ എന്ന രണ്ട് വയസ്സുളള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ടുളള
അന്വേഷണത്തിന്‍റെ ഭാഗമായാണ്​ പെൺകുട്ടികളുടെ മാതാപിതാക്കളെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്​. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പ്രവൃത്തികൾക്ക് മാതാപിതാക്കൾക്കാണ് ഉത്തരവാദിത്തമെന്ന യു.എ.ഇ നിയമത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.തുടർന്നുളള അന്വേഷണങ്ങൾക്ക് ശേഷമാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. അതേസമയം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മലയാളിയുൾപ്പെടെ രണ്ടു പെൺകുട്ടികൾക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. പെൺകുട്ടികൾ നിലവിൽ ശിശുസംരക്ഷണ വകുപ്പിന്‍റെ സംരക്ഷണയിലാണെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

ഒരു മാസം മുൻപാണ് ഷാർജയിലെ കെട്ടിടത്തിൽ നിന്ന് വീണ് പാക്കിസ്ഥാൻ സ്വദേശിയായ രണ്ട് വയസ്സുളള കുഞ്ഞ് മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സംഭവത്തിൽ അർഷുമാന്റെ കുടുംബം സംശയം പ്രകടിപ്പിച്ച് രം​ഗത്തെത്തുകയായിരുന്നു. അതിനിടെ ടിക്ക് ടോക്കിലെ വഴക്കിനെ തുടർന്ന് ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേിശി ഇസ്മായിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ വ്യക്തമാക്കി. സംഭവത്തിൽ കണ്ണൂർ ,കൊല്ലം സ്വദേശികളായ നാലുപേരെ ഷാർജയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സെന്‍സസ് ജോലിയില്‍ വീഴ്ചവരുത്തിയാല്‍ കര്‍ശന ശിക്ഷാനടപടി: ജില്ലാ കളക്ടര്‍

ദേശീയപ്രാധാന്യമുള്ളതും അത്യന്താപേക്ഷിതമായ സെന്‍സസ് ജോലിയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പ്രിന്‍സിപല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. സെന്‍സസിന് നിയോഗിക്കുന്നതിനുള്ള ജീവനക്കാരുടെ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് അനുവദിക്കില്ല, ഗുരുതരവീഴ്ചയായി കണക്കാക്കും. ജോലിനിര്‍വഹിക്കാന്‍ വിമുഖതകാട്ടുന്നതും നടപടിക്ക് ഇടയാക്കും.
അര്‍ഹതയുള്ള അവധികളുടെ സ്വഭാവവും സ്വാഭാവികതയും പരിശോധിച്ച് മാത്രം അനുമതി നല്‍കുന്നതിന് വകുപ്പ് മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ബോധപൂര്‍വും ജോലിയില്‍നിന്ന് ഒഴിവാകാനല്ല അവധിഅപേക്ഷയെന്ന് ഉറപ്പാക്കുകയും വേണം.
സെന്‍സസ് ആക്ട്, സെക്ഷന്‍ 11 പ്രകാരം സെന്‍സസ് ജോലിചെയ്യാന്‍ വിസമ്മതിക്കുക, കൃത്യവിലോപം, നിയമവിരുദ്ധമായി മനപൂര്‍വം പ്രവര്‍ത്തിക്കുക, ജീവനക്കാരുടെ വിവരങ്ങള്‍ മറച്ചുവെക്കുകയോചെയ്താല്‍ പിഴയോ പരമാവധി മൂന്ന് വര്‍ഷം വരെയുള്ള തടവോ അല്ലെങ്കില്‍ ഇവരണ്ടുമോ ലഭിക്കാവുന്ന ശിക്ഷാര്‍ഹമായ കുറ്റമാണ്. സെന്‍സസ് കാലയളവില്‍ മെഡിക്കല്‍ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ ഗുരുതരമായമെഡിക്കല്‍ അത്യാഹിതങ്ങളിലൊഴികെയുള്ള അവധികള്‍ക്ക് നിയന്ത്രണമുണ്ടാകും എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

