27.4 C
Kollam
Friday 4th September, 2026 | 08:03:29 PM
Home News Breaking News കെഎസ്‌യുവിന്റെ മുഴുവന്‍ ആശങ്കയും മുഖ്യമന്ത്രിയെ അറിയിച്ചു, അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അലോഷ്യസ്

കെഎസ്‌യുവിന്റെ മുഴുവന്‍ ആശങ്കയും മുഖ്യമന്ത്രിയെ അറിയിച്ചു, അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അലോഷ്യസ്

തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ളീഡര്‍ നിയമന വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിഡി സതീശനുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ച നടത്തി. കെഎസ്‌യുവിന്റെ മുഴുവന്‍ ആശങ്കയും മുഖ്യമന്ത്രിയെ അറിയിച്ചെന്നും അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അലോഷ്യസ് പ്രതികരിച്ചു.

മുഖ്യമന്ത്രി എല്ലാം ക്ഷമാപൂര്‍വം കേട്ടു. കെഎസ്‌യുവിന്റെ കൂടി അധ്വാന ഫലമായാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാരുമായി കെഎസ്‌യു പോരിന് എന്നൊക്കെ പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും പ്ലീഡര്‍ നിയമന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും അലോഷ്യസ് പറഞ്ഞു.

‘കെഎസ്‌യുവിന്റെ മുഴുവന്‍ ആശങ്കയും മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചു. മുഖ്യമന്ത്രിയും അദ്ദേഹത്തോടൊപ്പമുള്ള മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരും കെഎസ്‌യുവിലൂടെ കടന്നുവന്നവരാണ്. ആ വൈകാരികത ഇന്നും അവരിലുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്.

ജിയോണ ജെയിംസ് ലോ കോളജില്‍ എസ്എഫ്‌ഐക്കാരി ആയിരുന്നു. അതിനു ശേഷവും അവര്‍ ഇടതുപക്ഷ നിലപാടുകള്‍ തന്നെയാണ് സ്വീകരിച്ചുവന്നത്. അക്കാര്യം സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി അത് ക്ഷമാപൂര്‍വം കേട്ടതിനാല്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പാര്‍ട്ടിയും വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കെഎസ്‌യുവുന് പൂര്‍ണ വിശ്വാസമുണ്ട്. എല്ലാം ആ ലൈനില്‍ മാത്രം കണ്ടാല്‍ മതി.