ന്യൂഡല്‍ഹി:രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യന് സീറ്റില്ല നിലവില്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് ജോര്‍ജ് കുര്യന്‍ . ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി കഴിയും.
മധ്യപ്രദേശില്‍ ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് തരുണ്‍ ചുഘ്, രജനീഷ് അഗര്‍വാള്‍ എന്നിവരെയാണ് ബിജെപി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ നിന്ന് തായ് തഗക്, ഗുജറാത്തില്‍ നിന്ന് രാജുഭായ് ശുക്ല, മുകേഷ്ഭായ് റത്‌വ, മാന്‍സിങ് പാര്‍മര്‍, ജിതേന്ദ്ര മേഗ്ജിഭായ്, മണിപ്പൂരില്‍ നിന്ന് ശാര്‍ദ ദേവി, രാജസ്ഥാനില്‍ നിന്ന് അല്‍ക ഗുര്‍ജാര്‍, സതീഷ് പുനിയ, ഒഡീഷയില്‍ നിന്ന് ദേബാശിഷ് സാമന്തറായ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍നിന്ന് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. 2021-ല്‍ അല്‍ഫോണ്‍സ് കണ്ണന്താനം ബിജെപിക്കായി മത്സരിച്ച് നേടിയതിനേക്കാള്‍ കുറഞ്ഞ വോട്ടാണ് ജോര്‍ജ് കുര്യന് കേന്ദ്ര മന്ത്രിയായി മത്സരിച്ചിട്ടും നേടാനായത്. നിലവില്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായ ജോര്‍ജ് കുര്യനെ കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടന വരുന്നതോടെ നീക്കിയേക്കും.
രാജ്യസഭാ സീറ്റില്ല; ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രി സ്ഥാനം ഒഴിയേണ്ടിവരുമോ…?
‘മഞ്ഞുമ്മൽ ബോയ്സ്’: സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം : മലയാളത്തിലെ ഹിറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ.
സിനിമയുടെ ലാഭവിഹിതവുമായി ബന്ധപ്പെട്ട തർക്കമാണ് കേസിന് ആധാരം.സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത്, പരാതിക്കാരനായ അരൂർ സ്വദേശി സിറാജ് വലിയ വീട്ടിൽ ഹമീദിൽ നിന്ന് ഇവർ പണം കൈപ്പറ്റിയെന്നാണ് കേസ്. എന്നാൽ സിനിമ റിലീസ് ചെയ്ത് വൻ വിജയമായിട്ടും തനിക്ക് ഒരു രൂപ പോലും മടക്കി നൽകിയില്ലെന്ന് സിറാജ് പരാതിപ്പെടുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമിച്ച് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ 2024 ഫെബ്രുവരി 22നാണ് തിയേറ്ററുകളിലെത്തിയത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൾ, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ് തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രം കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും തരംഗമായി മാറി. ബോക്സ് ഓഫീസിൽ നിന്ന് 200 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഈ വൻ ലാഭത്തിന് പിന്നാലെയാണ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ഇൻവെസ്റ്റർ രംഗത്തെത്തിയതും ഇപ്പോൾ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതും.
ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം
തൃശൂർ: ചാലക്കുടിയിൽ, അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശികളായ ഷംനാസ് (30), നൈജ (28) എന്നിവരെ നിസാര പരിക്കുകളോടെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴം ഉച്ചയ്ക്ക് ഒരു മണിയോടെ ഏഴാറ്റുമുഖം പ്ലാന്റേഷന് സമീപത്താണ് അപകടം. അതിരപ്പിള്ളി സന്ദര്‍ശിച്ച് വെറ്റിലപ്പാറ പാലം വഴി തിരികെ പോകുന്ന വഴിയാണ് അപകടം.
15അടിയോളം താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. നാട്ടുകാരെത്തിയാണ് ഇരുവരേയും പുറത്തെടുത്തത്.
‘വിട്ടുവീഴ്ച ചെയ്ത് ഐക്യം നിലനിർത്തേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിലെ തീരുമാനം. പാർട്ടി അഭിമാനം സിപിഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ലെന്നും വിട്ടുവീഴ്ച ചെയ്ത് ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നുമാണ് സിപിഐ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണ്.