കാലവര്‍ഷം: ദുരന്തപ്രതിരോധനടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

ജില്ലയില്‍ മഴ ശക്തിപ്പെടുന്നസാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലും, ദുരന്തപ്രതിരോധനടപടികള്‍ സുശക്തമാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. വിനോദസഞ്ചാരികളിലേക്ക് സുരക്ഷാമുന്നറിയിപ്പുകള്‍ കൃത്യമായി എത്തുന്നുണ്ടെന്ന് വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സിയും ഉറപ്പാക്കണം. വെള്ളച്ചാട്ടം, ജലാശയങ്ങളുമായിബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ഏര്‍പ്പെടുത്തണം. മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നത്‌വരെ നിയന്ത്രണങ്ങള്‍ തുടരാനും നിര്‍ദ്ദേശമുണ്ട്.

നിര്‍മാണപ്രവര്‍ത്തനങ്ങളോഅറ്റകുറ്റപ്പണികളോനടക്കുന്ന ദേശീയ-സംസ്ഥാന പാതകളിലും മറ്റ് റോഡുകളിലും യാത്രക്കാര്‍ക്ക് വ്യക്തമായി കാണാവുന്ന സുരക്ഷാ ബോര്‍ഡുകള്‍ ഉറപ്പാക്കണം, ഇല്ലാത്ത ഇടങ്ങളില്‍ അടിയന്തരപരിശോധന നടത്തി സ്ഥാപിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റിക്കും പൊലീസിനും നിര്‍ദേശം നല്‍കി. റോഡുകളില്‍ കുഴികളോ മറ്റ് അപകടസാധ്യതകളോ ഉള്ളയിടങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണം. ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ റോഡ് സേഫ്റ്റി വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ശക്തമായ കാറ്റില്‍ മറിഞ്ഞുവീഴാന്‍സാധ്യതയുള്ള പരസ്യബോര്‍ഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍; വാഗണ്‍ ആര്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ വിപണിയില്‍

ബദല്‍ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ ഹരിത പരിവര്‍ത്തനത്തില്‍ ചരിത്രപരമായ ഒരു നാഴികക്കല്ല് കുറിച്ചുകൊണ്ട് പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലായ വാഗണ്‍ ആറിന്റെ ഫ്‌ലെക്‌സ്-ഫ്യുവല്‍ (Flex-Fuel) പതിപ്പ് പുറത്തിറക്കി. രാജ്യത്തെ ആദ്യത്തെ ഇ85 (E85) ശേഷിയുള്ള പാസഞ്ചര്‍ വാഹനമാണ് പുറത്തിറക്കിയ വാഗണ്‍ ആര്‍. അതായത്, 85 ശതമാനം വരെ എഥനോള്‍ കലര്‍ന്ന ഇന്ധനത്തില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ വാഹനത്തിന് സാധിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവര്‍ ചേര്‍ന്നാണ് പുതിയ വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യുവല്‍ പതിപ്പ് രാജ്യത്തിന് സമര്‍പ്പിച്ചത്.

പരിസ്ഥിതി സൗഹൃദമായ മൊബിലിറ്റി പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറക്കുന്നതിനുമുള്ള മാരുതി സുസുക്കിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കാര്‍ വിപണിയില്‍ അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വിപുലമായ എഥനോള്‍ അഡോപ്ഷന്‍ തന്ത്രങ്ങള്‍ക്ക് (Ethanol Blending Programme) പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതാണ് കമ്പനിയുടെ ഈ സുപ്രധാന ചുവടുവെപ്പ്.

