Home Blog Page 766

പശ്ചിമബംഗാളിന്‍റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേറ്റു

കൊല്‍ക്കൊത്ത.പശ്ചിമബംഗാളിന്‍റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. കേന്ദ്രമന്ത്രിമാരും മറ്റുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടെ വിവിഐപികളുടെ വലിയൊരു നിരയായിരുന്നു സത്യപ്രതിജ്ഞയ്ക്കെത്തിയത്.

ഗവർണർ ആർ എൻ രവി സത്യവാചകം ചൊല്ലി നൽകിമ്പോൾ ബംഗാളിന്‍റെ ചരിത്രത്തിലെ പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു. നീണ്ട കാലത്തെ സിപിഐഎം ഭരണം. ദീർഘകാലത്തെ തൃണമൂൽ ഭരണം. ഇതിനു ശേഷം ഇനി ബിജെപിയുടെ ഊഴം. മുഖ്യമന്ത്രിക്കൊപ്പം അഞ്ചു മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കിർത്താനിയ, ക്ഷുദിരം തുഡു, നിഷിത് പ്രാമാണിക് എന്നിവർ. സത്യവാചകത്തിനു പിന്നാലെ മുഖ്യമന്ത്രിയെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

മുഖ്യമന്ത്രിയെ നേരിട്ടുള്ള മൽസരത്തിൽ തോൽപ്പിച്ച് മുഖ്യമന്ത്രിയാവുക. അതും ഒരുവട്ടമല്ല, രണ്ടുവട്ടം. 22 വർഷം മമതയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന സുവേന്ദു ഇങ്ങനെ നിരവധി അപൂർവതകളുമായാണ് സത്യപ്രതിജ്ഞചെയ്തത്. ബംഗാളിന്‍റെ സ്വന്തം ജാൽമുരി മധുരം വന്നവർക്കെല്ലാം നൽകാൻ 20 സ്റ്റാളുകളാണ് ബിജെപി തുറന്നത്. ഇന്നത്തെ എല്ലാ മധുരവും സുവേന്ദുവിന്‍റേതായിരുന്നു. ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുവേന്ദു ബംഗാളിന്‍റെ ചരിത്രം മാറ്റുന്നത് അത്ഭുതത്തോടെയും അമ്പരപ്പോടെയുമാണ് ആയിരങ്ങൾ കണ്ടുനിന്നത്. കോൺഗ്രസിൽ തുടങ്ങി മമതയ്ക്കൊപ്പം തൃണമൂൽ സ്ഥാപിച്ച് വളർത്തിയെടുത്ത 22 വർഷങ്ങൾ. അവിടെ നിന്ന് മമതയെ പോലും ഞെട്ടിച്ച് ബിജെപിയിലേക്ക്. നന്ദിഗ്രാമിൽ മമതയെ തോൽപ്പിച്ച 2021ലെ വിസ്മയം. പിന്നെയുള്ള അഞ്ചുവർഷം മുഴുവൻ നിയമസഭയ്ക്ക് അകത്തും പുറത്തും സംഘർഷഭരിതമായിരുന്നു.

അതിനെല്ലാം നേതൃത്വം നൽകിയത് സുവേന്ദുവും ആയിരുന്നു. ഇനിയുള്ള ദിവസങ്ങളും സുവേന്ദുവിന് സംഘർഷഭരിതമാകാം. സ്വന്തം പഴ്സണൽ അസിസ്റ്റന്‍റ് വെടിയേറ്റ് മരിച്ചതിനുൾപ്പെടെയുള്ള കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ട്. നിരവധി അതിക്രമങ്ങൾക്ക് നിയമവഴിയിലൂടെ മറുപടി നൽകേണ്ടതുണ്ട്. മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവയ്ക്കാൻ കൂട്ടാക്കാതെ നിന്ന മമത കലഹവുമായി ഇനിയുള്ള ദിവസങ്ങളിലും ബംഗാളിൽ സജീവമാകും. സിപിഐഎമ്മിനെ എങ്ങനെ സമ്മർദത്തിലാക്കിയോ ആ വഴി തന്നെ ഇനിയും പ്രതീക്ഷിക്കാം. പക്ഷേ, ക്ഷീണിതയായ മമതയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ബിജെപിയെ എത്രമാത്രം പ്രതിസന്ധിയിലാക്കാൻ കഴിയും എന്നതാണ് ബംഗാളിൽ ഉയരുന്ന ചോദ്യം.

റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍… വായില്‍ തുണി തിരുകിയ നിലയില്‍

ആന്ധ്രപ്രദേശ് കേഡറിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ വിനയ് രഞ്ജന്‍ റേയുടെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജൂബിലി ഹില്‍സിലെ പ്രശാസന്‍ നഗറിലുള്ള വസതിയിലാണ് തനുജ രഞ്ജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 62 വയസ്സുകാരിയായ തനുജ രഞ്ജനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നു. വീട്ടിലെ നേപ്പാള്‍ സ്വദേശിയായ ജോലിക്കാരി ആസൂത്രണം ചെയ്ത കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിനയ് രഞ്ജന്‍ റേ 2019ല്‍ ജയില്‍ ഡിജിപി ആയാണ് വിരമിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വിനയ് രഞ്ജന്‍ റേ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ബംഗളൂരുവിലായിരുന്ന സമയത്താണ് കൃത്യം നടന്നത്. ഈ സമയത്ത് തനുജയും രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ 9:15-ഓടെ മറ്റൊരു വീട്ടുജോലിക്കാരി എത്തിയപ്പോള്‍ മകള്‍ സുനന്ദ വാതില്‍ തുറന്നു. സ്ഥിരം ജോലിക്കാരിയായ കല്‍പ്പനയെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമ്മയെ മുറിയില്‍ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത്.

വായില്‍ തുണി തിരുകിയ നിലയിലായിരുന്നു തനുജ. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നും ചുണ്ടിലും കൈത്തണ്ടയിലും മുറിവുകളുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുലര്‍ച്ചെ ഏകദേശം 2 മണിയോടെയാണ് കൊലപാതകം നടന്നത്.

വിനയ് രഞ്ജന്റെ അമ്മയെ പരിചരിക്കാന്‍ നിന്ന കല്‍പ്പന എന്ന ജോലിക്കാരിയാണ് കൊലപാതകത്തിന് സൗകര്യമൊരുക്കിയതെന്ന് പൊലീസ് പറയുന്നു. ഇവര്‍ നിലവില്‍ ഒളിവിലാണ്. സിസിടിവി ദൃശ്യങ്ങളില്‍ പുലര്‍ച്ചെ ഒരു മണിയോടെ മൂന്ന് പുരുഷന്മാര്‍ വീട്ടില്‍ കയറുന്നതും 2:30-ഓടെ മാരകായുധങ്ങളും ഒരു ബാഗുമായി പുറത്തുപോകുന്നതും പതിഞ്ഞിട്ടുണ്ട്. പ്രതികള്‍ ഓട്ടോറിക്ഷയില്‍ നമ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും അവിടെനിന്ന് തെലങ്കാന എക്സ്പ്രസ്സില്‍ നാഗ്പുര്‍ ഭാഗത്തേക്ക് കടന്നതായും പൊലീസ് കണ്ടെത്തി.

ട്രെയിനില്‍ അപ്പൂപ്പനൊപ്പം ഉറങ്ങി കിടന്ന 6 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചയാൾ പിടിയിൽ

6 വയസ്സുകാരിക്ക് ട്രെയിനില്‍ വച്ച് ക്രൂരപീഢനം
പ്രതി കൊല്ലം സ്വദേശി സാനീഷ് (40) പിടിയില്‍

അപ്പൂപ്പനൊപ്പം ഉറങ്ങി കിടന്ന പെണ്‍കുട്ടിയ പ്രതി എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
പ്രതിയെ പുനലൂര്‍ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു

കേരളത്തിലെ എട്വത്വ പള്ളിയിലേക്ക് തീര്‍ത്ഥാടന യാത്രയ്ക്ക് ശേഷം തിരിച്ച് ട്രെയിനില്‍ തിരുവല്ലയില്‍ നിന്നും തെങ്കാശിയിലേക്ക് പോകുകയായരുന്ന ആറ് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയാണ് പീഢിപ്പിക്കപ്പെട്ടത്.

