കമ്പം: തമിഴ്നാട്ടിലെ കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം. രണ്ട് തൊഴിലാളികൾ മരിച്ചു. സൂര്യ, ദീനദയാലൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ രണ്ടുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെ പടക്കനിർമ്മാണശാല തുറന്ന ഉടനെയായിരുന്നു അപകടം. ഷട്ടർ തുറന്നതിന് പിന്നാലെ ശക്തമായ പൊട്ടിത്തെറിയും തുടർന്ന് തീപിടിത്തവുമുണ്ടാകുകയായിരുന്നു. പടക്കനിർമ്മാണശാലയ്ക്കുള്ളിൽ രൂപപ്പെട്ട വിഷവാതകമാകാം പെട്ടെന്നുള്ള സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പടക്കശാല തുറന്ന സമയത്ത് കൂടുതൽ തൊഴിലാളികൾ സ്ഥലത്തില്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പടക്കനിർമ്മാണശാലയിൽ സ്ഫോടനം… രണ്ട് തൊഴിലാളികൾ മരിച്ചു
ആർ ശ്രീലേഖയെ പ്രതി ചേർത്തു
തിരുവനന്തപുരം.വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ പൊലീസ് നടപടി. BJP നേതാവ് ആർ ശ്രീലേഖ പ്രതി. ഡെപ്യൂട്ടി മേയർ ആശാനാഥ് ജിഎസും പ്രതി. പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് പൊലീസ്
ശ്രീലേഖയെ പ്രതി ചേർക്കാതിരുന്നത് വിവാദമായിരുന്നു. ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത് കണ്ടാലറിയാവുന്ന 50 പേർക്കെതിരെ മാത്രം. സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തത് ആർ ശ്രീലേഖയായിരുന്നു.
കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി,പൊളിഞ്ഞത് പാര്‍ട്ടി നേതാക്കളുടെ പ്രചരണം
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്‍റെ പരാതി ഇതോടെ പൊളിയുകയാണ്. കേസില്‍ കെഎസ്‍യുക്കാരായ അഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് രണ്ടാഴ്ചയിലധികം ജയിലില്‍ അടച്ചത്. പ്രമാദമായ കേസില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നല്‍കാതിരുന്ന മന്ത്രി രണ്ടുദിവസം മുമ്പാണ് വിശദമായ മൊഴി നല്‍കിയത്.
അന്ന് കണ്ണൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെ അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് മന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദിച്ചതാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വര്‍ധിത വീര്യത്തോടെയുള്ള പ്രതിഷേധത്തിന് കാരണമായത്. രണ്ട് മിനിറ്റോളം ഒന്നാമത്തെ പ്ലാറ്റ്ഫോമിന് മുന്നില്‍ക്കണ്ടത് ഉന്തും തള്ളും ബഹളവുമാണ്. പ്രതിഷേധത്തിന് പിന്നാലെ യാത്ര റദ്ദാക്കിയ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിഷേധ വാര്‍ത്ത തീ പോലെ പടര്‍ന്നു. മുഖ്യമന്ത്രി ഉള്‍പ്പടെ ആശുപത്രിയിലെത്തി. റോഡുനീളെ പ്രതിഷേധം ഉയര്‍ന്നു. രാത്രി ഒമ്പത് മണിയോടെ മന്ത്രിയെ പരിയാരം ആശുപത്രിയിലേക്ക് വിശദമായ പരിശോധനയ്ക്കായി മാറ്റി. പ്രതിഷേധത്തിനിടെ അറസ്റ്റിലായ അഞ്ച് കെഎസ്‍യുക്കാരെ ടൊണ്‍ പൊലീസ് റെയില്‍വെ പൊലീസിന് കൈമറി. രാത്രി എഫ്ഐആര്‍ ഇട്ടു. പുലര്‍ച്ചെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ച കഴിയുമ്പോളാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.