പദവിയെച്ചൊല്ലി എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം കടുക്കുകയാണ്. പ്രതിപക്ഷ നിരയിൽ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ സിപിഐ ഉപനേതൃപദവി വേണമെന്ന കടുംപിടിത്തം തുടരുകയാണ്. വിട്ടുവീഴ്ച്ച ആവശ്യമില്ലെന്നും, പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നുമാണ് സിപിഐ നിലപാട്.
എന്നാൽ പ്രതിപക്ഷ ഉപനേതൃപദവി നൽകാനാവില്ലെന്ന നിലപാടിലാണ് സിപിഎം. ഇടതുമുന്നണി പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ഉപനേതാവ് പദവി വഹിച്ചിരുന്നത് സിപിഎം തന്നെയാണെന്നുള്ള കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് സിപിഎം നിലപാട് കടുപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
അതേസമയം, മുന്നണിയിൽ ധാരണയാകും മുമ്പ് ഉപനേതൃപദവി പരസ്യമായി ആവശ്യപ്പെട്ട ബിനോയ് വിശ്വത്തിന്റെ നടപടിയിൽ സിപിഐയിൽ അമർഷമുണ്ട്. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്നാണ് ഒരു വിഭാഗത്തിൻ്റെ നിലപാട്. മുന്നണി ഐക്യം കൂടി കണക്കിലെടുക്കണമെന്ന് ആവശ്യവും സിപിഐയിൽ ഉണ്ട്. പദവി ലഭിച്ചില്ലെങ്കിൽ എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മറ്റ് ഔദ്യോഗിക ചുമതലകൾ ബഹിഷ്കരിക്കാനും സിപിഐ ആലോചിക്കുന്നുണ്ട്.
അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിമരിച്ചു
മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. മങ്കട മേലെ അരിപ്ര പാലക്കല്‍ നൗഫലിന്റെ മകന്‍ നസല്‍ (7) ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. അരിപ്ര മേല്‍മുറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നസല്‍.
ദിവസങ്ങള്‍ക്കു മുമ്പ് ആണ് സംഭവം. കൊണ്ടോട്ടി കിഴിശ്ശേരിയിലുള്ള ഉമ്മയുടെ വീട്ടില്‍ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പുലര്‍ച്ചെ കുട്ടി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു കടിയേറ്റത്. പ്രത്യേക ഇനം പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചത്.
ഈ പ്രത്യേക വിഭാഗത്തില്‍പ്പെട്ട പാമ്പുകളുടെ വിഷത്തിനുള്ള ആന്റിവെനം നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ല. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. പുറത്തു നിന്നും ആന്റിവെനം കൊണ്ടുവരാന്‍ ഒരുങ്ങിയെങ്കിലും അതിന് മുന്‍പ് കുട്ടി യാത്രയാവുകയായിരുന്നു.
വി.ഡി. സതീശൻ പറഞ്ഞത് കള്ളം! ധവളപത്രം ഞങ്ങളുടെ വാദങ്ങളെ ശരിവെക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ച വാദങ്ങൾക്കെതിരെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രതിപക്ഷ നേതാവായിരുന്ന കാലം മുതൽ സതീശൻ പറഞ്ഞിരുന്ന പല കണക്കുകളും കള്ളമാണെന്ന് ധവളപത്രത്തിലെ വിവരങ്ങൾ പുറത്തുവന്നതോടെ തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തിന്റെ കടം ആറു ലക്ഷം കോടി രൂപയാണെന്നായിരുന്നു കഴിഞ്ഞ അഞ്ചുവർഷമായി സതീശൻ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ അത് 4.85 ലക്ഷം കോടി രൂപ മാത്രമാണെന്ന് അന്ന് തന്നെ തങ്ങൾ തിരുത്തിയിട്ടുള്ളതാണ്.