തമിഴ്‌നാട് സ്വദേശിയായ അപ്പൂപ്പനൊപ്പമായിരുന്നു പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. രാത്രി ഒന്നര മണിക്ക് അപ്പൂപ്പനൊപ്പം ട്രയിനില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി അപ്പൂപ്പന്‍ അറിയാതെ എടുത്തുകൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

യാത്രക്കാരിയായ സ്ത്രീ സംഭവം കാണുകയും മൊബൈലില്‍ വീഡിയോ ചിത്രീകരിക്കുകയും തുടര്‍ന്ന് റയില്‍വെ പോലീസില്‍ അറിയിക്കുകയും ചെയ്യുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് പുനലൂര്‍ റയില്‍വെ പോലീസ് എസ്‌ഐ പികെ പ്രദീപിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൊല്ലം അയത്തില്‍ സ്വദേശിയായ 40 വയസ്സുള്ള സാനീഷ് മുമ്പും പല കുറ്റ കൃത്യങ്ങളിലും പ്രതിയാണ്.

പ്രകടനം മാത്രമല്ല,വി ഡി സതീശൻ മുഖ്യമന്ത്രിയാകട്ടെയെന്ന് പ്രാർത്ഥിച്ച് ആലുവ മഹാദേവ ക്ഷേത്രത്തിൽ പൂജകൾ

കൊച്ചി: സംസ്ഥാനത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ എത്തുന്നതിനായി ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതിസേവ, മൃത്യുഞ്ജയഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ പൂജകളാണ് നടന്നത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോം ആണ് 955 രൂപയടച്ച് പൂജകൾ നടത്തിയത്. അബുദാബിയിൽ ജോലി ചെയ്യുന്ന തരുൺ സുഹൃത്ത് മുഖേനെയാണ് വഴിപാടുകൾ കഴിപ്പിച്ചത്. തെരുവിൽ പരസ്യ പ്രകടനങ്ങൾ പാടില്ലെന്ന കെ.പി.സി.സി നിർദ്ദേശം തള്ളി വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വീണ്ടും പ്രകടനം നടത്തിയിരുന്നു.

കോഴിക്കോട്,​ തൃശൂർ,​ തിരുവനന്തപുരം,​ മലപ്പുറം,​ കോട്ടയം ജില്ലകളിലാണ് പ്രകടനം നടന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ എന്നായിരുന്നു പ്രകടനങ്ങളിൽ പ്രധാനമായും മുഴങ്ങിക്കേട്ടത്. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്.

പ്രകടനങ്ങളും ഫ്ലക്സ് ബോർ‌ഡുകളും ഒഴിവാക്കണമെന്ന് പ്രവർത്തകരോട് വി ഡി സതീശൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു. 102 സീറ്റുമായി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രവിജയം നമ്മൾ നേടിയെന്നും ഈ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.

മുഖ്യൻ ആരായാലും ഐഎഎസ്, ഐപിഎസ് സമഗ്ര അഴിച്ചുപണി ഉറപ്പ്

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ ഐഎഎസ്, ഐപിഎസ് തലത്തിലെ മാറ്റത്തിലും സജീവ ചർച്ച. പിണറായി വിജയൻ സർക്കാരിൽ പ്രധാന പദവിയിലിരുന്ന പല മുതിർന്ന ഉദ്യോഗസ്ഥർക്കും സ്ഥാന ചലനം ഉണ്ടാകും. യോഗേഷ് ഗുപ്തയെ വീണ്ടും വിജിലൻസ് ഡയറക്ടറാക്കാനുള്ള നീക്കവുമുണ്ട്.

മുഖ്യൻ ആരായാലും പൊതുഭരണത്തിലും പൊലീസിലും സമഗ്ര അഴിച്ചുപണി ഉറപ്പ്. അടുത്ത മാസം 30ന് ചീഫ് സെക്രട്ടറി ജയതിലക് വിരമിക്കും. സീനിയർ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ്. സിൻഹയോട് യുഡിഎഫിന് വലിയ താൽപര്യമില്ല. സിൻഹയുടെ അതേ ബാച്ചിൽപ്പെട്ട സഞ്ജീവ് കൗശിക് കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തി. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് തിരികെ എത്തിച്ച് മനോജ് ജോഷിയെ ചീഫ് സെക്രട്ടറിയാക്കാനും ആലോചനയുണ്ട്. സിൻഹക്ക് ആഭ്യന്തരം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

