26.9 C
Kollam
Friday 4th September, 2026 | 11:51:13 PM
Home News Breaking News പീഡന പരാതി വ്യാജം, പോലീസുമായി ചേര്‍ന്ന് പരാതിക്കാരി കള്ളക്കേസില്‍ കുടുക്കി, ഹൈക്കോടതിക്കുമുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം

പീഡന പരാതി വ്യാജം, പോലീസുമായി ചേര്‍ന്ന് പരാതിക്കാരി കള്ളക്കേസില്‍ കുടുക്കി, ഹൈക്കോടതിക്കുമുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം

കൊച്ചി. ദമ്പതികളുടെ ആത്മഹത്യാശ്രമം. ആംബുലന്‍സില്‍ ഹൈക്കോടതിയ്ക്കു മുന്നിലെത്തിയ ദമ്പതികള്‍ വിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഇരുവരെയും പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി.

ആംബുലന്‍സ് ഡ്രൈവറായ വിനുവും ഭാര്യയുമാണ് ഇന്ന് രാവിലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആംബുലന്‍സില്‍ ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയ ദമ്പതികള്‍ വിഷം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുവിനെ ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. ബന്ധു നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും അടിയന്തരമായി എറണാകുളം ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനകൾക്ക് ശേഷം, വിദഗ്ധ ചികിത്സയ്ക്കായി രണ്ടുപേരെയും സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. വിനുവിനെതിരായ കേസുമായി ബന്ധപ്പെട്ടുണ്ടായ മാനസിക വിഷമമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. തനിയ്ക്കെതിരായ പീഡന പരാതി വ്യാജമാണെന്നും പോലീസുമായി ചേര്‍ന്ന് പരാതിക്കാരി തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും ആത്മഹത്യാശ്രമത്തിന് തൊട്ടുമുന്‍പ് ചിത്രീകരിച്ച വീഡിയോയില്‍ വിനു ആരോപിക്കുന്നുണ്ട്.

ഇരുവരും എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.