ഇപ്പോൾ സംസ്ഥാനത്തിന്റെ കടം 5.7 ലക്ഷം കോടിയാണെന്ന് മുഖ്യമന്ത്രി തന്നെ ധവളപത്രത്തിൽ വ്യക്തമാക്കിയതോടെ അന്ന് തങ്ങൾ പറഞ്ഞിരുന്ന കണക്കുകളാണ് ശരിയെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യ ഇനത്തിൽ 1.25 ലക്ഷം കോടി രൂപയോളം നൽകാനുണ്ടെന്നായിരുന്നു മുൻപ് സതീശൻ വാദിച്ചിരുന്നത്. എന്നാൽ ധവളപത്രത്തിൽ ഈ കുടിശ്ശിക 48,000 കോടി രൂപ മാത്രമാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഔദ്യോഗിക രേഖകൾ കള്ളം പറയില്ലല്ലോ എന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിയുടെ സമയത്ത് ജി.എസ്.ഡി.പി.യുടെ 39 ശതമാനം വരെ ഉയർന്നിരുന്ന സംസ്ഥാനത്തിന്റെ കടബാധ്യത ഇപ്പോൾ 33.6 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധവളപത്രം തയ്യാറാക്കേണ്ടത് ധനവകുപ്പാണെന്നും ഖജനാവിനകത്തെ വിവരങ്ങൾക്ക് കൃത്യമായ രഹസ്യസ്വഭാവം പുലർത്തേണ്ടതുണ്ടെന്നും മുൻ ധനമന്ത്രി ഓർമ്മിപ്പിച്ചു. ഇത്തരം വിവരങ്ങൾ എളുപ്പത്തിൽ പുറത്തുവിടാൻ പാടില്ലാത്തതാണ്. ഇന്ദിരാ ഗാരന്റി പദ്ധതിക്ക് വരുന്ന യഥാർത്ഥ ചെലവുകളെക്കുറിച്ച് പഠിക്കാൻ ഈ വിഭാഗത്തെത്തന്നെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ഫിസ്‌കൽ നയങ്ങളിൽ വന്ന മാറ്റങ്ങളും സംസ്ഥാനത്തിനുള്ള വിവിധ വിഹിതങ്ങൾ വെട്ടിക്കുറച്ചതുമാണ് കേരളത്തിന്റെ വരുമാനത്തെ വലിയ രീതിയിൽ ബാധിച്ചത്. ധവളപത്രം തയ്യാറാക്കുമ്പോൾ സാമ്പത്തികാവസ്ഥ ഈ രീതിയിലാകാനുള്ള യഥാർത്ഥ കാരണങ്ങളും കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ള വിഹിതങ്ങളെക്കുറിച്ചും അതിൽ വ്യക്തമാക്കണമായിരുന്നുവെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
രാജ്യസഭാ പട്ടികയിൽ നിന്ന് ജോർജ് കുര്യൻ പുറത്ത്; കേന്ദ്രമന്ത്രി പദത്തിന്റെ ഭാവി ചർച്ചയാകുന്നു
ന്യൂ ഡെൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് രാഷ്ട്രീയ തിരിച്ചടി. മധ്യപ്രദേശിൽ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
നിലവിൽ കേന്ദ്രമന്ത്രിയായി തുടരണമെങ്കിൽ പാർലമെന്റ് അംഗത്വം അനിവാര്യമാണെന്നിരിക്കെ, പാർട്ടി സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കാത്തത് അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ജൂൺ പതിനെട്ടിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
‘ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് പുറത്താക്കി,ട്രോളെന്ന പേരില്‍ വ്യാജ വാര്‍ത്ത ,പരാതി നല്‍കി മന്ത്രി ബിന്ദു കൃഷ്ണയുടെ പഴ്‌സനല്‍ സ്റ്റാഫ്
തിരുവനന്തപുരം: അങ്കണവാടിയില്‍ ബിരിയാണി ചോദിച്ച് വൈറലായ ‘ബിര്‍ണാണി ശങ്കു’വിനെ കോണ്‍ഗ്രസ് നേതാവ് രാധമണി ചേച്ചിയുടെ കൊച്ചുമകനാക്കിയ മന്ത്രി ബിന്ദു കൃഷ്ണ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ എയറിലാണ്. മന്ത്രിയെ സംബന്ധിച്ച് ഏത് വാര്‍ത്തയ്ക്ക് താഴെയും കമന്റുകളുടെ പൂരമാണ്. ഒപ്പം ട്രോളുകളും. അതില്‍ ഒരു ട്രോളില്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ പഴ്‌സനല്‍ സ്റ്റാഫ്
‘മന്ത്രിയെ ട്രോളിയ ശങ്കുവിനെ അങ്കണവാടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു’ എന്ന ട്രോളിനെതിരെയാണ് മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫംഗം അഡ്വ. ബി ത്രിദീപ് കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. ട്രോളെന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയിലുള്ളത്.
