മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ പ്രകോപനപരമായി ഇടപെട്ടതിന് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമയായ ഇമ്രാൻ ഖാൻ മാപ്പ് പറയണമെന്ന് ബോംബെ ഹൈക്കോടതി. ഇന്ത്യൻ പൗരനല്ലാത്ത ഇമ്രാന് ഇന്ത്യൻ പൗരനെപ്പോലെ പെരുമാറാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
വോട്ടർപട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആർ) നടപടികൾ ഇമ്രാനെ നേരിട്ട് ബാധിക്കുന്നില്ല. അതിനാൽ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കാനോ പ്രക്ഷോഭങ്ങൾക്ക് പ്രോത്സാഹനം നൽകാനോ അദ്ദേഹത്തിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ഇന്ത്യ വിട്ടുപോകണമെന്ന് നിർദേശിച്ച് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.
ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇമ്രാന് നൽകിയ ലീവ് ഇന്ത്യ നോട്ടീസിന്മേലുള്ള സ്റ്റേ ഡിസംബർ ഏഴുവരെ കോടതി നീട്ടി. എന്നാൽ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു.




