കെ എം എബ്രഹാമിനെതിരായ അധികൃത സ്വത്തു സമ്പാദന കേസിലെ ഫയലുകള്‍ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ സിബിഐക്ക് കൈമാറിയതിന് വിജിലൻസ് ഡയറക്ടർ സ്ഥനത്തു നിന്നും മാറ്റിയ യോഗേഷ് ഗുപ്തയെ തിരികെ കൊണ്ടുവരണമെന്നാണ് ചില ഉദ്യോഗസ്ഥരുടെ താൽപര്യം. ഗുപ്ത വിജലൻസ് ഡയറക്ടായി മടങ്ങിയെത്തുമെന്ന സൂചനയുമായി ബി അശോക് ഐഎഎസുകാരുടെ ഗ്രൂപ്പിൽ കമന്‍റിട്ടു.

കുറച്ചുകാലമായി ക്രമസമാധാനത്തിന്‍റെയും ക്രൈം ബ്രാഞ്ചിന്‍റെയും ചുമതല എഡിജിപി എച്ച് വെങ്കിടേഷനാണ്. ഇൻറലിജൻസിൽ നിന്ന് പി വിജയൻ ക്രമസമാധന ചുമതലയിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇന്‍റലിജന്‍സിലേക്ക് എഡിജിപി ദിനേന്ദ്ര കശ്യപ് എത്തിയേക്കും. പൊലീസ് ആസ്ഥാന എഡിജിപിയായി ഗുഗുലത്ത് ലക്ഷ്മണയെ കൊണ്ടുവരാൻ നീക്കമുണ്ട്. രണ്ടു മാസം മുമ്പ് ചേർന്ന് കമ്മിറ്റി യോഗം എം ആർ അജിത് കുമാറിൻെറ സ്ഥാനകയറ്റം പരിഗണിച്ചില്ല. വിജിലൻസ് കേസായിരുന്നു കാരണം. ഇനി ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റി അജിത് കുമാറിനെ പരിഗണിക്കുമോ, സ്ഥാനകയറ്റം നൽകുകയാണെങ്കിൽ എന്ത് തസ്തികയിൽ നിയമിക്കും എന്നത് ശ്രദ്ധയമാകും. എല്ലാ ജില്ലാ പൊലീസ് മേധാവിമാരെയും മാറ്റും.

കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റും? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് രാജ്‌‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: യുഡിഎഫിലെ മുഖ്യമന്ത്രിപ്പോരിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം പി രാജ്‌‌മോഹൻ ഉണ്ണിത്താൻ. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വിഭാഗീയ പ്രവർത്തനമാണ്. സംഘടനാ മര്യാദകൾ പാലിക്കണം. തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി.

തെരുവിലെ കളി പ്രവർത്തകർ അവസാനിപ്പിക്കണം. ഉമ്മൻ ചാണ്ടിയുടെ ഫ്ളക്‌സ് കീറിയവർ കോൺഗ്രസുകാരല്ല. കെ സി വേണുഗോപാലിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രമുണ്ടെങ്കിൽ അതും നശിപ്പിക്കുമായിരുന്നു. സംഘടനാ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റും? കേരളത്തിലെ ഒരു കോൺഗ്രസ് നേതാക്കളും മിണ്ടുന്നില്ല. സമൂഹമാദ്ധ്യമങ്ങളിൽ ആക്രമിക്കപ്പെടുമെന്ന് നേതാക്കൾക്ക് പേടിയാണ്.

മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി നേതാക്കൾക്ക് അവസാനം വരെ പൊരുതാം. തെരുവ് യുദ്ധം നടത്തരുത്. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ഒരു എതിർശബ്ദവും ഉയരില്ല.മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അഭിപ്രായം പറയാൻ ലീഗ് ഉൾപ്പെടെ എല്ലാവർക്കും അവകാശമുണ്ട്. അവകാശമില്ലെന്ന് ഒരു നേതാവിനും പറയാനാകില്ല. അങ്ങനെ പറഞ്ഞവരുടെ പാരമ്പര്യം എല്ലാവർക്കും അറിയാം. അൽപന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കുമെന്നാണ് സ്ഥിതി’- രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ആര് ചിരിക്കും?ഡൽഹിയിലേക്ക് കണ്ണ് നട്ട് കേരളം, ഇന്നത്തെ ചർച്ചകൾ നിർണ്ണായകം

