ശാസ്താംകോട്ട:ഭരണിക്കാവ് ജെ.എം ഹൈസ്കൂളിൽ നടന്നു വരുന്ന ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നൃത്ത മത്സരങ്ങളിലെ വിധി നിർണയത്തിന് എത്തുന്ന ജഡ്ജിങ് പാനലിനെതിരെ പരാതി.കൊട്ടാരക്കര ഡി.ഇ.ഒ,കൊല്ലം ഡി.ഡി.ഇ,ശാസ്താംകോട്ട എ.ഇ.ഒ എന്നിവർക്കാണ് രക്ഷാകർത്താക്കൾ പരാതി നൽകിയത്.
സിപിഎം അധ്യാപക സംഘടനയായ കെഎസ്ടിഎയ്ക്കാണ് പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല.ചൊവ്വാഴ്ചയാണ് നൃത്ത മത്സരങ്ങൾ നടക്കുന്നത്.വിധികർത്താക്കൾക്ക് ആവശ്യമായ യോഗ്യത ഇല്ലെന്നും,മത്സര ദിവസത്തിനു മുൻപേ വിധികർത്താക്കളുടെ പാനൽ വിവരങ്ങൾ പുറത്തു വന്നതായും പരാതിയിൽ പറയുന്നു.ഇത് ഫലപ്രഖ്യാപനത്തിൽ തിരിമറി നടക്കാൻ സാധ്യതയുണ്ടെന്ന് മത്സരാർത്ഥികളും രക്ഷാകർത്താക്കളും ആശങ്കപ്പെടുന്നു.അതിനിടെ നൃത്ത മത്സരങ്ങളിൽ പങ്കെടുക്കുന്ന ചില കുട്ടികളുടെ രക്ഷിതാക്കളെ വാട്സാപ്പ് കോളിലൂടെ വിധികർത്താക്കൾ വിളിച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ മുടക്കാൻ തയ്യാറാണെങ്കിൽ ഫലപ്രഖ്യാപനത്തിൽ തിരിമറി നടത്തി ഒന്നാം സ്ഥാനം നൽകാമെന്നാണ് ഓഫർ നൽകിയതെന്ന് രക്ഷിതാക്കൾ പറയുന്നു.പുറത്ത് അറിയിക്കരുതെന്ന നിബന്ധനയോടെ
നിരവധി രക്ഷിതാക്കൾക്ക് ഇത്തരം വാട്സാപ്പ് കോളുകൾ എത്തിയതായും വിവരമുണ്ട്.നൃത്ത മത്സരങ്ങളിലെ വിധികർത്താക്കൾക്ക് എതിരെ പരാതി ലഭിച്ചതായും,പരാതിയിൽ പറയുന്ന പേരുകാർ വിധികർത്താക്കളായി എത്തിയാൽ അവരെ ഒഴിവാക്കാൻ പ്രോഗ്രാം കമ്മിറ്റിക്ക് നിർദ്ദേശം നൽകിയതായും ശാസ്താംകോട്ട എഇഒ അജിത ജി.എസ് പറഞ്ഞു.


































