ധവളപത്രം സഭയിൽ വെച്ചതിനെ ചൊല്ലി ഭരണ- പ്രതിപക്ഷ തർക്കം. രഹസ്യരേഖകൾ ആർക്കും കൊടുക്കില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷം. ധവളപത്രം രാഷ്ട്രീയരേഖയെന്നും ആക്ഷേപം. ഒരു രഹസ്യ രേഖയും പുറത്തു പോയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി.
ധവളപത്രം നിയമസഭയിൽ വയ്ക്കുന്നതിനു മുൻപാണ് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ വിയോജനക്കുറിപ്പ് നൽകിയത്. ധവളപത്രം തയ്യാറാക്കിയത് ശരിയായ രീതിയിൽ അല്ല എന്നാണ് ആക്ഷേപം. ഓഡിറ്റ് ചെയ്യാനുള്ള അവകാശം സി ആൻഡ് എ ജിക്ക് ആയിരുന്നു. എന്നാൽ പ്രൈവറ്റ് ഏജൻസിയെ വെച്ച് ഓഡിറ്റ് നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഔദ്യോഗിക രേഖകൾ പുറത്തുപോയി. രാഷ്ട്രീയമായി ധവളപത്രം ഉപയോഗിച്ചു എന്നും കെ.എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
ധനകാര്യവകുപ്പിന്റെ നേതൃത്വത്തിൽ തന്നെയാണ് ധവളപത്രം തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. മുൻപ് വെച്ചിട്ടുള്ള പല ധവളപത്രങ്ങളും രാഷ്ട്രീയ രേഖകൾ ആണെങ്കിൽ ഇത് രാഷ്ട്രീയ രേഖയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മുഖ്യമന്ത്രി പറയുന്നത് വിചിത്രമായ വാദമെന്നും ഇതാണ് യഥാർത്ഥ രാഷ്ട്രീയ രേഖയെന്നും പ്രതിപക്ഷ നേതാവ് .
വായിച്ചു പോലും നോക്കാതെ മുൻവിധിയോടെ രാഷ്ട്രീയരേഖ എന്ന് പറയുന്നത് എങ്ങനെയെന്ന് മുഖ്യമന്ത്രിയുടെ തിരിച്ചടി.ധവള പത്രത്തിൽ വിശദമായ ചർച്ചയാകാം എന്ന് സഭയെ അറിയിച്ച സ്പീക്കർ ബാലഗോപാൽ ഉന്നയിച്ച ക്രമപ്രശ്നം തള്ളി.


































