Home News Breaking News പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി,സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി,സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Advertisement

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.

കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എട്ടു നിര്‍ദേശങ്ങളാണ് വന്നതെന്നും എല്ലാറ്റിലും സുവേന്ദുവിന്റെ പേരുമാത്രമാണ് ഉണ്ടായിരുന്നതെന്നും യോഗത്തില്‍ മുഖ്യനിരീക്ഷകനായി പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

രണ്ടാമതൊരു പേരുകൂടി പറയാനുള്ള സാവകാശം നല്‍കിയിരുന്നെങ്കിലും മറ്റു പേരൊന്നും ഉയരാത്തതിനാല്‍ സുവേന്ദുവിന്റെ പേരു തന്നെ നിശ്ചയിക്കുകയായിരുന്നെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ഒഡിഷ മുഖ്യമന്ത്രി മോഹന്‍ചരണ്‍ മാജി സഹനിരീക്ഷകനായിരുന്നു.

സുവേന്ദുവിന്റെ രാഷ്ട്രീയ വളര്‍ച്ച

തന്റെ മുന്‍ നേതാവായ മമതാ ബാനര്‍ജിയെ നന്ദിഗ്രാമിലും ഭവാനിപുരിലും പരാജയപ്പെടുത്തിയ സുവേന്ദുവിന്റെ രാഷ്ട്രീയ വളര്‍ച്ച ഉദ്വേഗജനകമാണ്. കോണ്‍ഗ്രസിലും തൃണമൂലിലും പ്രവര്‍ത്തിച്ച് പരിചയമുള്ള അദ്ദേഹം, ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍വരെ സ്വാധീനമുള്ള നേതാവാണ്. സുവേന്ദുവിന്റെ രാഷ്ട്രീയ യാത്രയിലെ ആദ്യകാല വഴിത്തിരിവുകളിലൊന്ന് 2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കല്‍ പ്രതിഷേധമായിരുന്നു. അന്നത്തെ ഇടത് മുന്നണി സര്‍ക്കാരിനെതിരായ സമരത്തിന്റെ പ്രധാന മുഖമെന്ന നിലയില്‍ സുവേന്ദുവിന് സംസ്ഥാനത്തുടനീളം പ്രശസ്തി ലഭിച്ചു. നന്ദിഗ്രാമിലെ ഇടതുവിരുദ്ധ പ്രസ്ഥാനം ഇടത് പക്ഷത്തിന്റെ ഗ്രാമീണ അടിത്തറയെ ഗണ്യമായി ദുര്‍ബലപ്പെടുത്തുകയും മമതാ ബാനര്‍ജിയുടെയും അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വളര്‍ച്ചയ്ക്ക് കരുത്തേകുകയും ചെയ്തു.

പിന്നീട് ദക്ഷിണ ബംഗാളിലും ജംഗിള്‍ മഹലിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തരായ സംഘാടകരില്‍ ഒരാളായി സുവേന്ദു ഉയര്‍ന്നു വന്നു. 2009-ല്‍ തംലൂക്കില്‍ നിന്നുള്ള ലോക്‌സഭാ എംപിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഗതാഗത മന്ത്രിയായി സംസ്ഥാന മന്ത്രിസഭയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ വര്‍ധിച്ചുവരുന്ന സംഘടനാ സ്വാധീനം സംസ്ഥാനത്തെ പല ഗ്രാമീണ മേഖലകളിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടിത്തറ വികസിപ്പിക്കാന്‍ സഹായിച്ചു.

ഭരണകക്ഷിക്കുള്ളിലെ തര്‍ക്കങ്ങള്‍ക്കിടയില്‍ 2020 ഡിസംബറില്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവ്. സുവേന്ദുവിന്റെ ഈ നീക്കം 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് ശക്തമായ ഒരു ‘ബംഗാളി മുഖം’ നല്‍കുകയും സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രചാരണത്തിന് വലിയ കരുത്ത് പകരുകയും ചെയ്തു.

ഹൈ-പ്രൊഫൈല്‍ പോരാട്ടം നടന്ന നന്ദിഗ്രാമില്‍ മമതാ ബാനര്‍ജിയെ പരാജയപ്പെടുത്തിയതോടെ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സുവേന്ദുവിന്റെ കരിയറിലെ മറ്റൊരു നിര്‍ണായക അധ്യായമായി മാറി. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സുവേന്ദുവിന്റെ വിജയം പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെടുത്തി. പിന്നാലെ അദ്ദേഹം നിയമസഭയിലെ പ്രതിപക്ഷ നേതാവായി നിയമിതനായി. ആദ്യം കോണ്‍ഗ്രസിന്റേയും പിന്നീട് തൃണമൂലിന്റേയും ശേഷം ബിജെപിയുടേയും നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ശിശിര്‍ അധികാരിയുടെയും ഗായത്രി അധികാരിയുടെയും മകനായി 1970ല്‍ ജനിച്ച സുവേന്ദു അച്ഛന്റെ അതേ വഴിയിലൂടെയാണ് രാഷ്ട്രീയത്തിലും വളര്‍ന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here