എന്താണ് ഫ്‌ലെക്‌സ്-ഫ്യുവല്‍ സാങ്കേതികവിദ്യ?
സാധാരണ പെട്രോള്‍ എഞ്ചിനുകളില്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ ഫ്‌ലെക്‌സ്-ഫ്യുവല്‍ എഞ്ചിനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 20 ശതമാനം മുതല്‍ (E20) 85 ശതമാനം വരെ (E85) എഥനോള്‍ അടങ്ങിയ ഏത് മിശ്രിതത്തിലും പ്രവര്‍ത്തിക്കാന്‍ പ്രാപ്തമായിട്ടാണ്. എഥനോള്‍ എഞ്ചിന്‍ ഭാഗങ്ങളില്‍ തുരുമ്പും തേയ്മാനവും ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍, ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനത്തിന്റെ എഞ്ചിന്‍ ഘടകങ്ങള്‍, ഫ്യുവല്‍ പമ്പ്, ഫ്യുവല്‍ ഇന്‍ജക്ടറുകള്‍ തുടങ്ങിയവ പ്രത്യേകമായി പരിഷ്‌കരിച്ചാണ് മാരുതി സുസുക്കി നിര്‍മിച്ചിരിക്കുന്നത്.

രാജ്യത്തിന് നേട്ടമാകുന്നതെങ്ങനെ?
ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ (Crude Oil) ഇറക്കുമതി കുറക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. വാഗണ്‍ ആര്‍ ഫ്‌ലെക്‌സ്-ഫ്യുവല്‍ പോലുള്ള വാഹനങ്ങളുടെ വരവ് ഇന്ധന ഇറക്കുമതി ഭാരം വലിയ തോതില്‍ കുറക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇറക്കുമതി കുറയുന്നതോടെ രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം സംരക്ഷിക്കപ്പെടുകയും പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് വില കുറവായതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇന്ധനച്ചെലവ് കുറക്കാന്‍ സാധിക്കുകയും ചെയ്യും. കൂടാതെ, ഇന്ത്യയില്‍ പ്രധാനമായും കരിമ്പ്, ചോളം, കേടായ ധാന്യങ്ങള്‍ എന്നിവയില്‍ നിന്നാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. അതിനാല്‍ എഥനോളിന്റെ ഉപയോഗം വര്‍ധിക്കുന്നത് രാജ്യത്തെ കര്‍ഷകര്‍ക്ക് വലിയ വരുമാന മാര്‍ഗ്ഗമായി മാറും.

ഇന്ത്യന്‍ വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന വാഗണ്‍ ആര്‍ ഫ്‌ലെക്‌സ്-ഫ്യുവല്‍ മോഡല്‍ പൂര്‍ണമായും ഇന്ത്യയില്‍ തന്നെയാണ് വികസിപ്പിച്ചെടുത്തതാണ്. വരും വര്‍ഷങ്ങളില്‍ തങ്ങളുടെ മറ്റ് ജനപ്രിയ മോഡലുകളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാന്‍ മാരുതി സുസുക്കിക്ക് പദ്ധതിയുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് രാജ്യം പൂര്‍ണമായി മാറുന്നതിന് മുന്‍പുള്ള ഒരു മികച്ച പരിവര്‍ത്തന ഘട്ടമായിട്ടാണ് വാഹന ലോകം ഫ്‌ലെക്‌സ്-ഫ്യുവല്‍ സാങ്കേതികവിദ്യയെ കാണുന്നത്. വിപണിയില്‍ എഥനോള്‍ വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കുന്നതോടെ, ഹരിത വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓപ്പറേഷന്‍ തൂഫാനില്‍ ജ്യോത്സ്യനും കുടുങ്ങി

ഓപ്പറേഷന്‍ തൂഫാനില്‍ ജ്യോത്സ്യനും കുടുങ്ങി. പയ്യന്നൂരില്‍ 5.7 ഗ്രാം കഞ്ചാവുമായാണ് ജ്യോത്സ്യന്‍ വടശേരി പെരിക്കമന പി. ശ്രീനാഥ് പിടിയിലായത് . അലമാരയില്‍നിന്നാണ് കഞ്ചാവ് കണ്ടെത്തിയത് പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്നാണ് 5.7 ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടിയത്.

കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. അലമാരയ്ക്കുള്ളിലെ പ്ലാസ്റ്റിക് പാത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സാധനം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയിലൂടെ കഞ്ചാവാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിവേട്ടയ്ക്കായി പൊലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായാണ് പയ്യന്നൂരിലും പരിശോധന നടന്നത്.

നികൃഷ്ടം,പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു

പാലക്കാട്. കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടതായി പരാതി. 20 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കിൽ ആണ് പട്ടിയുടെ ജഡം കണ്ടെത്തിയത്. നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

രൂക്ഷ ഗന്ധത്തെ ദുടർന്ന് പ്രദേശവാസികൾ കുടിവെള്ള ടാങ്ക് തുറന്ന് നോക്കിയപ്പോഴാണ് പട്ടിയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് 3 ദിവസത്തോളം പഴക്കമുണ്ട്. കൃത്യമായി അടച്ചു വെച്ച് ആളുകൾ കാലങ്ങളായി ഉപയോഗിക്കുന്ന വാട്ടർ വാട്ടർ ടാങ്കിൽ നിന്നും ജഡം കണ്ടെത്തിയതോടെ പട്ടിയെ
ആരോ കൊന്ന് ടാങ്കിൽ കൊണ്ടിട്ടതാണെന്നാണ് നാട്ടുകാറ്റുടെ നിഗമനം

ലൈൻ പൈപ്പ് വഴി രാവിലെ 7 മണിമുതൽ 8-30 വരെയാണ് വെള്ളം വരുക. ഈ സമയത്ത് ടാങ്കിൽ വെള്ളം ശേഖരിച്ചു വെക്കാറാണ് പതിവ്. ആവശ്യാനുസരണം ഈ ടാങ്കിലെ വെള്ളം പിന്നീട് പ്രദേശവാസികൾക്ക് ഉപയോഗിക്കാം.20 കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കാണിത്. സംഭവത്തിൽ നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

രഹസ്യരേഖകൾ ആർക്കും കൊടുക്കരുത്,ധവളപത്രം സഭയിൽ വെച്ചതിനെ ചൊല്ലി ഭരണ- പ്രതിപക്ഷ തർക്കം

ധവളപത്രം സഭയിൽ വെച്ചതിനെ ചൊല്ലി ഭരണ- പ്രതിപക്ഷ തർക്കം. രഹസ്യരേഖകൾ ആർക്കും കൊടുക്കില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷം. ധവളപത്രം രാഷ്ട്രീയരേഖയെന്നും ആക്ഷേപം. ഒരു രഹസ്യ രേഖയും പുറത്തു പോയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി.

ധവളപത്രം നിയമസഭയിൽ വയ്ക്കുന്നതിനു മുൻപാണ് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ വിയോജനക്കുറിപ്പ് നൽകിയത്. ധവളപത്രം തയ്യാറാക്കിയത് ശരിയായ രീതിയിൽ അല്ല എന്നാണ് ആക്ഷേപം. ഓഡിറ്റ് ചെയ്യാനുള്ള അവകാശം സി ആൻഡ് എ ജിക്ക് ആയിരുന്നു. എന്നാൽ പ്രൈവറ്റ് ഏജൻസിയെ വെച്ച് ഓഡിറ്റ് നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഔദ്യോഗിക രേഖകൾ പുറത്തുപോയി. രാഷ്ട്രീയമായി ധവളപത്രം ഉപയോഗിച്ചു എന്നും കെ.എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു.