തിരുവനന്തപുരം : കേരളത്തിൻ്റെ എല്ലാ കണ്ണുകളും ഇപ്പോൾ ഡൽഹിയിലേക്ക്. നമ്പർ കളിച്ചാൽ കെ സി, പൊതുവികാരം വിഡി, പരിചയസമ്പന്നത ആർ സി എന്ന നിലയിൽ കാര്യങ്ങൾ നീങ്ങുമ്പോൾ വരും മണിക്കൂറുകളിൽ എന്ത് സംഭവിക്കും എന്ന ആകുലതയിലാണ് രാഷ്ട്രീയ കേരളം.

കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിർദേശമില്ല. എന്നാൽ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളക്കെ നയിച്ച വിഡി സതീശന് അനുകൂലമാണ്. എന്നാൽ എംഎൽമാരിലും പാർട്ടിയിലും സതീശന് പിന്തുണ കുറവാണ്.
അതേസമയം, ഘടക കക്ഷികൾ സതീശനൊപ്പമുണ്ടെന്നതും ശ്രദ്ധയേമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 63 എംഎൽഎമാരിൽ 47 പേർ കെസിക്ക് ഒപ്പം ഉറച്ചുനിന്നപ്പോൾ ഹൈക്കമാൻഡിൻറെ തീരുമാനത്തിനൊപ്പമെന്ന് പത്ത് എംഎൽഎമാർ പറഞ്ഞു. വിഡി സതീശൻ ഏതറ്റം വരെ പോകും എന്നറിയാനാകും ഇന്ന് ഹൈക്കമാൻഡ് ശ്രമിക്കുക. താൻ സ്വമേധയാ പിന്മാറില്ലെന്ന് കെ സി വേണുഗോപാൽ നേതൃത്വത്തെ അറിയിച്ചു. പ്രതിഷേധമെന്ന പേരിൽ കേരളത്തിൽ നടക്കുന്നത് ആസൂത്രിത നീക്കമെന്ന് അദ്ദേഹം ഉന്നത നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എതിർചേരികൾ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും കെസിക്ക് പരാതിയുണ്ട്.

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിര്‍ണായക ദിനമാണ്. ദില്ലിയിലെത്തിയ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. തര്‍ക്കം കൂടാതെ പ്രശ്നം പരിഹരിച്ചാല്‍ വൈകുന്നേരത്തോടെ പ്രഖ്യാപനം വന്നേക്കാം. അത് എന്താകും എന്ന
കൂട്ടികിഴിക്കലുകളിലാണ് രാഷ്ട്രീയ നിരീക്ഷകർ. 10 വർഷം കാത്തിരുന്ന ശേഷം പൊതു സമൂഹം കോൺഗ്രസിന് ഒപ്പമായതിൻ്റെ ഗുണം കളഞ്ഞ് കുളിക്കുമോ എന്ന് ഡൽഹി ചർച്ചകളിൽ നിന്ന് അറിയാം.

കൊല്ലം കാരി അദ്വൈത ബാംഗ്ളൂരിലേക്കുപോയത് റേഡിയോളജി പഠിക്കാന്‍, ഇപ്പോള്‍ കാമുകനൊപ്പം കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ രാജ്ഞി

കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന കണ്ണിയിലെ പ്രധാനികളായ യുവാവും കാമുകിയും പിടിയിൽ

ശാസ്‌താംകോട്ട:കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാനികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.ഫെബ്രുവരിയിൽ 23ഗ്രാം എംഡിഎംഎയുമായി മൈനാഗപ്പള്ളി ഐസിഎസ് ജംഗ്ഷനിൽ നിന്നും യുവതിയെ പിടികൂടിയിരുന്നു.ഈ കേസിൽ രണ്ടാം പ്രതിയായ ഷംനാദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ബംഗ്ലൂരിൽ തെളിവെടുപ്പിന് കൊണ്ടു പോയപ്പോൾ ഇയ്യാൾക്ക് രാസലഹരി കൈമാറിയ സംഘത്തിലെ മൂന്ന് പേരെ പിടികൂടിയിരുന്നു.ഇവരിൽ രണ്ട് പേർ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും മറ്റൊരാൾ കർണാടക ഷിമോഗ സ്വദേശിയുമായിരുന്നു.ഇവരെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് കയറ്റി അയക്കുന്ന സംഘത്തിലെ അംഗങ്ങൾ പിടിയിലായത്.

കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ അദ്വൈത (27),കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്.സംസ്ഥാനത്തേക്ക് ഇവർ വർഷങ്ങളായി വൻ തോതിൽ രാസലഹരി കയറ്റുമതി ചെയ്യുന്നുണ്ടായിരുന്നു.സിജാഹിനെ മുൻപും പോലീസ് പിടികൂടിയിട്ടുള്ള പ്രതിയാണ്.ഇയ്യാൾ മൂന്ന് എൻഡിപിഎസ് കേസുകളിൽ പ്രതിയാണ്.തിരുവനന്തപുരം അമരവിളയിൽ 75 ഗ്രാം എംഡിഎംഎ
പിടികൂടിയ കേസിലും കണ്ണൂരിലും ഇരിട്ടിയിലും എംഡിഎംഎ എക്സൈസ് പിടികൂടിയ കേസിലും സിജാഹിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ബംഗ്ലൂരിൽ റേഡിയോളജി വിദ്യാർത്ഥിനിയാണ് അദ്വൈത.കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദിപിന്റെ മേൽനോട്ടത്തിൽ ശാസ്താംകോട്ട പ്രസാദ്,ശാസ്താംകോട്ട എസ്എച്ച്ഒ മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ശരത് കെ.പി,എഎസ്ഐ ബിജു കെ.ആർ,സിപിഒമാരായ അഖിൽ ചന്ദ്രൻ,ഫൈസൽ,വിപിൻ കുമാർ,വുമൺ
സിപിഒ അഞ്ചു എന്നിവർ ചേർന്നാണ് വ്യാജ പേരിൽ ഫ്ലാറ്റ് എടുത്ത് താമസിക്കുകയായിരുന്ന കമിതാക്കളായ പ്രതികളെ ബംഗ്ലൂരിൽ നിന്നും പിടികൂടിയത്

പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി,സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.

കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എട്ടു നിര്‍ദേശങ്ങളാണ് വന്നതെന്നും എല്ലാറ്റിലും സുവേന്ദുവിന്റെ പേരുമാത്രമാണ് ഉണ്ടായിരുന്നതെന്നും യോഗത്തില്‍ മുഖ്യനിരീക്ഷകനായി പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

രണ്ടാമതൊരു പേരുകൂടി പറയാനുള്ള സാവകാശം നല്‍കിയിരുന്നെങ്കിലും മറ്റു പേരൊന്നും ഉയരാത്തതിനാല്‍ സുവേന്ദുവിന്റെ പേരു തന്നെ നിശ്ചയിക്കുകയായിരുന്നെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ഒഡിഷ മുഖ്യമന്ത്രി മോഹന്‍ചരണ്‍ മാജി സഹനിരീക്ഷകനായിരുന്നു.

സുവേന്ദുവിന്റെ രാഷ്ട്രീയ വളര്‍ച്ച

തന്റെ മുന്‍ നേതാവായ മമതാ ബാനര്‍ജിയെ നന്ദിഗ്രാമിലും ഭവാനിപുരിലും പരാജയപ്പെടുത്തിയ സുവേന്ദുവിന്റെ രാഷ്ട്രീയ വളര്‍ച്ച ഉദ്വേഗജനകമാണ്. കോണ്‍ഗ്രസിലും തൃണമൂലിലും പ്രവര്‍ത്തിച്ച് പരിചയമുള്ള അദ്ദേഹം, ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍വരെ സ്വാധീനമുള്ള നേതാവാണ്. സുവേന്ദുവിന്റെ രാഷ്ട്രീയ യാത്രയിലെ ആദ്യകാല വഴിത്തിരിവുകളിലൊന്ന് 2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കല്‍ പ്രതിഷേധമായിരുന്നു. അന്നത്തെ ഇടത് മുന്നണി സര്‍ക്കാരിനെതിരായ സമരത്തിന്റെ പ്രധാന മുഖമെന്ന നിലയില്‍ സുവേന്ദുവിന് സംസ്ഥാനത്തുടനീളം പ്രശസ്തി ലഭിച്ചു. നന്ദിഗ്രാമിലെ ഇടതുവിരുദ്ധ പ്രസ്ഥാനം ഇടത് പക്ഷത്തിന്റെ ഗ്രാമീണ അടിത്തറയെ ഗണ്യമായി ദുര്‍ബലപ്പെടുത്തുകയും മമതാ ബാനര്‍ജിയുടെയും അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വളര്‍ച്ചയ്ക്ക് കരുത്തേകുകയും ചെയ്തു.

