Home News Breaking News 17-കാരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

17-കാരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Advertisement

തിരുവനന്തപുരം: ശ്രീകാര്യത്ത് 17-കാരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശി എം.ഡി. അഭിരാമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഭിരാമിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ സുഹൃത്ത് വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ അഭിരാമിനെ പിന്നീട് കാണാതാവുകയായിരുന്നു. രാത്രി വൈകിയും തിരിച്ചെത്താതിരിക്കുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തതോടെ പിതാവ് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.
ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയുടെ ശബ്ദത്തില്‍ അഭിരാമിനെ വിളിച്ചുവരുത്തിയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പാങ്ങപ്പാറയിലേക്ക് വരാനായിരുന്നു ക്ഷണം. തുടര്‍ന്ന് അഭിരാമിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി ആളൊഴിഞ്ഞ പറമ്പിലെ മരത്തില്‍ കെട്ടിത്തൂക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
വൈകിട്ടോടെ പ്രതികളിലൊരാള്‍ മറ്റൊരു സുഹൃത്തിനോട് കൊലപാതക വിവരം വെളിപ്പെടുത്തിയതായാണ് വിവരം. ഈ സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here