ധനകാര്യവകുപ്പിന്റെ നേതൃത്വത്തിൽ തന്നെയാണ് ധവളപത്രം തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. മുൻപ് വെച്ചിട്ടുള്ള പല ധവളപത്രങ്ങളും രാഷ്ട്രീയ രേഖകൾ ആണെങ്കിൽ ഇത് രാഷ്ട്രീയ രേഖയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മുഖ്യമന്ത്രി പറയുന്നത് വിചിത്രമായ വാദമെന്നും ഇതാണ് യഥാർത്ഥ രാഷ്ട്രീയ രേഖയെന്നും പ്രതിപക്ഷ നേതാവ് .

വായിച്ചു പോലും നോക്കാതെ മുൻവിധിയോടെ രാഷ്ട്രീയരേഖ എന്ന് പറയുന്നത് എങ്ങനെയെന്ന് മുഖ്യമന്ത്രിയുടെ തിരിച്ചടി.ധവള പത്രത്തിൽ വിശദമായ ചർച്ചയാകാം എന്ന് സഭയെ അറിയിച്ച സ്പീക്കർ ബാലഗോപാൽ ഉന്നയിച്ച ക്രമപ്രശ്നം തള്ളി.

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് മരിച്ച നിലയില്‍

തിരുവനന്തപുരം: മക്കളുടെ മുന്നിലിട്ട് അമ്മയെ മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് മരിച്ച നിലയില്‍ . തിരുവനന്തപുരം നാലാഞ്ചിറയില്‍ ഹസീനയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിന് ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് സുരേഷിനെ തമിഴ്‌നാട്ടിലെ ചിദംബരത്ത് റെയില്‍വെ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. സുരേഷിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കരമന ഭാഗത്താണ് കാണിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കിള്ളിപ്പാലത്തെ ഒരു കടയില്‍ നല്‍കിയശേഷമാണ് സുരേഷ് രക്ഷപ്പെട്ടതെന്ന് കണ്ടെത്തി. സുരേഷ് രക്ഷപ്പെട്ട കാര്‍ ബാലരാമപുരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു.

ബാലരാമപുരത്ത് നിന്നും ട്രെയിന്‍ കയറി തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതിനിടെ, ചിദംബരത്ത് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചതായി പൊലീസിന് വിവരം ലഭിച്ചു. മൃതദേഹ പരിശോധനയില്‍ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങളില്‍ നിന്നും സുരേഷിന്റെ കുടുംബവീട്ടിലേതാണെന്ന് കണ്ടെത്തിയിരുന്നു. കുടുംബവഴക്കിനെത്തുടര്‍ന്നാണ് മക്കളുടെ മുന്നിലിട്ട് അമ്മ ഹസീനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

19 വർഷം മുൻപ് വിവാഹിതരായ ഹസീനയ്ക്കും സുരേഷിനും 4 മക്കളാണുള്ളത്. പ്രണയ വിവാഹത്തിനുശേഷം ഹസീനയും സുരേഷും കുടുംബാംഗങ്ങളുമായി അടുപ്പം പുലർത്തിയിരുന്നില്ല. നാല് മക്കളും ഹസീനയുടെ മാതാവും ഉള്‍പ്പടെ ഏഴ് പേരാണ് നാലാഞ്ചിറയിലെ വാടകവീട്ടിൽ താമസിച്ചിരുന്നത്. ഹസീനക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സുരേഷിന്‍റെ സംശയവും തുടർന്നുള്ള വഴക്കുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ.

പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ സംസ്ഥാന ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപ,കേരളത്തിന്റെ ആകെ കടബാധ്യത ഇപ്പോൾ 5.07 ലക്ഷം കോടി രൂപ, മുഖ്യമന്ത്രി കൂടിയായ ധനമന്ത്രി വി ഡി സതീശൻ നിയമസഭയിൽ ധവളപത്രം അവതരിപ്പിച്ചു