ജില്ലാ ആശുപത്രിയിലെ വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേറ്റതായി ഇല്ല. സുരക്ഷ ഒരുക്കാന്‍ എത്തിയ ടൗണ്‍ സ്റ്റേഷനിലെ മൂന്ന് പൊലീസുകാരുടെ മൊഴിയിലും വധശ്രമമില്ല. റെയില്‍വെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും വധശ്രമമില്ല. അപ്പോഴും കഴുത്തിലെ കശേരുക്കളില്‍ വേദനയുണ്ടെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പരിയാരം ആശുപത്രിയില്‍ നിന്ന് മണിക്കൂറുകളുടെ ഇടവേളയില്‍ വന്നുകൊണ്ടേയിരുന്നു. അതിന്‍റെ പിറ്റേന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് സ്വന്തം കാറില്‍ മന്ത്രി നാട്ടിലേക്ക് തിരിച്ചു. മൊഴിയെടുക്കാന്‍ അന്വേഷണ സംഘം പലകുറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കേസ് രണ്ടുമാസം പൂര്‍ത്തിയാകുമ്പോഴാണ് മന്ത്രി മൊഴി നല്‍കിയത്. വധശ്രമത്തിന് തെളിവില്ലാത്ത പശ്ചാത്തലത്തില്‍ ആ വകുപ്പ് ഒഴിവാക്കിയാവും റെയില്‍വെ പൊലീസ് കോടതില്‍ കുറ്റപത്രം സമര്‍പ്പിക്കുക.
നീർക്കിളികൾ പാടുമൊരു ദിക്കു കാണാം പ്രകാശനം ഇന്ന്
കരുനാഗപ്പള്ളി. വി.വിമൽ റോയിയുടെ സഞ്ചാര സാഹിത്യ കൃതിയായ നീർക്കിളികൾ പാടുമൊരു ദിക്കുകാണാം ഇന്ന് പ്രകാശിപ്പിക്കും .
വൈകിട്ട് അഞ്ചരക്ക് കരുനാഗപ്പളളി ബോയ്‌സ് ഹൈസ്കൂളിൽ ചേരുന്ന ചടങ്ങിൽ നോവലിസ്റ്റ് ജി.ആർ. ഇന്ദുഗോപൻ പുസ്തകം ജിൻഷ ഗംഗക്ക് കൈമാറും സൈന്ധവ അജിത്കുമാർ അധ്യക്ഷത വഹിക്കും. വിആർ രജനീഷ് മുഖ്യാതിഥി ആയിരിക്കും. ചര്‍ച്ച,അക്ഷരനൃത്തം എന്നിവയുമുണ്ടാകും. താലൂക്ക് ലൈബ്രറി കൗണ്‍സിലാണ് സംഘാടകര്‍.
ശൂരനാട് വടക്ക് ആനയടിയിൽ
ഇരുചക്ര വാഹനത്തിൽ കറങ്ങിനടന്ന് മദ്യവില്പന നടത്തി വന്നയാൾ പിടിയിൽ
ശാസ്‌താംകോട്ട:ശൂരനാട് വടക്ക് ആനയടിയിൽ
ഇരുപക്ര വാഹനത്തിൽ കറങ്ങിനടന്ന് അനധികൃതമായി മദ്യവില്പന നടത്തിവന്നയാൾ പിടിയിൽ.ആനയടി സാധുപുരം വീട്ടിൽ ജയലാൽ (49) ആണ് പിടിയിലായത്.
ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷഫീക്ക്.എസ് ന്റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച രാത്രി 10.30 ഓടെ ഇയ്യാൾ പിടിയിലായത്.മദ്യവില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും,13.5 ലിറ്റർ മദ്യവും,500 രൂപയും പിടിച്ചെടുത്തു.എക്സൈസ്
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഹരികൃഷ്ണൻ പി.വി,സിഇഒമാരായ രാകേഷ്.എം,ജിയോ ജോസ്,വിഷ്ണു.യു എന്നിവർ പങ്കെടുത്തു
ഉപഭോഗം ഉയര്‍ന്നു,സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി
വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി.
ഒരാഴ്ച മുൻപു തന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ തിരുവിതാംകൂർ, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് തുടങ്ങി. എന്നാൽ, ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.