‘അങ്കണവാടിയിലെ ഭക്ഷണ മെനുവുമായി സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മന്ത്രിയായ ബിന്ദു കൃഷ്ണയെ ഒരു കൊച്ചുകുട്ടി ട്രോളി എന്ന പേരില്‍ വാര്‍ത്തകളും ഇടംപിടിച്ചു. പിന്നാലെ വകുപ്പ് മന്ത്രിയായ ബിന്ദു കൃഷ്ണ ആ കുട്ടിയെ അങ്കണവാടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു എന്ന് തരത്തില്‍ വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്. ഇത് തികച്ചും വ്യാജ വാര്‍ത്തയും അടിസ്ഥാന രഹിതമായ കാര്യവുമാണ്. കൊച്ചുകുട്ടിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ശുപാര്‍ശ്ശ ചെയ്തു എന്ന തരത്തിലും വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ആയതിനാല്‍ ഇതിനെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളണം’ ത്രിദീപ് കുമാറിന്റെ പരാതിയില്‍ പറയുന്നു.
‘അങ്കണവാടിയില്‍ ബിര്‍ണാണീം പൊരിച്ച കോഴീം’ വേണമെന്ന് ആവശ്യപ്പെടുന്ന ശങ്കുവിന്റെ വിഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെ അന്നത്തെ മന്ത്രി വീണ ജോര്‍ജ് അംണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചിരുന്നു. എന്നാല്‍ ബിരിയാണി കൊടുക്കുന്നത് പ്രയാസമാണെന്നാണ് ഒരു പ്രസംഗത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞത്. കുട്ടികളുടെ ഇഷ്ടം കണക്കിലെടുത്ത് മെനു പരിഷ്‌കരിക്കുമെന്നും ബിന്ദു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ ‘അവനെ എനിക്ക് ഇഷ്ടാ… ബിര്‍ണാണി ചോദിച്ച കുഞ്ഞുണ്ടല്ല, അവന്‍ ചവറയിലെ നമ്മുടെ മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണ്’ എന്നും മന്ത്രി പറഞ്ഞിരുന്നു.
കൊച്ചുകുട്ടിയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തിയതാണ് റീലായി വന്നതെന്നും ഒരു കൊച്ചുകുട്ടി പറഞ്ഞ മറുപടി അല്ല അതെന്നും ഇതോടെ ഇതൊക്കെ കൃത്യമായി സൃഷ്ടിക്കപ്പെടുന്നതാണെന്നും വെളിപ്പെടുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറുപടി നല്‍കുന്നുണ്ട്.
ഗര്‍ഭിണിയാണെന്ന് ബിഗ് ബോസ് താരം സജ്ന നൂര്‍… സോഷ്യല്‍ മീഡിയ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ ചിത്രം പിന്‍വലിച്ച് നടി
സീരിയല്‍ നടിയും മുന്‍ ബിഗ് ബോസ് താരവുമായ സജ്‌ന നൂര്‍ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലും മാധ്യമങ്ങളിലും വലിയ രീതിയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. താന്‍ അമ്മയാകാന്‍ പോകുന്നുവെന്നാണ് തന്റെ പുതിയ പോസ്റ്റിലൂടെ ഇവര്‍ വെളിപ്പെടുത്തിയത്. താന്‍ ഒന്‍പത് ആഴ്ച അഥവാ രണ്ടര മാസം ഗര്‍ഭിണിയാണെന്ന വിവരമാണ് സജ്‌ന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
തന്റെ ബേബി ബംപിന്റെ ചിത്രവും മറ്റൊരു പ്രമുഖ താരത്തിന്റെ സെല്‍ഫിയുമുള്‍ക്കൊള്ളുന്ന ഒരു കൊളാഷ് ചിത്രമാണ് നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ‘മാഷാ അള്ളാഹ്’ എന്ന അടിക്കുറിപ്പോടെയാണ് സജ്‌ന ഈ ചിത്രം പോസ്റ്റ് ചെയ്തത്. താന്‍ മൂന്നാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ നിമിഷ നേരങ്ങള്‍ക്കിടയിലാണ് ഇത് വൈറലായത്. എന്നാല്‍, ഗര്‍ഭിണിയാണെന്ന പോസ്റ്റ് വൈറലായതോടെ സജ്‌ന ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചിത്രം പിന്‍വലിച്ചു.