പിന്നീട് ദക്ഷിണ ബംഗാളിലും ജംഗിള്‍ മഹലിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തരായ സംഘാടകരില്‍ ഒരാളായി സുവേന്ദു ഉയര്‍ന്നു വന്നു. 2009-ല്‍ തംലൂക്കില്‍ നിന്നുള്ള ലോക്‌സഭാ എംപിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഗതാഗത മന്ത്രിയായി സംസ്ഥാന മന്ത്രിസഭയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ വര്‍ധിച്ചുവരുന്ന സംഘടനാ സ്വാധീനം സംസ്ഥാനത്തെ പല ഗ്രാമീണ മേഖലകളിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടിത്തറ വികസിപ്പിക്കാന്‍ സഹായിച്ചു.

ഭരണകക്ഷിക്കുള്ളിലെ തര്‍ക്കങ്ങള്‍ക്കിടയില്‍ 2020 ഡിസംബറില്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവ്. സുവേന്ദുവിന്റെ ഈ നീക്കം 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് ശക്തമായ ഒരു ‘ബംഗാളി മുഖം’ നല്‍കുകയും സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രചാരണത്തിന് വലിയ കരുത്ത് പകരുകയും ചെയ്തു.

ഹൈ-പ്രൊഫൈല്‍ പോരാട്ടം നടന്ന നന്ദിഗ്രാമില്‍ മമതാ ബാനര്‍ജിയെ പരാജയപ്പെടുത്തിയതോടെ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സുവേന്ദുവിന്റെ കരിയറിലെ മറ്റൊരു നിര്‍ണായക അധ്യായമായി മാറി. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സുവേന്ദുവിന്റെ വിജയം പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെടുത്തി. പിന്നാലെ അദ്ദേഹം നിയമസഭയിലെ പ്രതിപക്ഷ നേതാവായി നിയമിതനായി. ആദ്യം കോണ്‍ഗ്രസിന്റേയും പിന്നീട് തൃണമൂലിന്റേയും ശേഷം ബിജെപിയുടേയും നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ശിശിര്‍ അധികാരിയുടെയും ഗായത്രി അധികാരിയുടെയും മകനായി 1970ല്‍ ജനിച്ച സുവേന്ദു അച്ഛന്റെ അതേ വഴിയിലൂടെയാണ് രാഷ്ട്രീയത്തിലും വളര്‍ന്നത്.

പയ്യന്നൂരിൽ പാർട്ടി തോറ്റു,ഇനി എന്തു ചെയ്യും, വൈകാരിക കുറിപ്പുമായി ബോംബേറ് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഭാര്യ

കണ്ണൂര്‍. വൈകാരിക കുറിപ്പുമായി ബോംബേറ് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഭാര്യ.പയ്യന്നൂരിൽ സിപിഎം പ്രവർത്തകൻ ടി സി വി നന്ദകുമാന്റെ ഭാര്യ ശരണ്യ നന്ദകുമാറിന്റെതാണ് കുറിപ്പ്. പോലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവ് ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ ആണ് നന്ദകുമാർ

കഴിഞ്ഞ നാല് ദിവസമായി എന്ത് ചെയ്യണമെന്ന് അറിയാതെ ആധിയിലാണ്. പയ്യന്നൂരിൽ പാർട്ടി തോറ്റു. എല്ലാം പാർട്ടി നോക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ ഇപ്പോൾ പേടിയാണെന്ന് ശരണ്യയുടെ ഫേസ്ബുക് കുറിപ്പ്. ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് പയ്യന്നൂർ നഗരസഭ തെരെഞ്ഞെടുപ്പിലേക്ക് മത്സരിച്ചു ജയിച്ചിരുന്നു