വരും ദിവസങ്ങളിലും ചൂട് തുടർന്നാൽ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങൾ രാത്രിയിൽ വേണ്ടിവന്നേക്കാമെന്നാണ് സൂചന. അതേസമയം, കനത്ത ചൂടിനെ തുടർന്ന് ഇന്ന് 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും (ശനിയാഴ്ച, ഞായറാഴ്ച) താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം.
ചന്ദനപ്പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഉപേക്ഷിച്ചു
പത്തനംതിട്ട.കാതോലിക്കാ ബാവായുടെ ആഹ്വാനം ഏറ്റെടുത്ത് ചന്ദനപ്പള്ളി വലിയ പള്ളി. പ്രശസ്‌തമായ ചന്ദനപ്പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഉപേക്ഷിച്ചു.മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മലങ്കര സഭയുടെ പള്ളികളിൽ ആഘോഷങ്ങൾ ലളിതമാക്കണമെന്ന് ബാവാ നിർദേശിച്ചിരുന്നു
ആഗോള ജോർജിയൻ തീർത്ഥാടന കേന്ദ്രമാണ് ചന്ദനപ്പള്ളി വലിയ പള്ളി. വെടിക്കെട്ടിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാൾ.
വീട്ടിലെ എ.സി തീപ്പിടിച്ചു കത്തി,വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു
പത്തനംതിട്ട കോഴഞ്ചേരിയിൽ വീട്ടിലെ എ.സി തീപ്പിടിച്ചു കത്തി. 78 കാരനായ മാത്യു തോമസിന്റെ വീട്ടിലെ എ സി ആണ് തീപ്പിടിച്ചു കത്തിയത്. പത്തനംതിട്ട യിൽ നിന്നും തിരുവല്ലയിൽ നിന്നും ഫയർ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു സംഭവം.
വീട്ടിലുണ്ടായിരുന്ന മാത്യു തോമസും ഭാര്യ സൂസൻ മാത്യുവും പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി.
തിരുവനന്തപുരത്ത് ദേശീയ കബഡി താരത്തിന് കുത്തേറ്റു
തിരുവനന്തപുരം. ദേശീയ കബഡി താരത്തിന് കുത്തേറ്റു. ദേശീയ കബഡി താരം അമൽജിത്തിനാണ് കുത്തേറ്റത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ബാറിൽ വച്ചാണ് ആക്രമണം നടന്നത്.
വിതുര സ്വദേശിയാണ് ദേശീയ കബഡി ചാമ്പ്യനായ അമൽജിത്ത്
കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ മെഡിക്കൽ കോളേജിന് സമീപമുള്ള റൂബി ബാറിലെ റൂഫ് ടോപ്പിലായിരുന്നു അക്രമം
അമൽജിത്തും സുഹൃത്തും അവിടെ എത്തിയപ്പോൾ മറ്റൊരു ടേബിളിലുള്ള ആറംഗ സംഘത്തിലെ ചിലർ ഇവരെ ഭീഷണിപ്പെടുത്തി
തുടർന്ന് ഒരാൾ ബിയർ കുപ്പി കൊണ്ട് അമൽജിത്തിൻ്റെ തലയ്ക്ക് അടിച്ചു
പൊട്ടിയ കുപ്പി മുതുകിൽ കുത്തി തുടർന്ന് മറ്റൊരാൾ ചവിട്ടി വീഴ്ത്തി
മേശയിൽ ഇടിച്ചുള്ള വീഴ്ചയിൽ നട്ടെല്ലിന് പൊട്ടലുണ്ട്
തലയിൽ ആറും മുതുകിൽ ഒൻപതു സ്റ്റിച്ചുകളും ഉണ്ട്
തുടർന്ന് പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
യാതൊരു മുൻ പരിചയവും ഇല്ലാത്തവർ പ്രകോപനം ഒന്നുമില്ലാതെയാണ് ആക്രമിച്ചതെന്ന് അമൽജിത്ത് പറഞ്ഞു
CCTV ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും മെഡി. കൊളേജ് പൊലീസ് പറഞ്ഞു.





