ബിഗ് ബോസ് താരം സജ്നയും ഒരു താരവും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. ഈ ഗോസിപ്പുകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ഈ ചിത്രം പങ്കുവെച്ച് താന്‍ ഗര്‍ഭിണിയാണെന്ന വിവരം സജ്‌ന പുറത്തുവിട്ടത്. ഇതോടെ ഇരുവരുടേയും വിവാഹം ഇതിനകം കഴിഞ്ഞുവോ എന്ന സംശയത്തിലാണ് സോഷ്യല്‍ മീഡിയയും ആരാധകരും. നിങ്ങളുടെ കല്യാണം കഴിഞ്ഞോ എന്ന ചോദ്യവും ഗര്‍ഭകാലം ആസ്വദിക്കൂ എന്ന ആശംസകളുമായി നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. കൂടാതെ സോഷ്യല്‍മീഡിയയില്‍ നിരവധി പോസ്റ്റുകളും ഉയര്‍ന്നതോടെ നടി പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
നടനും അവതാരകനുമായ ഫിറോസ് ഖാനുമായുള്ള ദാമ്പത്യ ബന്ധം സജ്‌ന അടുത്തിടെയാണ് ഔദ്യോഗികമായി വേര്‍പെടുത്തിയത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. ബിഗ് ബോസ് മലയാളം സീസണ്‍ 3-ല്‍ ദമ്പതികളായി ഒരുമിച്ച് മത്സരിച്ച് പ്രേക്ഷകശ്രദ്ധ നേടിയവരായിരുന്നു സജ്‌നയും ഫിറോസും. എന്നാല്‍ പിന്നീട് ഇവര്‍ക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ മാസത്തില്‍ തങ്ങളുടെ വിവാഹമോചനത്തിന് കാരണം സിനിമയിലെ ഒരു പ്രമുഖനുമായുള്ള ബന്ധമാണെന്ന ഫിറോസ് ഖാന്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെ അന്ന് ശക്തമായി സജ്‌ന തള്ളിയിരുന്നു. ആ വ്യക്തി തനിക്ക് നല്ലൊരു സുഹൃത്തും വലിയ പിന്തുണയുമാണെന്ന് നല്‍കുന്നതെന്നും ഒരു തെറ്റും ചെയ്യാത്ത അദ്ദേഹത്തെ നാണം കെടുത്താനാണ് ഫിറോസ് ശ്രമിക്കുന്നതെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. ‘ഒറ്റ’ എന്ന സിനിമയുടെ ജോലികള്‍ നടക്കുമ്പോഴാണ് അദ്ദേഹത്തെ കണ്ടുമുട്ടിയതെന്നും, ആ സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്ത പരിചയമാണ് പിന്നീട് തങ്ങള്‍ക്കിടയില്‍ വലിയൊരു സുഹൃദ്ബന്ധമായി മാറിയതെന്നും സജ്ന കൂട്ടിച്ചേര്‍ത്തിരുന്നു.
ഗ്രാമോദ്ധാരണ ഗ്രന്ഥശാല പരിസ്ഥിതി ദിനാചരണം
ശാസ്താംകോട്ട. ഗ്രാമോദ്ധാരണ ഗ്രന്ഥശാല പരിസ്ഥിതി ദിനാചരണം വെള്ളിയാഴ്ച രാവിലെ 10.30ന് ആഞ്ഞിലിമൂട് സെന്റ് മേരീസ് എല്‍പിഎസില്‍ നടക്കും. ഫാ ബിജു ജോസഫ് ഉ്ദഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കൊച്ചു വേലു മുഖ്യ പ്രഭാഷണം നടത്തും,പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരികുറിശേരി ബോധവല്‍ക്കരണ ക്ളാസ് എടുക്കും.
ഉദയാ ലൈബ്രറി ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം
മൈനാഗപ്പള്ളി ഉദയാ ലൈബ്രറി ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം വെള്ളിയാഴ്ച രാവിലെ 11ന് പഞ്ചായത്ത് പ്രസിഡന്റ് രജനി സുനില്‍ ഉദ്ഘാടനം ചെയ്യും. കൃഷിഓഫിസര്‍ എസ് അശ്വതി പരിസ്ഥിതി ദിന സന്ദേശം നല്‍കും. ഓര്‍മ്മ മരം നടീലും ഉണ്ടായിരിക്കും.





































