Home News Kerala ‘ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് പുറത്താക്കി,ട്രോളെന്ന പേരില്‍ വ്യാജ വാര്‍ത്ത ,പരാതി നല്‍കി മന്ത്രി ബിന്ദു കൃഷ്ണയുടെ...

‘ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് പുറത്താക്കി,ട്രോളെന്ന പേരില്‍ വ്യാജ വാര്‍ത്ത ,പരാതി നല്‍കി മന്ത്രി ബിന്ദു കൃഷ്ണയുടെ പഴ്‌സനല്‍ സ്റ്റാഫ്

Advertisement

തിരുവനന്തപുരം: അങ്കണവാടിയില്‍ ബിരിയാണി ചോദിച്ച് വൈറലായ ‘ബിര്‍ണാണി ശങ്കു’വിനെ കോണ്‍ഗ്രസ് നേതാവ് രാധമണി ചേച്ചിയുടെ കൊച്ചുമകനാക്കിയ മന്ത്രി ബിന്ദു കൃഷ്ണ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ എയറിലാണ്. മന്ത്രിയെ സംബന്ധിച്ച് ഏത് വാര്‍ത്തയ്ക്ക് താഴെയും കമന്റുകളുടെ പൂരമാണ്. ഒപ്പം ട്രോളുകളും. അതില്‍ ഒരു ട്രോളില്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ പഴ്‌സനല്‍ സ്റ്റാഫ്

‘മന്ത്രിയെ ട്രോളിയ ശങ്കുവിനെ അങ്കണവാടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു’ എന്ന ട്രോളിനെതിരെയാണ് മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫംഗം അഡ്വ. ബി ത്രിദീപ് കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. ട്രോളെന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയിലുള്ളത്.

‘അങ്കണവാടിയിലെ ഭക്ഷണ മെനുവുമായി സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മന്ത്രിയായ ബിന്ദു കൃഷ്ണയെ ഒരു കൊച്ചുകുട്ടി ട്രോളി എന്ന പേരില്‍ വാര്‍ത്തകളും ഇടംപിടിച്ചു. പിന്നാലെ വകുപ്പ് മന്ത്രിയായ ബിന്ദു കൃഷ്ണ ആ കുട്ടിയെ അങ്കണവാടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു എന്ന് തരത്തില്‍ വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്. ഇത് തികച്ചും വ്യാജ വാര്‍ത്തയും അടിസ്ഥാന രഹിതമായ കാര്യവുമാണ്. കൊച്ചുകുട്ടിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ശുപാര്‍ശ്ശ ചെയ്തു എന്ന തരത്തിലും വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ആയതിനാല്‍ ഇതിനെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളണം’ ത്രിദീപ് കുമാറിന്റെ പരാതിയില്‍ പറയുന്നു.

‘അങ്കണവാടിയില്‍ ബിര്‍ണാണീം പൊരിച്ച കോഴീം’ വേണമെന്ന് ആവശ്യപ്പെടുന്ന ശങ്കുവിന്റെ വിഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെ അന്നത്തെ മന്ത്രി വീണ ജോര്‍ജ് അംണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചിരുന്നു. എന്നാല്‍ ബിരിയാണി കൊടുക്കുന്നത് പ്രയാസമാണെന്നാണ് ഒരു പ്രസംഗത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞത്. കുട്ടികളുടെ ഇഷ്ടം കണക്കിലെടുത്ത് മെനു പരിഷ്‌കരിക്കുമെന്നും ബിന്ദു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ ‘അവനെ എനിക്ക് ഇഷ്ടാ… ബിര്‍ണാണി ചോദിച്ച കുഞ്ഞുണ്ടല്ല, അവന്‍ ചവറയിലെ നമ്മുടെ മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണ്’ എന്നും മന്ത്രി പറഞ്ഞിരുന്നു.

കൊച്ചുകുട്ടിയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തിയതാണ് റീലായി വന്നതെന്നും ഒരു കൊച്ചുകുട്ടി പറഞ്ഞ മറുപടി അല്ല അതെന്നും ഇതോടെ ഇതൊക്കെ കൃത്യമായി സൃഷ്ടിക്കപ്പെടുന്നതാണെന്നും വെളിപ്പെടുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറുപടി നല്‍കുന്നുണ്ട്.

Advertisement