29.9 C
Kollam
Saturday 5th September, 2026 | 03:31:40 PM
Home News Breaking News കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ 21-കാരൻ പിടിയില്‍… കൊലയ്ക്ക് കാരണം വ്യക്തി വൈരാഗ്യം

കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ 21-കാരൻ പിടിയില്‍… കൊലയ്ക്ക് കാരണം വ്യക്തി വൈരാഗ്യം

കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധു പിടിയില്‍. പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജു(38)വിനെ കൊലപ്പെടുത്തിയ കേസിലാണ് അടുത്ത ബന്ധുവായ കുറ്റിയില്‍താഴീതെക്കിനേടത്ത് മീത്തല്‍ ദീപക് (21) പിടിയിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് നിഗമനം. മാനസികാസ്വാസ്ഥ്യമുള്ള പ്രതിയെ കൊല്ലപ്പെട്ട ബിജു ബലം പ്രയോഗിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി. ഇതാണ് പകയുടെ കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ബിജു ഉറങ്ങിക്കിടക്കുന്നതിനിടെ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം ആയുധവുമായി എത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ബിജുവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ 45 മുറിവുകളാണുണ്ടായിരുന്നത്. കൊലപാതകത്തിനിടെ പ്രതിയുടെ കൈയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിജുവിന്റെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് ഇയാള്‍ സമീപത്തുണ്ടായിരുന്നു. സിസിടിവി ദ്യശ്യങ്ങളും സാഹചര്യ തെളിവുകളുമാണ് പ്രതിയിലേയ്ക്ക് എത്താന്‍ പൊലീസിന് സഹായകരമായത്. കൊലപാതകത്തില്‍ ലഹരിമാഫിയയ്ക്ക് പങ്കുണ്ടെന്ന അഭ്യൂഹം പൊലീസ് നേരത്തെ തള്ളിയിരുന്നു.