Home News Breaking News ഇനി പിഎഫ് ബാലൻസും ഇടപാടുകളും വാട്സാപ്പിലൂടെ അറിയാം

ഇനി പിഎഫ് ബാലൻസും ഇടപാടുകളും വാട്സാപ്പിലൂടെ അറിയാം

Advertisement

ന്യൂഡൽഹി: പിഎഫ് അക്കൗണ്ടിലെ ബാലൻസും ഇടപാടുകളും ഇനി വാട്സാപ്പിലൂടെ അറിയാം. പിഎഫ് ബാലൻസ് പരിശോധിക്കാനും പാസ്ബുക്ക് വിവരങ്ങൾ ലഭ്യമാക്കാനും പുതിയ സൗകര്യമൊരുക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ഇപിഎഫ്ഒയുടെ 74-ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചത്.

ഔദ്യോഗിക വാട്സാപ്പ് സേവനത്തിലൂടെ അക്കൗണ്ടിലെ നിലവിലെ ബാലൻസ്, അവസാനത്തെ അഞ്ച് ഇടപാടുകളുടെ വിവരങ്ങൾ, പാസ്ബുക്ക് വിശദാംശങ്ങൾ എന്നിവ അറിയാനാകും. വെബ്സൈറ്റിൽ പ്രവേശിക്കാതെയും ഇപിഎഫ്ഒ ഓഫീസുകൾ സന്ദർശിക്കാതെയും അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.

പഴയ അക്കൗണ്ടിലെ പണവും പിൻവലിക്കാം

വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന ചില പിഎഫ് അക്കൗണ്ടുകളിലെ നിക്ഷേപം തിരിച്ചുനൽകാനും ഇപിഎഫ്ഒ സൗകര്യമൊരുക്കിയിട്ടുണ്ട്. 1,000 രൂപയോ അതിൽ താഴെയോ ബാലൻസുള്ള നിശ്ചിത പ്രവർത്തനരഹിത അക്കൗണ്ടുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ടും പരിശോധിച്ചശേഷം ഇപിഎഫ്ഒ നേരിട്ട് പണം കൈമാറും.

എന്നാൽ മൂന്ന് വർഷമായി നിക്ഷേപമില്ലാത്ത എല്ലാ അക്കൗണ്ടുകളും പ്രവർത്തനരഹിതമായി കണക്കാക്കില്ല. 55 വയസ് പൂർത്തിയായതിനുശേഷമോ വിരമിച്ചതിനുശേഷമോ തുടർച്ചയായി മൂന്ന് വർഷം നിക്ഷേപം ലഭിക്കാത്ത സാഹചര്യത്തിലാണ് അക്കൗണ്ട് പ്രവർത്തനരഹിതമാകുന്നത്. അതിനാൽ ജോലി മാറിയതിനെത്തുടർന്ന് പഴയ പിഎഫ് അക്കൗണ്ട് ഉപയോഗിക്കാതിരുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കണമെന്നില്ല.

എങ്ങനെ ഉപയോഗിക്കാം?

ഇപിഎഫ്ഒയുടെ ഔദ്യോഗിക വാട്സാപ്പ് നമ്പറിലൂടെയോ ക്യുആർ കോഡ് സ്കാൻ ചെയ്തോ സേവനം ഉപയോഗിക്കാം. വാട്സാപ്പിൽ സന്ദേശമയച്ച് ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കിയാൽ ലഭിക്കുന്ന ഓപ്ഷനുകളിൽനിന്ന് പിഎഫ് ബാലൻസ്, ഇടപാടുകൾ, പാസ്ബുക്ക് വിവരങ്ങൾ എന്നിവ തിരഞ്ഞെടുക്കാം.

സേവനം ഉപയോഗിക്കുമ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ച നമ്പറുകളും ക്യുആർ കോഡുകളും മാത്രമേ ഉപയോഗിക്കാവൂ. ഒടിപി, പാസ്‌വേഡ്, വ്യക്തിഗത അക്കൗണ്ട് വിവരങ്ങൾ എന്നിവ അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും ഇപിഎഫ്ഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here