കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിൽ വിമത ശബ്ദമുയർത്തിയ നേതാക്കൾക്കിടയിൽ വലിയ ഭിന്നത ഉടലെടുത്തതായി വിവരം. മമത ബാനർജിയുടെ നേതൃത്വത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് ഋതബ്രത ബാനർജിക്കൊപ്പം നിന്ന പന്ത്രണ്ടിലധികം) വിമത എം.എൽ.എമാർ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്താൻ ആലോചിക്കുന്നതായാണ് വിവരം. തങ്ങളുടെ രാഷ്ട്രീയ ഭാവി ഓർത്ത് ഈ എംഎൽഎമാർ ആശങ്കാകുലരാണെന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
മമതയോടുള്ള എതിർപ്പ് തുടരുന്നത് ഗുണം ചെയ്യില്ലെന്ന് കരുതുന്ന ഇവർ വിമത ക്യാംപ് വിട്ട് തിരികെ മമത ബാനർജിക്കൊപ്പം നിൽക്കാൻ ആലോചിക്കുന്നതായാണ് വിവരം. ഇപ്പോഴത്തെ വിമത നീക്കങ്ങൾ തങ്ങളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുമെന്ന ഭയം ഇവർക്കുണ്ട്. മമത ബാനർജിയുടെ ജനസ്വാധീനവും പാർട്ടിയിലെ അപ്രമാദിത്വവും നേരിടുക എളുപ്പമല്ലെന്ന് ഇവർ കരുതുന്നു. പാർട്ടി വിട്ടുപോയാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിജയിക്കുക പ്രയാസകരമാകുമെന്നാണ് ഇവർ കരുതുന്നത്. വോട്ട് നൽകി ജയിപ്പിച്ച ജനങ്ങൾക്കിടയിൽ നിന്ന് എതിർപ്പുണ്ടാവാനുള്ള സാധ്യതയാണ് ഇവരെ തിരിച്ച് ചിന്തിപ്പിക്കുന്നത്.
അതേസമയം മമത ക്യാംപിൽ കാര്യങ്ങൾ ഒട്ടും തന്നെ അനുകൂലമല്ലെന്നാണ് ഡൽഹിയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക്‌സഭയിലും രാജ്യസഭയിലുമായി 20 ഓളം തൃണമൂൽ എംപിമാർ ബിജെപിയുമായി ചർച്ച നടത്തുകയാണെന്നും അവർ ഏത് നിമിഷവും ബിജെപിയിലേക്ക് ചേക്കേറുമെന്നുമാണ് റിപ്പോർട്ട്. അങ്ങനെ വന്നാൽ നിലവിൽ പാർലമെൻ്റിൽ പ്രതിപക്ഷ നിരയിൽ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവുമധികം അംഗങ്ങളുള്ള തൃണമൂലിന് അത് വലിയ തിരിച്ചടിയായിരിക്കും.



































