28.8 C
Kollam
Saturday 31st October, 2026 | 08:59:45 PM
Home News Local മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം: ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ അടുത്തയാഴ്ച ടെൻഡർ

മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം: ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ അടുത്തയാഴ്ച ടെൻഡർ

Advertisement

ശാസ്താംകോട്ട:മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും മറ്റ് നിർമ്മിതികളും പൊളിച്ചുനീക്കുന്നതിനുള്ള ടെൻഡർ അടുത്തയാഴ്ച വിളിക്കും.ടെൻഡർ നടപടികളിലൂടെ കരാർ ഉറപ്പാക്കി 45 ദിവസത്തിനുള്ളിൽ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും മറ്റ് നിർമ്മിതികളും പൂർണമായും പൊളിച്ചുനീക്കി നിർമ്മാണത്തിനായി സ്ഥലം സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.

ഏകദേശം 60 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ പ്രധാന പ്രാഥമിക നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ് (GAD) അംഗീകാരം ലഭിക്കുകയും ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.ഭൂമി വിട്ടുനൽകിയ ഉടമകൾക്ക് നഷ്ടപരിഹാരത്തുകയും വിതരണം ചെയ്തു കഴിഞ്ഞു.

പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി RBDCK ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മൂന്ന് കുടുംബങ്ങൾ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി നേരത്തെ കൊല്ലം കളക്ടറേറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഭൂവുടമകളുടെയും യോഗം ചേർന്നിരുന്നു. യോഗത്തിൽ ഉയർന്നുവന്ന വിഷയങ്ങളിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച് ശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മുഴുവൻ നടപടിക്രമങ്ങളും പൂർത്തീകരിച്ച് അടുത്ത നാലുമാസത്തിനുള്ളിൽ മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കി നിർമ്മാണത്തിന് ആവശ്യമായ സ്ഥലം പൂർണമായും സജ്ജമാക്കും. പദ്ധതിയുടെ ഓരോ ഘട്ടവും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മൈനാഗപ്പള്ളി റെയിൽവേ ഗേറ്റിൽ ട്രെയിനുകൾ കടന്നുപോകുന്നതിനായി ഗേറ്റ് അടയ്ക്കുമ്പോൾ ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പ്രദേശവാസികൾ വർഷങ്ങളായി നേരിടുന്ന വലിയ ദുരിതമാണ്. രോഗികൾ, ആംബുലൻസുകൾ, വിദ്യാർഥികൾ, വ്യാപാരികൾ തുടങ്ങി നിരവധിപേരുടെ ദൈനംദിന യാത്രകളെ ഇത് പ്രതികൂലമായി ബാധിക്കുന്നു.

റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ മൈനാഗപ്പള്ളി റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനും ശാസ്താംകോട്ട–മൈനാഗപ്പള്ളി മേഖലയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും.

ജനങ്ങളുടെ ദീർഘകാല ആവശ്യമായ മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.

rep image .

LEAVE A REPLY

Please enter your comment!
Please enter your name here