തിരുവനന്തപുരം: മുൻ പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ സംസ്ഥാന ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി കൂടിയായ ധനമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ധവളപത്രം അവതരിപ്പിച്ചു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം മെയ് 16 വരെയുള്ള കണക്കുകൾ പ്രകാരം ഖജനാവിലെ നീക്കിയിരിപ്പ് 2,211.93 കോടി രൂപയായി ചുരുങ്ങിയെന്നും ധവളപത്രം വ്യക്തമാക്കുന്നു. ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്ന മുഖ്യമന്ത്രിയുടെ മുൻ ആരോപണത്തെത്തുടർന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുറത്തുവിട്ടതും പിന്നീട് വിവരാവകാശ നിയമപ്രകാരം ലഭ്യമായതുമായ കണക്കുകൾ പൂർണ്ണമായും ശരിവയ്ക്കുന്നതാണ് ഏപ്രിലിൽ ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന ഈ ഔദ്യോഗിക കണക്ക്.

കേരളത്തിന്റെ ആകെ കടബാധ്യത ഇപ്പോൾ 5.07 ലക്ഷം കോടി രൂപയാണെന്നാണ് യു.ഡി.എഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനവും (മറ്റൊരു കണക്കിൽ ഏകദേശം 80 ശതമാനത്തോളം) ശമ്പളം, പെൻഷൻ, പലിശ അടവ് തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാത്രമാണ് നിലവിൽ വിനിയോഗിക്കുന്നത്. ഈ നിലവിലെ സാഹചര്യം ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് സാമ്പത്തികമായി ഒട്ടും നിലനിൽക്കുന്നതല്ലെന്ന് ധനകാര്യ റിപ്പോർട്ട് ഗൌരവമായി വിലയിരുത്തുന്നു.

സംസ്ഥാനം നേരിടുന്ന ട്രഷറി പ്രതിസന്ധി അതീവ രൂക്ഷമായി തുടരുകയാണെന്നാണ് ധവളപത്രത്തിലെ കണ്ടെത്തൽ. കഴിഞ്ഞ 2025-ൽ മാത്രം 262 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റിനെയും സർക്കാരിന് ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. ഇതിന് പുറമെ മുൻ സർക്കാർ വരുത്തിവെച്ച 48,733 കോടി രൂപയുടെ ഭീമമായ കുടിശ്ശിക ബാധ്യതകൾ പുതിയ സർക്കാരിന് പൂർണ്ണമായും ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്. സംസ്ഥാന വരുമാനത്തിന്റെ വലിയൊരു പങ്ക് ഈ രീതിയിൽ ശമ്പളത്തിനും പലിശയ്ക്കുമായി മാറ്റിവെക്കേണ്ടി വരുന്നതിനാൽ, പുതിയ വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും ധവളപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ മുൻ സർക്കാർ രൂപീകരിച്ച കിഫ്ബിഇപ്പോൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കിഫ്ബിയുടെ വായ്പകൾ ഇപ്പോൾ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. കിഫ്ബിക്ക് സ്വന്തമായി യാതൊരു വരുമാനവുമില്ലാത്തതിനാൽ നിലവിലുള്ള 21,000 കോടി രൂപയുടെ വലിയ വായ്പാബാധ്യതയും അതിന്റെ തിരിച്ചടവും പൂർണ്ണമായും ഇനി സർക്കാരിന്റെ മേലാകും വരിക. കൂടാതെ കിഫ്ബിക്ക് വായ്പ എടുക്കാൻ ഗവൺമെന്റിനേക്കാൾ 1 മുതൽ 1.5 ശതമാനം വരെ കൂടുതൽ പലിശ നൽകേണ്ടി വരുന്നുണ്ട്. കിഫ്ബി പദ്ധതികളുടെ വിതരണത്തിൽ വലിയ രീതിയിലുള്ള പ്രാദേശിക അസമത്വമുണ്ടെന്നും, കണ്ണൂർ ജില്ലയിൽ മാത്രം ആകെ തുകയുടെ 20 ശതമാനത്തോളം ഫണ്ട് അനുവദിച്ചതായും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു